സിറിയന്‍ രാസായുധ പ്രയോഗം ഒ.ഐ.സി, സഊദി അപലപിച്ചു
റിയാദ്: സിറിയയിലെ കിഴക്കന്‍ മേഖല ലക്ഷ്യമിട്ടു നടത്തിയ രാസായുധ പ്രയോഗത്തെ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോ ഒപ്പറേഷന്‍ അപലപിച്ചു. അന്താരാഷ്ട്ര നിയമങ്ങള്‍ക്കും മാനുഷിക മൂല്യങ്ങള്‍ക്കും തീര്‍ത്തും എതിരായ നടപടിയാണ് ഇവിടെ നടന്നതെന്നും നിരപരാധികളാണ് പിടഞ്ഞു മരിക്കുന്നതെന്നും സംഭവം കടുത്ത അക്രമവും യുദ്ധകുറ്റങ്ങളില്‍ പെടുന്നതാണെന്നും ഒ ഐ സി വ്യക്തമാക്കി. സിറിയന്‍ പ്രതിസന്ധിക്കു ജനീവ കരാറിന്റെയും യു എന്‍ സുരക്ഷാ കൗണ്‍സിലിന്റെയും പ്രമേയങ്ങളെ അടിസ്ഥാനമാക്കിയുള്ള സമാധാനത്തിനുള്ള പരിഹാരം കാണണമെന്നും ഒ ഐ സി സെക്രട്ടറി ജനറല്‍ ഡോ: യൂസുഫ് അഹമ്മദ് അല്‍ ഉസൈമീന്‍ ആവശ്യപ്പെട്ടു.
ഏകാധിപതി ബശാറുല്‍ അസദിന്റെ സൈന്യത്തിന്റെ കിരാത നടപടിയില്‍ സഊദിയും ശക്തമായി അപലപിച്ചു. കിഴക്കന്‍ അല്‍ ഗൗതിലെ ദൂമ പട്ടണത്തില്‍ ബശാര്‍ സൈന്യം നടത്തിയ ആക്രമണം യുഎന്‍ സുരക്ഷാ കൗണ്‍സില്‍ അംഗീകരിച്ച 2254 ആം വകുപ്പിന്റെയും ഒന്നാം ജനീവ കരാറിന്റെയും നഗ്‌നമായ ലംഘനമാണെന്നും സഊദി കുറ്റപ്പെടുത്തി. സ്ത്രീകളും കുട്ടികളുമടങ്ങുന്ന നിരപരാധികളെ നിര്‍ദാക്ഷിണ്യം കൊന്നൊടുക്കുന്നതിനെതിരെ അന്താരാഷ്ട്ര സമൂഹം ഉണരണമെന്നും സഊദി ആവശ്യപ്പെട്ടു. സിറിയന്‍ കൂട്ടക്കൊല യെ നിശിതമായി വിമര്‍ശിച്ച് സഊദി ഉന്നത പണഡിതസഭയും രംഗത്തെത്തി. തുടര്‍ച്ചയായ ആക്രമണങ്ങള്‍ക്ക് ഉത്തരവാദികളായവരെ വിചാരണ ചെയ്യണമെന്നും പണ്ഡിതസഭ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."