എസ്.എന്‍.ഡി.പിയുടെ ഹരിതഗീതം സ്വാശ്രയസംഘത്തിലും തട്ടിപ്പ്
കുട്ടനാട്: എസ്.എന്‍.ഡി.പി കുട്ടനാട് യൂനിയന്‍ മുന്‍ ഭരണസമിതിയുടെ കീഴില്‍ രൂപവത്കരിച്ച ഹരിതഗീതം നെല്‍ക്കര്‍ഷക സ്വാശ്രയസംഘം കൂട്ടായ്മക്കെതിരേ കൂടുതല്‍ പരാതികള്‍.
നെടുമുടി ആറ്റുവാത്തല സ്വദേശിനിയായ അനിമോള്‍ സലിമോന്‍ ആണ് നെടുമുടി പൊലിസില്‍ പരാതി നല്‍കിയത്. ഹരിതഗീതത്തിനു കീഴില്‍ ഗുരുശക്തി ഹരിതഗീതം എന്ന പേരില്‍ സ്വാശ്രയസംഘം ഉണ്ടാക്കുകയും ഈഴവ സമുദായംഗം പോലുമല്ലാത്ത തന്റെ പേരില്‍ വ്യാജ ഒപ്പിട്ട് വായ്പയെടുത്തെന്നുമാണ് പരാതിയില്‍ പറയുന്നത്.
ആലപ്പുഴ ഐ.ഒ.ബിയില്‍ നിന്നും അഞ്ചു ലക്ഷം രൂപയാണ് ഇവരടങ്ങുന്ന ത്രൂപ്പിന്റെ പേരില്‍ വായ്പയെടുത്തത്.
മുതലും പലിശയും ചേര്‍ത്ത് എട്ടു ലക്ഷം രൂപ തിരിച്ചടയ്ക്കണമെന്നു കാട്ടി ബാങ്കിന്റെ നോട്ടീസ് കിട്ടിയപ്പോഴാണ് വായ്പയുടെ വിവരങ്ങള്‍ അറിഞ്ഞതെന്നും പരാതിയില്‍ പറയുന്നു.
നിലവില്‍ കുട്ടനാട് വികസന സമിതിയുടേയും ഹരിതഗീതത്തിന്റേയും പേരില്‍ 13 പരാതികളാണ് കുട്ടനാട്ടിലെ വിവിധ പൊലിസ് സ്‌റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
വായ്പത്തട്ടിപ്പുമായി ബന്ധപ്പെട്ട് കുറ്റാരോപിതരായവരെ കസ്റ്റഡിയിലെടുക്കുവാനോ ചോദ്യം ചെയ്യുവാനോ പൊലിസ് തയ്യാറാകാത്തത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
വെളിയനാട് ബ്ലോക്ക് പഞ്ചായത്തംഗം റോജോ ജോസഫ്, കുട്ടനാട് വികസന സമിതി എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഫാ. തോമസ് പീലിയാനിക്കല്‍, കെ.വി.എസ്. ജീവനക്കാരി ത്രേസ്യാമ്മ, കാവാലം നെല്‍ക്കര്‍ഷക സംഘം പ്രസിഡന്റ് കെ.ടി. ദേവസ്യ എന്നിവരുടെ മുന്‍കൂര്‍ ജാമ്യപേക്ഷ ജില്ലാ സെഷന്‍സ് കോടതി തള്ളി ആഴ്ചകള്‍ പിന്നിട്ടിട്ടും ഇവരെ അറസ്റ്റ് ചെയ്യാത്തത് കുറ്റാരോപിതരെ സംരക്ഷിക്കുവാനാണെന്ന ആരോപണവുമുയരുന്നുണ്ട്.
ഇതിനിടെ കുറ്റാരോപിതരില്‍ ചിലര്‍ മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചതായും വിവരമുണ്ട്. ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. വി. വിജയകുമാരന്‍ നായരുടെ നേതൃത്വത്തിലുള്ള സംഘമാണ് വായ്പത്തട്ടിപ്പ് അന്വേഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."