യാത്രക്കാരന് ചങ്ങല വലിച്ചു; കൊല്ലത്ത് മുഖാമുഖമെത്തിയ ട്രെയിനുകള്‍ കൂട്ടിമുട്ടുന്നത് ഒഴിവായി
കൊല്ലം: യാത്രക്കാരുടെ സമയോചിതമായ ഇടപെടല്‍ കൊണ്ട് ഒഴിവായത് വന്‍ദുരന്തം. ഇടമണ്‍-ഗുരുവായൂര്‍ പാസഞ്ചറിന്റെ അപായചങ്ങല യാത്രക്കാര്‍ വലിച്ചതോടെ കൊല്ലം - ചെങ്കോട്ട റെയില്‍വേ പാതയില്‍ ട്രെയിനുകള്‍ കൂട്ടിമുട്ടാതെ രക്ഷപ്പെട്ടു. പാതയില്‍ ആവണീശ്വരം റെയില്‍വേ സ്റ്റേഷന് സമീപം ഉച്ചക്ക് 2.10നായിരുന്നു സംഭവം. 2.05 ന് എത്തിയ കൊല്ലം-പുനലൂര്‍ പാസഞ്ചറും കൊല്ലം-താംബരം എക്സ്പ്രസും സിഗ്നല്‍ കാത്തുകിടക്കുകയായിരുന്നു. ഈ സമയം തന്നെ ഇടമണ്ഗുരുവായൂര് പാസഞ്ചര്‍ രണ്ടാമത്തെ പ്ലാറ്റ്ഫോമിലേക്ക് എത്തി. കാവല്പുര ലൈവല്‍ക്രോസ് പിന്നിട്ടപ്പോള്‍ ബോഗിയില്‍ ഉണ്ടായിരുന്ന യാത്രക്കാര്‍ സ്റ്റേഷനിലെ രണ്ട് പ്ലാറ്റ്ഫോമിലും തീവണ്ടി കിടക്കുന്നത് ശ്രദ്ധിച്ചു. ഉടന്‍ ഇവര്‍ അപായചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തി.
സാധാരണ താംബരം കടത്തിവിട്ട ശേഷമാണ് ഗുരുവായൂര്‍ വരുന്നത്. സിഗ്നല്‍ സംവിധാനം തകരാറിലായതാണ് സംഭവത്തിന് കാരണമെന്ന് റെയില്‍വേ ഉദ്യോഗസ്ഥര്‍ പറയുന്നു. തുടര്‍ന്ന് താംബരം കടത്തിവിട്ട ശേഷം ഗുരുവായൂര്‍ പാസഞ്ചര്‍ ഒന്നാമത്തെ പ്ലാറ്റ്ഫോമില്‍ പ്രവേശിപ്പിച്ചു. തീവണ്ടികള്‍ മൂന്നും സ്റ്റേഷനില്‍ പിടിച്ചിട്ടതോടെ പത്തനാപുരം വാളകം ശബരീ ബൈപാസിലെ ലെവല്‍ക്രോസും കുന്നിക്കോട് തലവൂര്‍ റോഡിലെ കാവല്പുര ഗേറ്റും ഏറെ നേരം അടഞ്ഞുകിടന്നു. ഇത് ഗതാഗതം പൂര്‍ണമായും തടസ്സപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."