റോഡിലും പുഴയിലും അപകടങ്ങള്‍: ഒരാഴ്ചക്കിടെ കൊണ്ടോട്ടി മേഖലയില്‍ മരിച്ചത് 11 പേര്‍
സ്വന്തം ലേഖകന്‍
കൊണ്ടോട്ടി: ഒരാഴ്ചക്കിടെ ജില്ലക്ക് പുറത്ത് റോഡിലും പുഴയിലുമുണ്ടായ അപകടങ്ങളില്‍ കൊണ്ടോട്ടി മേഖലയില്‍ നിന്ന് പൊലിഞ്ഞത് 11 ജീവനുകള്‍. കൊണ്ടോട്ടി, അഴിഞ്ഞിലം, പുതുക്കോട്, കരിപ്പൂര്‍, ഒളമതില്‍ പ്രദേശങ്ങളിലുള്ള 11 പേരാണ് പുഴയിലും റോഡപകടങ്ങളിലുമായി ഒരാഴ്ചക്കിടെ മരിച്ചത്. തമിഴ്‌നാട്ടിലെ രണ്ട് വ്യത്യസ്ഥ റോഡ് അപകടങ്ങളില്‍ രണ്ടു കുടംബങ്ങളിലെ ഏഴുപേരും ചാലിയാര്‍ പുഴയിലും ആതിരപ്പളളി വെറ്റിലപ്പാറ പുഴയിലുമുണ്ടായ അപകടത്തില്‍ പിതാവും മകളും ഉള്‍പ്പെടെ നാലുപേരുമാണ് മരിച്ചത്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് ചെറുവാടിയില്‍ ചാലിയാര്‍ പുഴയില്‍ കൊണ്ടോട്ടി മേലങ്ങാടി കണ്ണഞ്ചേരി കെ.സി മുഹമ്മദലി(43), മോങ്ങം ഒളമതില്‍ നെല്ലിക്കുന്നുമ്മല്‍ അബൂബക്കറിന്റെ മകള്‍ ഫാത്തിമ്മ റിന്‍ഷ(12) എന്നിവര്‍ മരിച്ചത്. ചെറുവാടി തറമ്മലില്‍ ബന്ധുവീട്ടില്‍ വിരുന്നെത്തിയതായിരുന്നു ഇവര്‍. പുഴ കാണാന്‍ കടവിലെത്തിയതിനിടെ വെള്ളത്തില്‍ വീഴുകയായിരുന്നു. അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന മുഹമ്മദലിയുടെ മകള്‍ കെ.സി മുഫീദ ഇന്നലെ മരിച്ചതോടെ അപകടത്തില്‍ മരണം മൂന്നായി.
കഴിഞ്ഞ ശനിയാഴ്ച ആതിരപ്പള്ളി വെറ്റിലപ്പാറ പുഴയില്‍ സുഹൃത്തുക്കളോടൊപ്പം കുളിക്കുന്നതിനിടെയാണ് തറയിട്ടാല്‍ പന്തലാഞ്ചേരി സൈതലവിയുടെ മകന്‍ മുഹമ്മദ് ഷാഫി(23)മരിച്ചത്. എറണാംകുളം നോര്‍ത്ത് പറവൂര്‍ എസ്.എം.ജെ കോളജ് വിദ്യാര്‍ഥിയായ ഷാഫി നാട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് പുഴയില്‍ കുളിക്കാനിറങ്ങി ഒഴുക്കില്‍ പെട്ടത്.
വാഴയൂര്‍ പഞ്ചായത്തിലെ അഴിഞ്ഞിലം, പുതുക്കോട് ഭാഗത്തുള്ള രണ്ടു കുടംബത്തിലെ ഏഴ് പേരാണ് രണ്ട് വ്യത്യസ്ഥ അപകടങ്ങളില്‍ മരിച്ചത്. തിങ്കളാഴ്ച തേനി വെത്തിലക്കുണ്ടിലുണ്ടായ അപകടത്തില്‍ അഴിഞ്ഞിലം കളത്തില്‍ തൊടി അബ്ദുള്‍ റഷീദ്(42), ഭാര്യ റസീന(35), മക്കളായ ലാമിയ(13), ബാസില്‍(12), ഫായിസ്(10) എന്നീ അഞ്ചുപേരാണ് മരിച്ചത്. നാലുപേര്‍ സംഭവസ്ഥലത്തുവച്ചും ഇളയ മകന്‍ ഫായിസ് തൊട്ടടുത്ത ദിവസവുമാണ് മരിച്ചത്. ചെന്നൈയില്‍ സൂപ്പര്‍വൈസറായ അബ്ദുള്‍ റഷീദ് കുടംബ സമേതം കൊടൈക്കനാലില്‍ നിന്ന് മടങ്ങവെയാണ് തേനി വെത്തിലക്കുണ്ടില്‍ വച്ച് കാര്‍ ട്രാന്‍സ്‌പോര്‍ട്ട് ബസിലിടിച്ച് അപകടമുണ്ടായത്. ചൊവ്വാഴ്ചയാണ് ഏര്‍വാടി ദര്‍ഗയിലേക്ക് പോയ വാഴയൂര്‍ മേലേ പുതുക്കോട് കരിമ്പില്‍ പൊറ്റ ചന്ദ്രന്‍തൊടി മുഹമ്മദ്(60), മകള്‍ ചിലിയം സ്വദേശി ഷംസുദ്ദീന്റെ ഭാര്യ മുംതാസ്(35)എന്നിവരാണ് മരിച്ചത്. ഏര്‍വാടിയില്‍ തീര്‍ഥാടനം കഴിഞ്ഞ് മടങ്ങവെ മുഹമ്മദും കുടംബവും സഞ്ചരിച്ച ഇന്നോവ കാര്‍ തമഴ്‌നാട് പൊളളാച്ചി മുതുമല റോഡിലെ കരൂരിന് സമീപം ഡിവൈഡറില്‍ തട്ടിമറിയുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."