ചേറടിഞ്ഞ് ഏഷ്യയിലെ ഏറ്റവും വലിയ മനുഷ്യനിര്‍മിത തടാകം
കണ്ണൂര്‍: ഏഷ്യയിലെ തന്നെ മനുഷ്യനിര്‍മിതമായ ഏറ്റവും വലിയ തടാകമെന്നറിയപ്പെടുന്ന കണ്ണൂരിലെ ചിറക്കല്‍ ചിറ പായലും ചേറും നിറഞ്ഞ് നശിക്കുന്നു. രണ്ടുവര്‍ഷം മുന്‍പ് സംസ്ഥാന സര്‍ക്കാരിന്റെ ഹരിതകേരളം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നടന്നത് ചിറക്കല്‍ ചിറ നവീകരിച്ചുകൊണ്ടായിരുന്നു. ചിറയിലെ പായലും മറ്റും എടുത്തുമാറ്റി ശുചീകരിച്ച് മാസങ്ങള്‍ക്കുള്ളില്‍ ചിറ വീണ്ടും പഴയതുപോലെയായി.
രണ്ടാംഘട്ടത്തില്‍ ചിറ നവീകരിച്ച് സംരക്ഷിക്കുന്നതിന് വിപുലമായ പദ്ധതി ജില്ലാ ഭരണകൂടം തയാറാക്കി സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിച്ചതിനെത്തുടര്‍ന്ന് ഒരു വര്‍ഷം മുന്‍പ് ചിറ നവീകരണത്തിന് 2.35 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചിരുന്നു. എന്നാല്‍ പിന്നീട് ചിറക്കല്‍ ചിറയുടെ ഭാഗത്തേക്ക് അധികൃതര്‍ തിരിഞ്ഞുനോക്കിയിട്ടില്ല. 14 ഏക്കറിലധികം വിശാലതയോടെ പരന്നുകിടക്കുന്ന ഈ ചിറ ഉള്‍ക്കൊള്ളുന്ന പഞ്ചായത്തിന് ചിറക്കല്‍ എന്ന പേരു വന്നത് ചിറക്കല്‍ ചിറയിലൂടെയാണ്. ചിറക്കല്‍ പഞ്ചായത്തിനെക്കുറിച്ച് പണ്ട് രചിക്കപ്പെട്ട ചെറുശ്ശേരിക്കല്ല് എന്ന പുസ്തകത്തില്‍ ഏഷ്യയിലെ ഏറ്റവും വലിയ മനുഷ്യനിര്‍മിത തടാകമായി ചിറക്കല്‍ ചിറയെ വിശേഷിപ്പിക്കുന്നുണ്ട്.
ഏപ്രിലിലെ കത്തുന്ന വേനലിലും ചിറക്കല്‍ ചിറയില്‍ വെള്ളമുണ്ടെങ്കിലും മുകള്‍പ്പരപ്പില്‍ മുഴുവന്‍ പായലും ആമ്പലും നിറഞ്ഞനിലയിലാണ്. നിലവില്‍ പഴശ്ശി ഡാമില്‍ നിന്നുള്ള വെള്ളമാണ് കണ്ണൂര്‍ ജില്ലയില്‍ ഭൂരിഭാഗം സ്ഥലങ്ങളിലും കുടിവെള്ളമായി എത്തുന്നത്. എന്നാല്‍ വേനലില്‍ ഡാമിലെ വെള്ളം കുറഞ്ഞതോടെ ജില്ലയിലെ പലയിടങ്ങളിലും വെള്ളം എത്താത്ത അവസ്ഥയാണുള്ളത്. ചിറയുടെ അടിത്തട്ടില്‍ നിറഞ്ഞുനില്‍ക്കുന്ന ചെളി നീക്കി നവീകരിച്ച് ശുദ്ധജല പദ്ധതി നടപ്പാക്കിയാല്‍ കണ്ണൂര്‍ നഗരത്തിലേക്കും സമീപ പഞ്ചായത്തുകളിലേക്കും ആവശ്യമായ മുഴുവന്‍ ജലവും പഴശ്ശി ഡാമിനെ ആശ്രയിക്കാതെ തന്നെ ലഭ്യമാകും. എന്നാല്‍ അധികൃതരുടെ അനാസ്ഥ കാരണം ആര്‍ക്കും ഉപയോഗമില്ലാതെ നശിക്കുന്ന സ്ഥിതിയിലാണ് ഇന്ന് ചിറക്കല്‍ ചിറ.
ചിറക്കല്‍ രാജകുടുംബാംഗങ്ങളുടെ അധീനതയിലുള്ള ചിറ ശുദ്ധജല സ്രോതസായി നവീകരിച്ചു നിലനിര്‍ത്താന്‍ മാത്രമാണ് നിലവില്‍ രാജകുടുംബം അനുമതി നല്‍കിയിട്ടുള്ളത്. ഇവിടെ നിന്ന് വെള്ളം പുറത്തേക്ക് കൊണ്ടുപോകുന്നതിനോ കുടിവെള്ള പദ്ധതി രൂപീകരിക്കാനോ അനുവദിച്ചിട്ടില്ല. കണ്ണൂര്‍ ജില്ലയെ വരള്‍ച്ചാ ബാധിതമായി പ്രഖ്യാപിച്ചതോടെ വേണ്ടി വന്നാല്‍ സ്വകാര്യവ്യക്തികളുടെ ജലസ്രോതസുകളും വരള്‍ച്ചാ കാലത്ത് പൊതുജനങ്ങള്‍ക്കായി ഉപയോഗിക്കാനായി ഏറ്റെടുക്കാന്‍ ജില്ലാ ഭരണകൂടത്തിന് അധികാരമുണ്ട്.
എന്നാല്‍ ജില്ലാ ഭരണകൂടത്തിന്റെ അനങ്ങാപ്പാറ നയം കാരണം നഗരപരിധിയിലെ വ്യാപാരസ്ഥാപനങ്ങളും ജനങ്ങളുമെല്ലാം ലോറികളിലും മറ്റും എത്തിക്കുന്ന വെള്ളം തന്നെ ഉപയോഗിക്കാന്‍ നിര്‍ബന്ധിതമാകുന്ന സ്ഥിതിയാണ്. ജില്ലയില്‍ പലയിടത്തും ജലജന്യരോഗമായ മഞ്ഞപ്പിത്തം ഉള്‍പ്പെടെയുള്ള അസുഖങ്ങള്‍ വ്യാപമാകുന്നതിനിടെയാണിത്.
ജില്ലയിലെ കുടിവെള്ള ക്ഷാമം ഇല്ലാതാക്കാന്‍ ഇത്രവലിയ സാധ്യത ഉണ്ടായിട്ടും അതിനെ ഉപയോഗപ്പെടുത്താത്ത ജില്ലാ ഭരണകൂടത്തിനെതിരേ നാട്ടുകാര്‍ക്കിടയില്‍ അമര്‍ഷം പുകയുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."