ഹര്‍ത്താലില്‍ വലഞ്ഞ് ജനം
നാദാപുരം: ജമ്മുകാശ്മീരില്‍ എട്ടു വയസ്സുകാരി ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് സോഷ്യല്‍ മീഡിയ വഴി പ്രചരിച്ച ഹര്‍ത്താലില്‍ വ്യാപക അക്രമം പുറമേരിയില്‍ കടയടപ്പിക്കാന്‍ എത്തിയ ഹര്‍ത്താലനുകൂലികളും ബി.ജെ.പിക്കാരും തമ്മില്‍ സംഘര്‍ഷം നടന്നു. പിന്നീട് കൊല്ലപ്പെട്ട ബാലികക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പോസ്റ്റര്‍ പതിച്ച ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെ പൊലിസ് കസ്റ്റഡിയിലെടുത്തതിന്റെ പേരില്‍ പൊലിസും സി.പി.എം പ്രവര്‍ത്തകരും തമ്മിലായി സംഘര്‍ഷമുണ്ടായി. പ്രവര്‍ത്തകനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് സി.പിഎമ്മുകാര്‍ റോഡ് ഉപരോധം നടത്തുകയും ചെയ്തു.
കടയടപ്പിക്കാന്‍ രാവിലെ പതിനന്നോടെ പുറമേരിയിലെത്തിയ ഹര്‍ത്താലനുകൂലികളും, ബി.ജെ.പിക്കാരും തമ്മില്‍ നടന്ന വാക്കേറ്റം സംഘര്‍ഷമായി മാറുകയായിരുന്നു. പൊലിസെത്തി ഇരുകൂട്ടരെയും ലാത്തിവീശി ഓടിച്ചു. ഇതിനിടയില്‍ ഇത് വഴി വന്ന സ്വകാര്യ കാറിന്റെ സൈഡ് ഗ്‌ളാസ് അടിച്ചു തകര്‍ത്തു. ഹര്‍ത്താലനുകൂലികള്‍ വന്ന കാറാണെന്ന് ആരോപിച്ചാണ് കാറിനെതിരെ ചിലര്‍ ആക്രമം നടത്തിയതെന്ന് പറയുന്നു. കാര്‍ പൊലിസ് കസ്റ്റഡിയിലെടുത്തു. ഇതിനിടെ പുറമേരി ടൗണില്‍ പതിച്ച പോസ്റ്ററുകള്‍ പൊലിസ് നീക്കം ചെയ്തു. വൈകിട്ട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പോസ്റ്റര്‍ പതിക്കുന്നതിനിടയില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത് വീണ്ടും സംഘര്‍ഷത്തിനിടയാക്കി. വൈകിട്ട് ഏഴിന് ബി.ജെ.പി നടത്തിയ പ്രകടനത്തിനിടെയും സംഘര്‍ഷമുണ്ടായി. നാല് ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. സി.പി.എം പ്രവര്‍ത്തകരാണ് അക്രമം നടത്തിയതെന്ന് ബി.ജെ.പി ആരോപിച്ചു.
ഇതിനിടെ പോസ്റ്റര്‍ പതിക്കുകയ്യായിരുന്ന ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെ പൊലിസ് കസ്റ്റഡിയിലെടുത്തു. ഇതിനെ ചോദ്യം ചെയ്ത് സി.പി.എം പ്രവര്‍ത്തകര്‍ രംഗത്തെത്തിയത് പൊലിസും സി.പി.എം പ്രവര്‍ത്തകരും തമ്മിലുള്ള സംഘര്‍ഷമായി.കസ്റ്റഡിയിലെടുത്ത പ്രവര്‍ത്തകരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് സി.പി.എം പ്രവര്‍ത്തകര്‍ പുറമേരി ടൗണില്‍ ഒരു മണിക്കൂറോളം റോഡ് ഉപരോധിച്ചു. പ്രവര്‍ത്തകനെ വിട്ടയക്കാമെന്ന് സ്ഥലത്തെത്തിയ നാദാപുരം സി.ഐ ഉറപ്പ് നല്‍കിയ ശേഷമാണ് ഉപരോധം അവസാനിപ്പിച്ചത്.
നാദാപുരം മേഖലയില്‍ കടകളെല്ലാം ഹര്‍ത്താല്‍ അനുകൂലികള്‍ നിര്‍ബന്ധപൂര്‍വം അടപ്പിക്കുകയായിരുന്നു.വാഹനങ്ങള്‍ തടയാനും ശ്രമം നടന്നു.സംഘര്‍ഷം കാരണം സ്വകാര്യ ബസുകള്‍ പലതും ട്രിപ്പ് മുടക്കി.പേരോട് ,പുറമേരി ഭാഗങ്ങളില്‍ റോഡ് ഉപരോധിച്ച ഏതാനും പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. നാദാപുരം ടൗണ്‍ ,കല്ലാച്ചി വാണിമേല്‍ ,പാറക്കടവ്,തൂണേരി തുടങ്ങിയ സ്ഥലങ്ങളില്‍ നിര്‍ബന്ധിച്ചാണ് കടയടപ്പിച്ചത്. രാവിലെ കട തുറക്കാന്‍ എത്തിയ വ്യാപാരികള്‍ ഷട്ടറിനു മുകളില്‍ 'ഇന്ന് ഹര്‍ത്താല്‍' എന്ന സ്റ്റിക്കര്‍ പതിച്ചതാണ് കണ്ടത്. നിര്‍ബന്ധിച്ച് കടയടപ്പിച്ചത് പല സ്ഥലങ്ങളിലും സംഘര്‍ഷത്തിനിടയാക്കി.അപ്രഖ്യാപിത ഹര്‍ത്താലുമായി ബന്ധപ്പെട്ട് നിര്‍ബന്ധിച്ച്കടയടപ്പിച്ചതില്‍ പ്രതിഷേധിച്ച് അനിശ്ചിതമായി കടയടക്കുമെന്ന് ഭീഷണിയുമായിവ്യാപാരികള്‍ രംഗത്തിറങ്ങിയിട്ടുണ്ട്.നാദാപുരം മേഖലയില്‍ പോലീസ് സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്.
കുറ്റ്യാടി: ടൗണില്‍ പ്രകടനം നടത്തിയവരെ പൊലിസ് വിരട്ടിയോടിച്ചു. കടകള്‍ അടയ്ക്കാന്‍ ആഹ്വാനം ചെയ്യുകയും തുടര്‍ന്ന് പ്രകടനം നടത്തുകയും ചെയ്ത ഒരു സംഘം യുവാക്കളെയാണ് കുറ്റ്യാടി പൊലിസ് വിരട്ടിയോടിച്ചത്. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയായിരുന്നു സംഭവം. അതേസമയം ഹര്‍ത്താല്‍ ടൗണിനെ യാതൊരു വിധത്തിലും ബാധിച്ചില്ല.
പാറക്കടവ്: ടൗണില്‍ രാവിലെ ഹര്‍ത്താല്‍ അനുകൂലികള്‍ പ്രകടനങ്ങള്‍ നടത്തി. സ്വകാര്യബസുകളും ടാക്‌സികളും അധികവും ഈ ഭാഗത്ത് കൂടി ഓടിയില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."