തെരുവുനായയുടെ കടിയേറ്റ് മദ്‌റസാ വിദ്യാര്‍ഥിക്ക് പരുക്ക്
പിണങ്ങോട്: തെരുവു നായയുടെ കടിയേറ്റ് മദ്‌റസാ വിദ്യാര്‍ഥിക്ക് പരുക്ക്. പിണങ്ങോട് പാറത്തൊടി അഭിലാഷിന്റെ മകന്‍ ഷമില്‍ നിയാദി(12)നാണ് കടിയേറ്റത്.
ഷമില്‍ രാവിലെ മദ്‌റസയിലേക്ക് പോകവെ വഴിയില്‍ വെച്ച് തെരുവുനായ അക്രമിക്കുകയായിരുന്നു. കാലിന് കടിയേറ്റ ഷമില്‍ നിയാദിനെ വൈത്തിരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിണങ്ങോടും പരിസര പ്രദേശങ്ങളിലും തെരുവുനായ ശല്യം രൂക്ഷമായിരിക്കുകയാണ്. സമാനമായ രീതിയിലുള്ള സംഭവങ്ങള്‍ ഇതിന് മുമ്പും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.
മദ്‌റസയിലേക്കും സ്‌കൂളിലേക്കും പോകുന്ന വിദ്യാര്‍ഥികളെ പലപ്പോഴും തെരുവുനായകള്‍ ഓടിക്കുന്നതും വീണ് പരുക്ക് പറ്റുന്നതും നിത്യ സംഭവമായിരിക്കുകയാണ്. പിണങ്ങോട് ടൗണിലടക്കം രാപ്പകല്‍ വ്യത്യാസമില്ലാതെ തെരുവ് നായ അലയുകയാണ്.
പിണങ്ങോട് മിനിസ്റ്റേഡിയം, സ്‌കൂള്‍ ഗ്രൗണ്ട് തുടങ്ങിയ സ്ഥലങ്ങള്‍ രാത്രിയാവുന്നതോടെ നൂറുകണക്കിന് തെരുവുനായ്ക്കളുടെ സ്ഥിരം വിഹാര, വിശ്രമ കേന്ദ്രങ്ങള്‍ ആണ്. പഞ്ചായത്തിന് ഇക്കാര്യത്തില്‍ പ്രത്യേക ഫണ്ടോ പദ്ധതിയോ ഇല്ലാ എന്നത് തെരുവു നായശല്യം വര്‍ധിക്കുന്നതിന് കാരണമാവുകയാണ്. തെരുവുനായ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നതാണ് പ്രദേശത്തുകാരുടെയും രക്ഷിതാക്കളുടെയും ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."