യതീംഖാനകള്‍: സമസ്തയുടെ കേസില്‍ ജൂലൈയില്‍ തുടര്‍വാദം കേള്‍ക്കും
ന്യൂഡല്‍ഹി: ബാലനീതി നിയമത്തിന്റെ മറവില്‍ യതീംഖാനകള്‍ക്ക് ഇരട്ട രജിസ്‌ട്രേഷന്‍ ഏര്‍പ്പെടുത്തിയ സര്‍ക്കാരിന്റെ നടപടി ചോദ്യംചെയ്ത് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമക്കു കീഴിലുള്ള യതീംഖാനകള്‍ സമര്‍പ്പിച്ച ഹരജിയില്‍ ജൂലൈ 11നു തുടര്‍വാദം കേള്‍ക്കും. കേസ് ഫെബ്രുവരിയില്‍ പരിഗണിക്കുന്നതിനിടെ യതീംഖാനകളിലെ സൗകര്യങ്ങള്‍, ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡില്‍ രജിസ്റ്റര്‍ചെയ്തതിന്റെ രേഖയുടെ പകര്‍പ്പ്, കുട്ടികളുടെ എണ്ണം, കുട്ടികള്‍ക്ക് ഏര്‍പ്പെടുത്തിയ മറ്റുസൗകര്യം എന്നിവ ഉള്‍പ്പെടുത്തി വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഹരജിക്കാരോട് കോടതി ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ വാര്‍ഷികപരീക്ഷ പ്രമാണിച്ചുള്ള തിരക്ക് കാരണം വിവരങ്ങള്‍ ശേഖരിക്കാനായില്ലെന്നും സത്യവാങ്മൂലം സമര്‍പ്പിക്കുന്നതിനു നാലാഴ്ചത്തെ കാലാവധികൂടി വേണമെന്നും ചൊവ്വാഴ്ച യതീംഖാനകള്‍ ആവശ്യപ്പെട്ടു. ഈയാവശ്യം അംഗീകരിച്ച കോടതി, വേനലവധിക്കു ശേഷം കേസ് പരിഗണിക്കാന്‍ തീരുമാനിക്കുകയും അതിനു മുമ്പായി സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു.
അതേസമയം, ബാലനീതിനിയമത്തിനു കീഴിലും ശിശുസംരക്ഷണ നിയമപ്രകാരവും യതീംഖാനകള്‍ നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്തിരിക്കണമെന്ന കേരളാ ഹൈക്കോടതി ഉത്തരവിനെതിരേ സമസ്ത ഒരു പൊതുതാല്‍പ്പര്യ ഹരജി കൂടി ചൊവ്വാഴ്ച സമര്‍പ്പിച്ചു. പുതിയ ഹരജിയും ജൂലൈ 11നു മറ്റു കേസുകള്‍ക്കൊപ്പം പരിഗണിക്കാമെന്ന് ജസ്റ്റിസ് മദന്‍ ബി. ലോക്കൂര്‍ അധ്യക്ഷനായ രണ്ടംഗ സുപ്രിംകോടതി ബെഞ്ച് അറിയിച്ചു. ഹരജിക്കാര്‍ക്കു വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ഹുസൈഫ അഹമദി, പി.എസ് സുല്‍ഫിക്കര്‍ അലി, മുഹമ്മദ് ത്വയ്യിബ് ഹുദവി എന്നിവരാണ് ഹാജരായത്.
അതിനിടെ, എല്ലാ യതീംഖാനകളും നിലവിലുള്ളതുപോലെ തന്നെ പ്രവര്‍ത്തിക്കണമെന്നാണ് സമസ്തയുടെ നിലപാടെന്ന് മുഹമ്മദ് ത്വയ്യിബ് ഹുദവി പറഞ്ഞു. സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുന്നതിനെകുറിച്ചോ കുട്ടികളെ കൈമാറുന്നതിനെകുറിച്ചോ ഇപ്പോള്‍ ആലോചിക്കേണ്ടതില്ല. പകരം അടുത്ത അധ്യയനവര്‍ഷം കൂടുതല്‍ വിദ്യാര്‍ഥികള്‍ക്കു പ്രവേശനം നല്‍കാന്‍ ശ്രമിക്കുകയാണ് വേണ്ടത്. രജിസ്‌ട്രേഷന്റെ മറവില്‍ ഉദ്യോഗസ്ഥര്‍ പ്രയാസപ്പെടുത്തുകയാണെങ്കില്‍ സമസ്തയുടെ ആസ്ഥാനവുമായി ബന്ധപ്പെടണമെന്നും അദ്ദേഹം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."