ഇ-ഗവേണന്‍സില്‍ ജില്ലക്ക് വലിയ സാധ്യതകള്‍: കലക്ടര്‍
ആലപ്പുഴ: ഇഗവേണന്‍സ് മേഖലയില്‍ ആലപ്പുഴയ്ക്ക് വലിയ സാധ്യതകളുണ്ടെന്ന് ജില്ലാ കലക്ടര്‍ ടി.വി അനുപമ.
ഈ രംഗത്ത് നല്ലൊരു തുടക്കമിടാന്‍ ജില്ലയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഡിജിറ്റല്‍ സേവനങ്ങളെ വ്യക്തികളുമായി ബന്ധിപ്പിക്കുന്ന സംവിധാനം കൂടുതല്‍ യുവാക്കളിലേക്കെത്തിക്കാനായാല്‍ ജില്ലയ്ക്ക് ഗുണമാകുമെന്നും അവര്‍ പറഞ്ഞു.
ആലപ്പുഴയെ സമ്പൂര്‍ണ ഡിജിറ്റല്‍ ജില്ലയാക്കി മാറ്റുന്നതിന്റെ ഭാഗമായി മാസ്റ്റര്‍ ട്രെയിനര്‍മാര്‍, ഡിജിറ്റല്‍ വളണ്ടിയര്‍മാര്‍ എന്നിവര്‍ക്കായുള്ള ശില്‍പശാല കലക്ട്രേറ്റില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
ഉപയോഗസൗഹൃദമായ ഒട്ടേറെ സേവനങ്ങളോടെ വികാസ്പീഡിയയും ഈ രംഗത്ത് മുന്നേറിയിട്ടുണ്ട്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരിലും യുവാക്കളിലും ഇഗവേണന്‍സ് എത്തിക്കുന്നുത് ഈ രംഗത്തിന് കൂടുതല്‍ മിഴിവേകുമെന്ന് കലക്ടര്‍ അഭിപ്രായപ്പെട്ടു.
ജില്ലയില്‍ ഡിജിറ്റല്‍ സാക്ഷരത സജീവമാക്കാന്‍ ശില്‍പ്പശാലയില്‍ തീരുമാനമായി. ഓണ്‍ലൈന്‍ സേവനങ്ങളുടെ ഏകോപനത്തിനും പ്രാദേശികാടിസ്ഥാനത്തില്‍ ഉള്ള ബോധവല്‍ക്കരണത്തിനും ഡിജിറ്റല്‍ കര്‍മ്മ സേന രൂപീകരിച്ചു. സര്‍ക്കാര്‍ ജീവനക്കാരും അക്ഷയ സംരംഭകരും കോമണ്‍ സര്‍വിസ് കേന്ദ്രങ്ങളുടെ നടത്തിപ്പുകാരും സന്നദ്ധ പ്രവര്‍ത്തകരും ചേര്‍ന്നതാണ് ഡിജിറ്റല്‍ കര്‍മ സേന. ആലപ്പുഴ ജില്ലാ ഭരണകൂടവും നാഷനല്‍ ഇന്‍ഫര്‍മാറ്റിക് സെന്ററും കേന്ദ്ര സര്‍ക്കാരിന്റെ ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വകുപ്പിന്റെ കീഴിലെ ഓണ്‍ലൈന്‍ പോര്‍ട്ടലായ വികാസ് പീഡിയ കേരളയും ജില്ല ഇ-ഗവേണന്‍സ് സൊസൈറ്റിയും ചേര്‍ന്നാണ് കര്‍മ സേന രൂപീകരിച്ചത്.
സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, സ്വകാര്യ ഓണ്‍ലൈന്‍ സേവനങ്ങള്‍, ഡിജിറ്റല്‍ സാക്ഷരത, ഡിജിറ്റല്‍ സാമ്പത്തിക സാക്ഷരത, സോഷ്യല്‍ മീഡിയ, സൈബര്‍ സെക്യൂരിറ്റി, തുടങ്ങി എല്ലാ ഡിജിറ്റല്‍ ഓണ്‍ലൈന്‍ സംവിധാനങ്ങളും സേവനങ്ങളും സാധാരണ ജനങ്ങളില്‍ എത്തിക്കുന്നതിന് ബോധവല്‍ക്കരണം നടത്തും. കോര്‍ഡിനേഷന്‍, ബോധവല്‍ക്കരണം ,സാങ്കേതിക സഹായം, സമൂഹ മാധ്യമങ്ങള്‍ എന്നിങ്ങനെ നാല് വിഭാഗങ്ങളിലായി അന്‍പതോളം പേര്‍ അടങ്ങുന്ന ഡിജിറ്റല്‍ കര്‍മ സേന ജില്ല ഇന്‍ഫര്‍മാറ്റിക് ഓഫിസര്‍ പി. പാര്‍വ്വതീദേവി, ജില്ലാ ഇഗവേണന്‍സ് സൊസൈറ്റി ജില്ല പ്രൊജക്ട് മാനേജര്‍ ബെറില്‍ തോമസ്, വികാസ് പീഡിയ സ്റ്റേറ്റ് കോഡിനേറ്റര്‍ സി.വി ഷിബു നേതൃത്വത്തില്‍ ജില്ലാ കലക്ടറുടെ പൂര്‍ണ നിയന്ത്രണത്തിലായിരിക്കും പ്രവര്‍ത്തിക്കുക.
ചടങ്ങില്‍ എ.ഡി.എം ഐ. അബ്ദുള്‍ സലാം അധ്യക്ഷനായി. സി.വി ഷിബു വിഷയാവതരണം നടത്തി. ജില്ലാ ലീഡ് ബാങ്ക് മാനേജര്‍ വിദ്യാധരന്‍ നമ്പൂതിരി മുഖ്യ പ്രഭാഷണം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."