ഭക്തരുടെ മനസുനിറച്ച് കൂടല്‍മാണിക്യം ക്ഷേത്രത്തിലെ താമരക്കഞ്ഞി
ഇരിങ്ങാലക്കുട: ശ്രീ കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ മാത്രം തനതു സവിശേഷതകളില്‍ ഒന്നായ താമരക്കഞ്ഞി കഴിച്ചു വയറും മനസും നിറഞ്ഞു ഭക്തജനങ്ങള്‍. പത്തുപറ അരി ഉപയോഗിച്ചു ഉണ്ടാക്കിയ കഞ്ഞിക്കു പുറമേ ചെത്ത് മാങ്ങാ കറി, പപ്പടം, മുതിരപ്പുഴുക്ക്, ഭഗവാനു നിവേദിച്ച നാളികേരപൂള്, പഴം എന്നിവ താമര കഞ്ഞിയുടെ ഭാഗമായി ഉണ്ടായിരുന്നു.
പടിഞ്ഞാറേ ഊട്ടുപുരയില്‍ നടന്ന താമരക്കഞ്ഞി ആഘോഷത്തില്‍ ആയിരത്തിലധികം ജനങ്ങള്‍ പങ്കെടുത്തു. കഴിഞ്ഞ നാല്‍പ്പതു വര്‍ഷമായി മുടങ്ങാതെ നടന്നുവരുന്ന ഒന്നാണിത്. ക്ഷേത്രത്തിലെ പ്രധാന മാല കഴകക്കാരായ തെക്കേവാര്യത്തുകാരുടെ പൂര്‍വികരില്‍ നിന്നാണു താമരക്കഞ്ഞിയുടെ ഉത്ഭവം. താമരമാല കെട്ടുന്നവര്‍ക്കുളള കഞ്ഞി എന്ന നിലയിലാണു താമരക്കഞ്ഞി പ്രസിദ്ധമായത്. ഇത്രയേറെ താമരയും മാലയും ഉപയോഗിക്കുന്ന ക്ഷേത്രങ്ങള്‍ വിരളമാണ്.
ഏതു പ്രവൃത്തിയുടെയും വിജയത്തിനും മംഗളപ്രാപ്തിക്കും ഭഗവാനു പ്രിയപ്പെട്ട താമരമാല ചാര്‍ത്തിക്കുക എന്നതു പണ്ടു മുതല്ക്കേ പ്രസിദ്ധമായി അറിയപ്പെട്ടിരുന്നു. താമര സമൃദ്ധിയായി വളര്‍ത്തുന്നതിനും ക്ഷേത്രത്തില്‍ ഉപയോഗിക്കുന്നതിനുമായി ചെമ്മണ്ട എന്ന സ്ഥലത്തു ദേവസ്വത്തിന്റെ അധീനതയിലുള്ള താമരച്ചാല്‍ പ്രദേശം ക്ഷേത്രകഴകക്കാരായ തെക്കേവാര്യത്തേക്കു അവകാശം കൊടുക്കുകയും ചെയ്തിരുന്നു.
തെക്കേവാര്യത്തെ ജ്യോതിഷി ഈശ്വര വാര്യര്‍, ശങ്കരന് കുട്ടി വാര്യര്‍ അമ്പലവാസികളെയും കൂട്ടി വഞ്ചിയില്‍ സഞ്ചരിച്ചു പൂക്കള്‍ പറിച്ചു തലച്ചുമടായും സൈക്കിളിലുമായാണു ക്ഷേത്രത്തില്‍ എത്തിച്ചിരുന്നത്. അതിന്റെ സ്മരണക്കായി അമ്പലവാസികള്‍ എല്ലാം ഒത്തുചേരുകയും എല്ലാവരേയും സന്തോഷവാന്മാരും സംതൃപ്തരുമാക്കി താമരക്കഞ്ഞിയും മറ്റു വിഭവങ്ങളും ഒരുക്കി തെക്കേ ഊട്ടുപുരയില്‍ എല്ലാ വര്‍ഷവും വിഷുതലേന്നു വിതരണം ചെയ്യുക പതിവാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."