ഓര്‍മകള്‍ക്ക് ജീവന് നല്കി 44 വര്‍ഷത്തിന് ശേഷം അവര്‍ ഒത്തുകൂടി
കുന്നംകുളം: അക്കിക്കാവ് ടി.എം.വി.എച്ച്.എസ് സ്കൂളില്‍ നിന്നും പഠിച്ചിറങ്ങിയ 1962-63 ബാച്ചിലെ വിദ്യാര്ഥികളായവര് കഴിഞ്ഞ ദിവസം സ്കൂളിലെത്തുമ്പോള്‍ എല്ലാവരും എഴുപതാകുന്നവരും എഴുപതു തികഞ്ഞവരും. പത്താം ക്ലാസില്‍ എ ബാച്ച്, ബി ബാച്ച് എന്നിങ്ങനെ രണ്ടു ബാച്ചുകളിലായി 78 പേര് മാത്രമാണു അന്നു സ്കൂളിലുണ്ടായിരുന്നവര്. ഇതില്‍ 40 പെണ്‍കുട്ടികളും 38 ആണ്‍കുട്ടികളുമായിരുന്നു.
അന്ന് ക്ലാസ് മുറികളില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചല്ലായിരുന്നതിനാല് സംസ്കൃത ക്ലാസും മലയാളം ക്ലാസും ആരും കട്ടു ചെയ്യാറില്ലത്രേ. ഇതിനു കാരണം പറയുന്നതു ഈ രണ്ടു വിഷയങ്ങള്‍ക്കുമുള്ള ക്ലാസുകള്‍ മാത്രമാണ് ഒരുമിച്ചിരുത്തി പഠിപ്പിച്ചിരുന്നത്. സമരങ്ങള്‍ എന്താന്നു പോലും അറിയാത്ത കാലമായിരുന്നു അതെന്നും ഒത്തുചേര്‍ന്നവര്‍ വ്യക്തമാക്കി.
ഇവരുടെ തന്നെ ബാച്ചിലുള്ളതും റിട്ട. അധ്യാപകനുമായ നീലകണ്ഠന് നമ്പീശന് മാഷ് തന്നെയാണ് ഈ 78 പേരുടെ പേരു വിവരങ്ങളടങ്ങിയ സ്കൂള്‍ രജിസ്റ്റര്‍ തപ്പിയെടുത്ത് ഇവരെ നേരിട്ടു വീട്ടില്‍ പോയി സ്കൂളിലേക്ക് ക്ഷണിച്ചതും. ഇവരില്‍ 14 പേര് ഇന്ന് ഇവരോടപ്പമില്ല.പന്ത്രണ്ടോളം ക്ലാസ് മുറികളും അത്ര തന്നെ അധ്യാപകരുമാണ് അന്നുണ്ടായിരുന്നത്.
എന്നാല്‍ അവരില്‍ ഇന്നു ജീവിച്ചിരിക്കുന്നത് കണക്കു പഠിപ്പിച്ച മേരി ടീച്ചറും കായിക അധ്യാപകനായ സൈമണ്‍ മാഷും മാത്രം. വാര്‍ധക്യത്താല്‍ വീട്ടില്‍ വിശ്രമജീവിതം നയിക്കുന്ന രണ്ട് അധ്യാപകരേയും വീട്ടിലെത്തി പൊന്നാടയണിയിച്ചു അനുഗ്രഹം വാങ്ങിയ ശേഷമാണ് ഇവര്‍ സ്നേഹ സംഗമത്തിനു തിയതി നിശ്ചയിച്ചത്. മക്കളും പേരക്കുട്ടികളുമടങ്ങിയ നൂറോളം പേര് ഇവര്‍ക്കൊപ്പം സ്നേഹ സംഗമത്തില്‍ പങ്കെടുത്തിരുന്നു.
അന്നത്തെ പ്രധാനാധ്യാപകനും മാനേജറുമായ സി.ടി ഇറ്റിയേഷന് മാഷിനെ കുറിച്ചു പറയാന്‍ എല്ലാവര്ക്കും വലിയ ആവേശമായിരുന്നു. മരണപ്പെട്ടുപോയ സഹപാഠികള്‍ക്ക് ആദരാജ്ഞലികള്‍ അര്‍പ്പിച്ച ശേഷം മുപ്പതോളം പേര് പങ്കെടുത്ത സ്നേഹസംഗമം എ.ആര് വാസുദേവന്റെ അധ്യക്ഷതയില്‍ ദീപം തെളിയിച്ച് ആരംഭിച്ചു. എം.എ അഹമ്മതുണ്ണി അനുസ്മരണ പ്രഭാഷണം നടത്തി. പി. ഗോപാലന്, എന്‍.എ ലീല , കെ. കുട്ടിനാരായണന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."