കൊച്ചി നഗരത്തിലെ രാത്രികാല പിടിച്ചുപറി സംഘം പിടിയിലായി
കൊച്ചി: ഇതര സംസ്ഥാനക്കാരെയും രാത്രി കാലങ്ങളില്‍ ഹിജഡകളുമായി കൂട്ടുകൂടാന്‍ എത്തുന്നവരെയും ആക്രമിച്ച് പണവും മൊബൈലും കവര്‍ച്ച ചെയ്യുന്ന വിദ്യാര്‍ഥി ഉള്‍പ്പടെയുള്ള ആറംഗസംഘത്തിലെ അഞ്ചുപേരെ എറണാകുളം സെന്‍ട്രല്‍ പൊലിസ് അറസ്റ്റ് ചെയ്തു.
രാത്രി വളരെ വൈകി നഗരത്തില്‍ വിവിധ ഭാഗങ്ങളിലൂടെ നടന്നു പോകുന്ന ഇതര സംസ്ഥാനക്കാരാണ് ഈ സംഘത്തിന്റെ മുഖ്യ ഇരകളെന്ന് അസിസ്റ്റന്റ് പൊലിസ് കമ്മിഷണര്‍ കെ.വി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
നടന്നു പോകുന്നവരെയും ഹോട്ടലുകളില്‍ നിന്ന് ഇറങ്ങുന്നവരെയും ബൈക്കില്‍ പിന്തുടര്‍ന്ന് അടിച്ചു വീഴ്ത്തിയാണു പണം കവരുന്നത്. ഇടക്കൊച്ചി സ്വദേശി വിനു(19), പള്ളുരുത്തി സ്വദേശി നഹാസ്(20) , ചേര്‍ത്തല സ്വദേശി അഗ്‌നേശ്വര്‍ 19) , തോപ്പുംപടി സ്വദേശി ജന്‍സന്‍ (20), ചേര്‍ത്തല സ്വദേശി കുമാര്‍(19) എന്നിവരാണ് പിടിയിലായത്. ഇവര്‍ നഗരത്തിലെ പ്രമുഖ കോളജ് ഹോസ്റ്റലില്‍ തങ്ങിയാണു രാത്രി കാലങ്ങളില്‍ പിടിച്ചു പറി നടത്തി വന്നിരുന്നത്.
കഴിഞ്ഞ ഇതര സംസ്ഥാനക്കാരായതിനാല്‍ പലരും പൊലിസില്‍ പരാതി നല്‍കാന്‍ തയ്യാറാകില്ലെന്നതാണു സംഘത്തിന് ഇത്രയും കാലം പിടിച്ചു പറിയും ആക്രമണവും നടത്താന്‍ സഹായകമായത്. വളഞ്ഞമ്പലം, സൗത്ത്, മറൈന്‍ഡ്രൈവ് തുടങ്ങിയ ഭാഗങ്ങളില്‍ രാത്രി കാലങ്ങളില്‍ എത്തിച്ചേരുന്ന ഹിജഡകളുമായി കൂട്ടുകൂടാന്‍ എത്തുന്ന യുവാക്കളും സംഘത്തിന്റെ ഇരകളാണ്.
ഇത്തരക്കാരെ ആക്രമിച്ചാലും മാനനഷ്ടമോര്‍ത്ത് അക്രമത്തിന് ഇരയായവര്‍ പരാതി നല്‍കാന്‍ പൊലിസിനെ സമീപിക്കാറില്ലെന്ന് അസിസ്റ്റന്റ് കമ്മിഷണര്‍ പറഞ്ഞു.
അക്രമത്തിന് ഇരയായ ഒരു ഇതര സംസ്ഥാനക്കാരന്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണു പ്രതികള്‍ പിടിയിലായതും കൂടുതല്‍ ആക്രമണ ക്കേസുകള്‍ പുറത്ത് വരുന്നതും. സമാനമായ നിരവധി കേസുകള്‍ നഗരത്തില്‍ മുമ്പ് നടന്നിട്ടുണ്ട്. പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്ത് വരുന്നതായി പൊലിസ് പറഞ്ഞു. കഴിഞ്ഞ മെയ് 31ന് പുലര്‍ച്ചെ പ്രൊവിഡന്റ്‌സ് റോഡില്‍ വച്ച് പ്രതികള്‍ ഉത്തരാഗണ്ഡ് സ്വദേശി മുകേശ് എന്നയാളെ വടികൊണ്ട് അടിച്ച് വീഴ്ത്തി 13,500 രൂപ വില വരുന്ന മൊബൈലും 530 രൂപയും എ.ടി.എം കാര്‍ഡും കവര്‍ന്നു.
മെയ് 18ന് എറണാകുളം ചിറ്റൂര്‍റോഡില്‍ വച്ച് നടന്ന പോവുകയായിരുന്ന ഇതര സംസ്ഥാനക്കാരനായ ഹോട്ടല്‍ജീവനക്കാരനെ തടഞ്ഞ് നിര്‍ത്തി പോക്കറ്റില്‍ നിന്നും 900 രൂപ പിടിച്ചു പറിച്ചു.
ഇയാളുടെ മൊബൈലും കവര്‍ച്ചാസംഘം അടിച്ചുമാറ്റി. മെയ് 29ന് രാത്രി കോമ്പാറ ജങ്ഷനില്‍ നടന്നു പോവുകയായിരുന്ന മൂന്ന് പേരെ ബൈക്കില്‍ പിന്തുടര്‍ന്ന് അടിച്ച് വീഴ്ത്തി മൈക്രോമാക്‌സ് മൊബൈലും 7000 രൂപയും കവര്‍ന്നതായും അസിസ്റ്റന്റ് പൊലിസ് കമ്മിഷണര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."