അപകടത്തില്‍ മരിച്ചവര്‍ക്ക് നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന പ്രാര്‍ഥന: നാലുപേര്‍ക്കും ഖബറുകളൊരുക്കിയത് അടുത്തടുത്ത്
കൊണ്ടോട്ടി: ജീവിതത്തിന്റെ പച്ചപ്പ് തുടങ്ങും മുന്‍പേ മരണത്തിന് കീഴടങ്ങിയ തഉപ്പക്കും, ഉമ്മക്കും, രണ്ട് മക്കള്‍ക്കും ഖബറുകളൊരുക്കിയതും അടുത്തടുത്ത്. തേനി വെത്തിലക്കുണ്ടില്‍ അപകടത്തില്‍ മരിച്ച കളത്തില്‍തൊടി അബ്ദുല്‍ റഷീദ്(42), ഭാര്യ റസീന(35), മക്കളായ ലാമിയ(13), ബാസില്‍(12)എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്നലെ വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ അഴിഞ്ഞിലം ജുമാമസ്ജിദില്‍ ഖബറടക്കിയത്. അപടത്തില്‍ പരുക്കേറ്റ റഷീദിന്റെ മകന്‍ ഫാഇസ് ഇപ്പോഴും അപകട നില തരണം ചെയ്തിട്ടില്ല.
പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം രാത്രിയിലാണ് മൃതദേഹങ്ങള്‍ എത്തിച്ചത്.സമീപത്തെ അഴിഞ്ഞിലം എ.എല്‍.പി സ്‌കൂള്‍ മൈതാനിയില്‍ നാലുപേരുടേയും മയ്യിത്ത് കിടത്തിയപ്പോള്‍ പലരും നിയന്ത്രണം വിട്ട് കരഞ്ഞു. കുടുംബങ്ങളേയും കൂട്ടുകാരേയും ആശ്വസിപ്പിക്കാനാവാതെ വന്നെത്തിയവര്‍ പകച്ചു നിന്നു. ജാതിമത ഭേദമന്യേ ഒഴുകിയെത്തിയവരാല്‍ സ്‌കൂള്‍ മൈതാവനും പള്ളിപരിസരവും നിറഞ്ഞിരുന്നു. നിസ്‌കാരത്തിന് നൂറുകണക്കിന് ആളുകളാണ് പങ്കെടുത്തത്.
പിന്നീട് വീടിന് അടുത്ത് തന്നെയുള്ള അഴിഞ്ഞിലം ജുമാമസ്ജിദ് ഖബര്‍ സ്ഥാനില്‍ അടുത്തടുത്തായി ഒരുക്കിയ ഖബറുകളില്‍ നാലു പേരേയും മറവ് ചെയ്തു.
ചെന്നൈയില്‍ ആശിഖ് എന്റര്‍ പ്രൈസസ് കമ്പനിയില്‍ സൂപ്പര്‍വൈസറായ അബ്ദുല്‍ റഷീദ് കുടുംബ സമേതം കൊടൈക്കനാലില്‍നിന്ന് മടങ്ങവേയാണ് തേനി വെത്തിലക്കുണ്ടില്‍ കാര്‍ ട്രാന്‍സ്‌പോര്‍ട്ട് ബസിലിടിച്ച് അപകടമുണ്ടായത്.
കാറിലുണ്ടായിരുന്ന റഷീദിന്റെ മറ്റൊരു മകന്‍ ഫാഇസ്, സുഹൃത്തിന്റെ മകന്‍ ആദില്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്. പി.കെ കുഞ്ഞിലിക്കുട്ടി എം.പി, ടി.വി ഇബ്രാഹീം എം.എല്‍.എ, പി.കെ.സി അബ്ദുറഹ്മാന്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തി. വാര്‍ഡ് മെമ്പര്‍ അബ്ദുല്‍ അസീസ്, അഴിഞ്ഞിലം ജുമാമസ്ജിദ് ഖത്വീബ് അബ്ദുല്‍ കരീം ദാരിമി, മഹല്ല് പ്രസിഡന്റ് അശ്‌റഫ്, ടി.എം ഷമീര്‍, പി അഹമ്മദ്, കുഞ്ഞാമു തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സൗകര്യങ്ങള്‍ ഒരുക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."