അനായാസം സണ്‍റൈസേഴ്‌സ്
ഹൈദരാബാദ്: ഐ.പി.എല്ലിലേക്ക് രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തിയ രാജസ്ഥാന്‍ റോയല്‍സിന് ആദ്യ മത്സരത്തില്‍ തോല്‍വി. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഒന്‍പത് വിക്കറ്റിന് രാജസ്ഥാനെ വീഴ്ത്തി വിജയത്തോടെ തുടങ്ങി. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാനെ 20 ഓവറില്‍ ഒന്‍പത് വിക്കറ്റിന് 125 റണ്‍സിലൊതുക്കിയ ഹൈദരാബാദ് 15.5 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 127 റണ്‍സെടുത്ത് ലക്ഷ്യം കണ്ടു.
57 പന്തില്‍ 77 റണ്‍സ് വാരിയ ഓപണര്‍ ശിഖര്‍ ധവാന്‍, 35 പന്തില്‍ 36 റണ്‍സെടുത്ത ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസന്‍ എന്നിവരുടെ ബാറ്റിങ് മികവിലാണ് സണ്‍റൈസേഴ്‌സ് അനായാസം വിജയം സ്വന്തമാക്കിയത്. ഓപണര്‍ വൃദ്ധിമാന്‍ സാഹയെ തുടക്കത്തില്‍ തന്നെ നഷ്ടമായെങ്കിലും പിന്നീട് ധവാന്‍- വില്ല്യംസന്‍ സഖ്യം രാജസ്ഥാന് ഒരവസരവും നല്‍കാതെ മുന്നേറി.
ടോസ് നേടി സണ്‍റൈസേഴ്‌സ് ആദ്യം ബൗള്‍ ചെയ്യാന്‍ തീരുമാനിച്ചു. നായകന്റെ തീരുമാനം ശരിവയ്ക്കും വിധത്തില്‍ ഹൈദരാബാദ് ബൗളര്‍മാര്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞതോടെ രാജസ്ഥാന്‍ ബാറ്റിങ് നിര റണ്‍സ് കണ്ടെത്താന്‍ കഷ്ടപ്പെട്ടു. മലയാളി താരം സഞ്ജു സാംസണ്‍ നടത്തിയ ആക്രമണ ബാറ്റിങാണ് രാജസ്ഥാന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. 42 പന്തില്‍ 49 റണ്‍സാണ് സഞ്ജു അടിച്ചെടുത്തത്.
വാലറ്റത്ത് ജി ഗോപാല്‍ 18 പന്തില്‍ 18 റണ്‍സെടുത്തു. രാഹുല്‍ ത്രിപതി 17ഉം നായകന്‍ അജിന്‍ക്യ രഹാനെ 13ഉം റണ്‍സെടുത്തു. ഈ നാല് പേര്‍ മാത്രമാണ് രണ്ടക്കം കടന്നത്. സണ്‍റൈസേഴ്‌സിനായി സിദ്ധാര്‍ഥ് കൗള്‍ നാലോവറില്‍ 17 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റെടുത്തു. ഷാകിബ് അല്‍ ഹസനും രണ്ട് വിക്കറ്റ് വീഴ്ത്തി. ഭുവനേശ്വര്‍ കുമാര്‍, സ്റ്റാന്‍ലെക്, റാഷിദ് ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.
നരെയ്ന്‍ കരുത്തില്‍ കൊല്‍ക്കത്ത
കൊല്‍ക്കത്ത: റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ നാല് വിക്കറ്റിന് കീഴടക്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഐ.പി.എല്ലില്‍ വിജയത്തുടക്കമിട്ടു.
ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സെടുത്തപ്പോള്‍ കൊല്‍ക്കത്ത 18.5 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സെടുത്ത് വിജയിക്കുകയായിരുന്നു.
19 പന്തില്‍ അഞ്ച് സിക്‌സും നാല് ഫോറും സഹിതം 50 റണ്‍സ് ക്ഷണത്തില്‍ അടിച്ചെടുത്ത ഓപണര്‍ സുനില്‍ നരെയ്‌ന്റെ മിന്നല്‍ ബാറ്റിങ് ബലത്തിലാണ് കൊല്‍ക്കത്ത അനായാസം വിജയിച്ചത്. മധ്യനിരയില്‍ നിതീഷ് റാണ (34), ക്യാപ്റ്റന്‍ ദിനേഷ് കാര്‍ത്തിക് (പുറത്താകാതെ 35) എന്നിവരും നിര്‍ണായക സംഭാവന നല്‍കി.
ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ ബ്രണ്ടന്‍ മെക്കലം (43), എ.ബി ഡിവില്ല്യേഴ്‌സ് (44), വിരാട് കോഹ്‌ലി (31), മന്‍ദീപ് സിങ് (37) എന്നിവരുടെ ബാറ്റിങ് മികവിലാണ് ഭേദപ്പെട്ട സ്‌കോറിലെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."