വരള്‍ച്ചാ ബാധിത പ്രദേശങ്ങളില്‍ കുടിവെള്ള വിതരണത്തിന് നടപടി തുടങ്ങി
മലപ്പുറം: ജില്ലയില്‍ വരള്‍ച്ച രൂക്ഷമായ പ്രദേശങ്ങളില്‍ കുടിവെള്ളം വിതരണം ചെയ്യാനുള്ള നടപടിക്രമങ്ങള്‍ തുടങ്ങി. ജില്ലയിലെ താലൂക്കുകളില്‍ കുടിവെള്ളം വിതരണം നടത്താനുദ്ദേശിക്കുന്ന ലോറികളില്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍ ജി.പി.എസ് ഘടിപ്പിക്കുന്നതിനു പൊതുമേഖലാ, സ്വകാര്യ സ്ഥാപനങ്ങളില്‍നിന്നു ക്വട്ടേഷന്‍ ക്ഷണിച്ചു.
26നു വൈകിട്ട് രണ്ടിനകം ഡെപ്യൂട്ടി കലക്ടര്‍ക്കു ക്വട്ടേഷന്‍ സമര്‍പ്പിക്കാനാണ് നിര്‍ദേശം. വേനല്‍ കടുത്തതിനെ തുടര്‍ന്നു രൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്ന പ്രദേശങ്ങളില്‍ കുടിവെള്ള വിതരണത്തിനു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കു തുക ചെലവഴിക്കുന്നതിനു നേരത്തെ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തനത് പ്ലാന്‍ ഫണ്ടില്‍നിന്ന് ഈ മാസാവസാനം വരെ ഗ്രാമപഞ്ചായത്തുകള്‍ക്ക് 5.50 ലക്ഷവും നഗരസഭകള്‍ക്ക് 11 ലക്ഷവും കോര്‍പറേഷനുകള്‍ക്ക് 16.50 ലക്ഷവും പരമാവധി ചെലവഴിക്കാം.
ഏപ്രില്‍ ഒന്നുമുതല്‍ മെയ് 31വരെയുള്ള കാലയളവില്‍ ഗ്രാമപഞ്ചായത്തുകള്‍ക്ക് 11 ലക്ഷവും നഗരസഭകള്‍ക്ക് 16.50 ലക്ഷവും കോര്‍പറേഷനുകള്‍ക്ക് 22.50 ലക്ഷം രൂപയും പരമാവധി കുടിവെള്ള വിതരണത്തിനായി ചെലവഴിക്കാനും അനുമതിയുണ്ട്. സുതാര്യതയ്ക്കായി കുടിവെള്ള വിതരണത്തിന് ഉപയോഗിക്കുന്ന ടാങ്കറുകളില്‍ ജി.പി.എസ് ഘടിപ്പിക്കാനും ജനങ്ങള്‍ക്കു സൗകര്യപ്രദമായ സമയത്തു വിതരണം നടത്താനുമാണ് നിര്‍ദേശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."