സന്തോഷ് ട്രോഫി: മുന്‍കാല ക്യാംപുകളില്‍ കാസര്‍കോട്ടെ താരങ്ങള്‍ അവഗണന നേരിട്ടുവെന്ന് ആസിഫും രാഹുലും
കാസര്‍കോട്: കേരള താരങ്ങളെ തിരഞ്ഞെടുക്കുന്ന സന്തോഷ് ട്രോഫി ക്യാംപുകളില്‍ മുന്‍കാലങ്ങളില്‍ കാസര്‍കോട്ടെ താരങ്ങള്‍ അവഗണിക്കപ്പെട്ടതായി ഇക്കുറി സന്തോഷ് ട്രോഫി നേടിയ ടീമിന്റെ മാനേജര്‍ പി.സി ആസിഫും ടീം അംഗം കെ.പി രാഹുലും. പ്രസ്‌ക്ലബ് സംഘടിപ്പിച്ച സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു ഇരുവരും.
കഴിഞ്ഞ കാലങ്ങളില്‍ നടന്ന സന്തോഷ് ട്രോഫി ക്യാംപുകളില്‍ കാസര്‍കോട് ജില്ലയിലെ താരങ്ങള്‍ കടുത്ത അവഗണന നേരിട്ടിരുന്നുവെന്ന് കേരളാ ടീമിന്റെ മാനേജര്‍ പി.സി ആസിഫ് തുറന്നടിച്ചു. നേരത്തെ ഒരു സന്തോഷ് ട്രോഫി ക്യാംപിലേക്ക് കാസര്‍കോട് നിന്ന് ചരിത്രത്തിലാദ്യമായി ഏഴുപേര്‍ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. സംസ്ഥാന സീനിയര്‍ ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പില്‍ വിജയികളായ ടീമില്‍ നിന്നാണ് ഏഴുപേര്‍ സന്തോഷ് ട്രോഫി ക്യാംപില്‍ എത്തിയത്. ഫൈനല്‍ മത്സരത്തില്‍ 10പേരുമായി കളിച്ചാണ് കാസര്‍കോട് ജില്ലാ ടൂര്‍ണമെന്റില്‍ ചാംപ്യന്‍മാരായത്. തുടര്‍ന്നാണ് ഏഴുപേരെ ആ വര്‍ഷത്തെ സന്തോഷ് ട്രോഫി ക്യാംപിലേക്കു തിരഞ്ഞെടുത്തത്. എന്നാല്‍ കാസര്‍കോടെ താരങ്ങള്‍ ക്യാംപിലെത്തിയ ദിവസം തന്നെ ആറുപേരെ തിരിച്ചയച്ചു. അന്നത്തെ കോച്ചടക്കമുള്ള ചിലരുടെ തീരുമാനത്തെ തുടര്‍ന്നാണ് കളിപ്പിക്കുക കൂടി ചെയ്യാതെ ആറു താരങ്ങളെ തിരിച്ചയച്ചത്. അന്നു ക്യാംപിലെങ്കിലും പങ്കെടുപ്പിച്ചിരുന്നുവെങ്കില്‍ ആ താരങ്ങള്‍ക്കതു ഭാവിയിലെങ്കിലും ഗുണം ചെയ്‌തേനെയെന്ന് ആസിഫ് പറഞ്ഞു. അന്നൊക്കെ കാസര്‍കോടിനെ അവഗണിച്ചതിന്റെ പകരമായാണ് ഇന്നു രാഹുലിലൂടെ പകരം വീട്ടിയിരിക്കുന്നതെന്നും ആസിഫ് പറഞ്ഞു. പുതിയ പ്രതിഭകള്‍ വളര്‍ന്നു വരുന്ന കാസര്‍കോടിനെ മാറ്റി നിര്‍ത്താനാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
ജില്ലയില്‍ വളര്‍ന്നു വരുന്ന ഒരുപാട് കളിക്കാരുണ്ടെന്നും എന്നാല്‍ ക്യാംപുകളില്‍ എത്തുമ്പോള്‍ കളിക്കാര്‍ അവഗണിക്കപ്പെടുന്നുവെന്നു പറഞ്ഞുകേട്ടതായും കെ.പി രാഹുല്‍ പറഞ്ഞു. ഇപ്പോള്‍ കാസര്‍കോട് ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ വളരെ ജാഗ്രതയോടെ പ്രവര്‍ത്തിക്കുന്നുണ്ട്. ഇപ്പോള്‍ നടന്ന സന്തോഷ് ട്രോഫി ക്യാംപില്‍ അവഗണന ഒരിടത്തും ഉണ്ടായില്ല. കോച്ചും മാനേജരും കളിക്കാരും തമ്മില്‍ ഒരു കുടുംബം പോലെ പ്രവര്‍ത്തിച്ചതിന്റെ തെളിവാണ് സന്തോഷ് ട്രോഫി വിജയമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
സ്വീകരണ യോഗത്തില്‍ പ്രസ് ക്ലബ് പ്രസിഡന്റ് ടി.എ ഷാഫി അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ ഉദ്ഘാടനം ചെയ്തു. ആസിഫിനുള്ള ഉപഹാരം എ.ജി.സി ബഷീറും രാഹുലിനുള്ള ഉപഹാരം ടി.എ ഷാഫിയും നല്‍കി. പ്രസ് ക്ലബ് എക്‌സിക്യൂട്ടീവ് അംഗം കെ.വി പത്മേഷ്, പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന കമ്മിറ്റിയംഗം കെ. സുരേശന്‍, സണ്ണി ജോസഫ്, മുഹമ്മദ് ഹാഷിം, ഷുക്കൂര്‍ കോളിക്കര, ഷൈജു പിലാത്തറ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."