മാതൃകയായി കൊട്ടാരക്കര മിനി സിവില്‍സ്റ്റേഷന്‍: നിര്‍മാണം പൂര്‍ത്തിയായ കെട്ടിടത്തില്‍ കൂറ്റന്‍ മഴവെള്ള സംഭരണി
കൊട്ടാരക്കര: മഴവെള്ള സംഭരണി എന്ന ആശയത്തെ സര്‍ക്കാരും സാമൂഹിക സംഘടനകളും പ്രോത്സാഹിപ്പിക്കുന്നുണ്ടെങ്കിലും സര്‍ക്കാര്‍ നിര്‍മിക്കുന്ന കെട്ടിടങ്ങളിലൊന്നും ഇത് പ്രാവര്‍ത്തികമാക്കി കാണുന്നില്ല. എന്നാല്‍ ഇതില്‍നിന്നെല്ലാം വേറിട്ട കാഴ്ചയും മാതൃകയുമാണ് കൊട്ടാരക്കര മിനി സിവില്‍ സ്റ്റേഷനിലെ കൂറ്റന്‍ മഴവെള്ള സംഭരണി.
അടുത്ത മാസം ഉദ്ഘാടനം പ്രതീക്ഷിക്കുന്ന മിനിസിവില്‍ സ്റ്റേഷനിലാണ് വലതും വ്യത്യസ്തവുമായ മഴവെള്ള സംഭരണി നിര്‍മിച്ചിട്ടുള്ളത്.
മൂന്നു ലക്ഷം ലിറ്റര്‍ മഴവെള്ളം സംഭരിക്കാവുന്ന ജലസംഭരണിയാണ് ഇവിടെ നിര്‍മിച്ചിരിക്കുന്നത്. കെട്ടിടത്തിന്റെ മട്ടുപാവില്‍ വീഴുന്ന വെള്ളം ഒരു തുള്ളി പോലും പാഴാകാതെ സംഭരിക്കാന്‍ കഴിയുംവിധമാണ് ഇതിന്റെ നിര്‍മാണം.
കെട്ടിടത്തിന്റെ എല്ലാ മൂലകളിലും സ്ഥാപിച്ചിട്ടുള്ള പൈപ്പുകളിലൂടെ മഴവെള്ളം ഫില്‍റ്ററിലൂടെ സംഭരണിയിലെത്തും.
കൊല്ലം-തിരുമംഗലം ദേശീയപാതയ്ക്ക് അഭിമുഖമായി കൊട്ടാരക്കര കച്ചേരിമുക്ക് പൊലിസ് സ്റ്റേഷനു സമീപം അല്പം ഉയര്‍ന്ന സ്ഥലത്താണ് സിവില്‍ സ്റ്റേഷന്‍ കെട്ടിടം നിര്‍മിച്ചിട്ടുള്ളത്.
ഇതിന്റെ പ്രധാന കവാടം വരുന്ന ഭാഗത്താണ് മഴവെള്ള സംഭരണി സ്ഥാപിച്ചിട്ടുള്ളത്. റോഡിനോട് ചേര്‍ന്ന ഭാഗത്ത് കരിങ്കല്‍ ഭിത്തിയും മതിലും നിര്‍മിക്കാനായിരുന്നു ആദ്യ തീരുമാനം. ഇത് ഒഴിവാക്കി പിന്നീട് കോണ്‍ക്രീറ്റ് മതില്‍ നിര്‍മിച്ചു.
ഈ മതിലില്‍ നിന്നും നാലു മീറ്റര്‍ മാറ്റി മറ്റൊരു കോണ്‍ക്രീറ്റ് മതില്‍ കൂടി നിര്‍മിച്ചു. ഈ രണ്ടു മതിലുകള്‍ക്കിടയില്‍ 25അടി താഴ്ചയിലാണ് മഴവെള്ള സംഭരണി ഒരുക്കിയിട്ടുള്ളത്. സിവില്‍ സ്റ്റേഷന്‍ നിര്‍മാണത്തിന്റെ ആദ്യ ഘട്ടത്തില്‍ മഴവെള്ള സംഭരണി അജണ്ടയിലില്ലായിരുന്നു. സര്‍ക്കാരിന്റെ ജന സംരക്ഷണ നയം സൂപ്രണ്ടിങ്് എന്‍ജിനിയര്‍ പി.കെ ബാബു ആണ് പുതിയ ആശയം നടപ്പിലാക്കുന്നതിന് മുന്‍കൈ എടുത്തതും വിജയിപ്പിച്ചത്.
സിവില്‍ സ്റ്റേഷനിലെ സര്‍ക്കാര്‍ ഓഫിസുകളുടെ ആവശ്യത്തോടൊപ്പം തന്നെ ഫയര്‍ഫോഴ്‌സ് യൂനിറ്റുകളുടെ പ്രവര്‍ത്തനത്തിനും സംഭരണിയിലെ മഴവെള്ളം ഉപയോഗപ്പെടുത്താം. വേനല്‍കാലത്ത് കുടിവെള്ള വിതരണത്തിന് ഈ ജലസംഭരണിയെ ആശ്രയിക്കാവുന്നതാണ്.
ഈ നൂതന ആശയം പ്രാവര്‍ത്തികമാക്കിയ സൂപ്രണ്ടിങ് എന്‍ജിനീയര്‍ പി.കെ ബാബുവിനെ വിവിധ കേന്ദ്രങ്ങളില്‍ നിന്നും അഭിനന്ദനം ലഭിച്ചുവരുന്നു. കൂടാതെ എല്ലാ സര്‍ക്കാര്‍ നിര്‍മിതികളിലും മഴവെള്ള സംഭരണി ഉറപ്പാക്കാന്‍ ഗവണ്‍മെന്റ് തലത്തില്‍ ആലോചനയുമുണ്ട്. ഏറെ താമസിയാതെ ആ ഉത്തരവ് പ്രതീക്ഷിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."