നല്ലൂര്‍നാട് കാന്‍സര്‍ ആശുപത്രിയില്‍ റേഡിയോ തെറാപ്പി ആരംഭിച്ചു
മാനന്തവാടി: ജില്ലയിലെ ഏക കാന്‍സര്‍ ചികിത്സാലയമായ നല്ലൂര്‍നാട് അംബേദ്ക്കര്‍ മെമ്മോറിയല്‍ കാന്‍സര്‍ കെയര്‍ യൂനിറ്റില്‍ റേഡിയോ തെറാപ്പി ആരംഭിച്ചു.
കേരളത്തില്‍ ജില്ലാതലത്തിലുള്ള രണ്ടാമത്തെ കാന്‍സര്‍ കെയര്‍ യൂനിറ്റാണ് നല്ലൂര്‍നാട് ട്രൈബല്‍ ആശുത്രിയില്‍ ഒരുക്കിയിരിക്കുന്നത്. കേരളത്തില്‍ സര്‍ക്കാര്‍ ആശുപത്രിക്ക് കീഴില്‍ എറണാകുളത്ത് മാത്രമാണ് കാന്‍സര്‍ കെയര്‍ യൂനിറ്റുള്ളത്.
കേന്ദ്ര-സംസ്ഥാന വിഹിതമായി ലഭിച്ച 4.04 കോടി രൂപ മുടക്കിയാണ് ദേശീയ കാന്‍സര്‍ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ജില്ലാ കാന്‍സര്‍ കെയര്‍ യൂനിറ്റില്‍ റേഡിയോ തെറാപ്പി യൂനിറ്റ് യാഥാര്‍ഥ്യമാക്കിയത്. 2008ല്‍ സംസ്ഥാന സര്‍ക്കാര്‍ ഇവിടെ ടെലി കൊബാള്‍ട്ട് യൂനിറ്റ് അനുവദിച്ചിരുന്നു. ബി.ആര്‍.ജി.എഫ് പദ്ധതിയിലൂടെ 3.64 കോടി രൂപ ആദ്യം അനുവദിച്ചെങ്കിലും ഫണ്ട് തികയാത്തതിനെ തുടര്‍ന്ന് മറ്റ് ഫണ്ടുകള്‍ കൂടി ചേര്‍ത്താണ് പദ്ധതി നടപ്പിലാക്കിയത്. 1.05 കോടി രൂപ ഉപയോഗിച്ച് മെഷീന്‍ സ്ഥാപിക്കുന്നതിനുള്ള മുറിയുടെ സുരക്ഷാഭിത്തിയും മറ്റും പണിതു. 2.99 കോടി രൂപ വിനിയോഗിച്ചാണ് ടെലി കൊബാള്‍ട്ട് റേഡിയേഷന്‍ മെഷീന്‍ സ്ഥാപിച്ചത്. റേഡിയേഷന്റെ അളവ് തിട്ടപ്പെടുത്തി യൂനിറ്റിനു അംഗീകാരം നല്‍കിയത് അറ്റോമിക് എനര്‍ജി റഗുലേറ്ററി ബോര്‍ഡാണ്. രോഗികള്‍ക്ക് റേഡിയേഷന്‍ നല്‍കാന്‍ ആയതിലൂടെ ജില്ലയിലെ ആദിവാസി വിഭാഗത്തിലുള്‍പ്പെടെയുള്ള നിര്‍ധന രോഗികള്‍ക്ക് ഏറെ ആശ്വാസമാവും.
റേഡിയോ തെറാപ്പിയുടെ ഉദ്ഘാടനം ഒ.ആര്‍ കേളു എം.എല്‍.എ നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രീതാ രാമന്‍ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി. ഉഷാകുമാരി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ജെ പൈലി, എടവക പഞ്ചായത്ത് പ്രസിഡന്റ് ഉഷാ വിജയന്‍, എന്‍.എച്ച്.എം മാനേജര്‍ ഡോ. ബി അഭിലാഷ്, കാന്‍സര്‍ കെയര്‍ യൂനിറ്റ് നോഡല്‍ ഓഫിസര്‍ ഡോ. എം. സന്തോഷ്, ഡോ. നസീബ, ജനപ്രതിനിധികളായ ഒ.ആര്‍ രഘു, തങ്കമ്മ യേശുദാസ്, ഫാത്തിമ ബീഗം, കെ.കെ.സി മൈമൂന, ബിന്ദു ജോണ്‍, മനു ജി. കുഴിവേലി, നിര്‍മ്മിതി മാനേജര്‍ ഒ.കെ സാജിത്ത്,
മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അബ്ദുല്‍ അഷ്‌റഫ്, ജിതിന്‍ ഭാനു സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."