നികുതി വെട്ടിപ്പിന് പിടിച്ചെടുത്ത ബസ് കടത്തികൊണ്ടുപോയി: കര്‍ണാടകയില്‍ പിടിയില്‍
ബംഗളൂരു: നികുതി വെട്ടിപ്പിന് പിടിച്ചെടുത്ത ബസ് കടത്തികൊണ്ടുപോയത് കര്‍ണാടക അതിര്‍ത്തി ചെക്പോസ്റ്റില്‍ പിടിയിലായി. ഇന്ന് രാവിലെ അത്തി ബെല്ലി ചെക് പോസ്റ്റില്‍ വച്ചാണ് ബസ് പിടികൂടിയത്. കഴിഞ്ഞ ശനിയാഴ്ച്ച രാവിലെ തൃശൂര്‍ പട്ടിക്കാടു നിന്നാണ് സംസ്ഥാനനികുതി അടക്കാതെ കടന്നുവന്ന സ്ലീപ്പര്‍ ബസ് എം. വി.ഐ ഷാജി ബക്കറിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. കര്‍ണ്ണാടക രജിസ്ട്രേഷനിലുള്ള ബസ് ബംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്ക് വരികയായിരുന്നു. നികുതി വെട്ടിപ്പ് കണ്ടെത്തി കസ്റ്റഡിയിലെടുത്ത വാഹനം തൃശൂര്‍ കലക്ടറേറ്റ് വളപ്പിലേക്ക് മാറ്റിയിരുന്നു. രണ്ടര ലക്ഷത്തോളം രൂപയാണ് നികുതി അടക്കേണ്ടിയിരുന്നത്. കസ്റ്റഡിയിലായിരുന്ന ബസ് രാത്രി ഉടമകള്‍ കടത്തികൊണ്ടു പോകുകയായിരുന്നു. ആര്.ടി.ഒ വിഭാഗം വിവിധ ചെക്ക് പോസ്റ്റുകളില്‍ നല്കിയ വിവരമനുസരിച്ച് കര്‍ണ്ണാടക അതിര്‍ത്തി ചെക്പോസ്റ്റില്‍ ഇന്ന് രാവിലെയാണ് ബസ് പിടിയിലായത്. മധുരയില്‍ നിന്ന് യാത്രക്കാരുമായി ബംഗളൂരവിലേക്ക് പോകുകയായിരുന്നു ബസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."