വിഷു വെടിക്കെട്ട് സഞ്ജു വക
ബംഗളൂരു: മലയാളികളുടെ വിഷു ആഘോഷങ്ങള്‍ക്ക് പകിട്ടേകി വെടിക്കെട്ട് സഞ്ജു സാംസണ് വക. വിഷു ദിനത്തില്‍ അരങ്ങേറിയ രാജസ്ഥാന് റോയല്‍സ്- റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ഐ.പി.എല്‍ പോരാട്ടത്തിലാണ് സഞ്ജു തീപ്പൊരി ഇന്നിങ്സുമായി കളം നിറഞ്ഞ് രാജസ്ഥാനെ വിജയിപ്പിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചത്.
ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന് വേണ്ടി മൂന്നാമനായി ക്രീസിലെത്തിയ സഞ്ജു 45 പന്തില്‍ പത്ത് സിക്സും രണ്ട് ഫോറും സഹിതം അപരാജിതനായി നിലകൊണ്ട് അടിച്ചെടുത്തത് 92 റണ്‍സ്. തുടര്‍ച്ചയായി രണ്ടാം മത്സരത്തിലും ടീമിന്റെ വിജയത്തില്‍ നിര്‍ണായക സാന്നിധ്യമായി നിന്ന് സഞ്ജു കളിയിലെ കേമന്‍ പട്ടം വീണ്ടും സ്വന്തമാക്കുകയും ചെയ്തു. മലയാളി താരത്തിന്റെ മികവില്‍ രാജസ്ഥാന് നാല് വിക്കറ്റ് നഷ്ടത്തില്‍ 217 റണ്‍സാണ് അടിച്ചെടുത്തത്. വിജയം തേടിയിറങ്ങിയ ബാംഗ്ലൂരിന് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 198 റണ്‍സെടുക്കാനെ സാധിച്ചുള്ളു. രാജസ്ഥാന് 19 റണ്‍സിനാണ് വിജയിച്ചത്. ക്യാപ്റ്റന്‍ രഹാനെ (36), ബെന്‍ സ്റ്റോക്സ് (27), ജോസ് ബട്ലര് (23) എന്നിവരും രാജസ്ഥാനായി തിളങ്ങി.
കൂറ്റന്‍ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ബാഗ്ലൂരിനായി ക്യാപ്റ്റന്‍ വിരാട് കോഹ്ലി (30 പന്തില്‍ 57), മന്ദീപ് സിങ് (പുറത്താകാതെ 25 പന്തില്‍ 47), വാഷിങ്ടന്‍ സുന്ദര്‍ (35), ക്വിന്റന്‍ ഡി കോക്ക് (26) എന്നിവര്‍ പൊരുതിയെങ്കിലും വിജയത്തിലെത്തിക്കാന്‍ സാധിച്ചില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."