ക്രൈംബ്രാഞ്ച് കൈയ്യിലൊതുങ്ങിയില്ല, കേസ് സി.ബി.ഐയ്ക്ക് വിടുന്നുമില്ല: ജമ്മു കശ്മീരിലെ എല്ലാ ബി.ജെ.പി മന്ത്രിമാരും രാജിവയ്ക്കും
ജമ്മു: കത്‌വ പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ രണ്ടു മന്ത്രിമാര്‍ പരസ്യമായി രംഗത്തുവന്നിട്ടും ഒന്നും ചെയ്യാനാവാത്തതില്‍ ബി.ജെ.പിയില്‍ അമര്‍ഷം. രണ്ടു മന്ത്രിമാര്‍ക്കും രാജിവയ്‌ക്കേണ്ടി വന്ന സ്ഥിതിയും സംസ്ഥാന സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്താനാവാത്തതുമാണ് ബി.ജെ.പിയെ വെട്ടിലാക്കുന്നത്. ഇതോടെ കശ്മീര്‍ മന്ത്രിസഭയിലെ എല്ലാ ബി.ജെ.പി മന്ത്രിമാരും രാജിവയ്ക്കണമെന്ന നിലപാടിലാണ് ഇപ്പോള്‍ പാര്‍ട്ടി.
ബി.ജെ.പിയുടെ ശക്തമായ സമ്മര്‍ദമുണ്ടായിട്ടും കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് സത്യസന്ധമായി കുറ്റാന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഇതേത്തുടര്‍ന്നാണ് രാജ്യംമുഴുവന്‍ സംഭവത്തിന്റെ ആഴം മനസ്സിലാവുന്നതും പ്രതിഷേധം ഉയരുന്നതും. ക്രൈംബ്രാഞ്ചിനെ ഒതുക്കാന്‍ ബി.ജെ.പി ശ്രമിച്ചെങ്കിലും മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി അതിനു വഴങ്ങിയില്ലെന്നാണറിയുന്നത്. തുടക്കം മുതലേ, കേസ് സി.ബി.ഐ അന്വേഷിക്കട്ടേ എന്ന നിലപാടെടുത്ത ബി.ജെ.പി മന്ത്രിമാരെ തള്ളിയാണ് കേസ് ക്രൈംബ്രാഞ്ചിനെ കൊണ്ട് തന്നെ അന്വേഷിപ്പിച്ചത്.
ഇതെല്ലാം, സര്‍ക്കാരിലുണ്ടായിട്ടും ഒരു സ്വാധീനവും തങ്ങള്‍ക്കില്ലെന്ന വിലയിരുത്തലില്‍ ബി.ജെ.പി എത്തി. മന്ത്രിമാര്‍ രാജിവച്ചില്ലെങ്കില്‍ സഖ്യം തുടരാനാവില്ലെന്ന് മെഹ്ബൂബ മുഫ്തിയും ബി.ജെ.പി കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരുന്നു. അതിനു പിന്നാലെയാണ് കത്‌വ കേസിലെ പ്രതികളെ പരസ്യമായി പിന്തുണച്ചു കൊണ്ട് റാലി നടത്തിയ മന്ത്രിമാരായ ചൗധരി ലാല്‍ സിങും ചന്ദര്‍ പ്രകാശ് ഗംഗയും രാജിവച്ചത്.
കേസ് വിചാരണ ചെയ്യാന്‍ പ്രത്യേക കോടതി വേണമെന്നും മെഹ്ബൂബ മുഫ്തി ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെട്ടിരുന്നു. അതിനിടെ, വിചാരണ ജമ്മു കശ്മീരിനു പുറത്താക്കണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ പിതാവ് സുപ്രിംകോടതിയെ സമീപിക്കുകയും ചെയ്തു. സ്വതന്ത്രമായ വിചാരണ ജമ്മു കശ്മീരില്‍ നടക്കില്ലെന്നു കാട്ടിയാണ് പിതാവ് കോടതിയെ സമീപിച്ചത്. ഇതില്‍ സര്‍ക്കാരിന്റെ നിലപാട് അറിയാന്‍ സുപ്രിം കോടതി നോട്ടീസ്അയച്ചിട്ടുണ്ട്. വരുന്ന 27ന് ഇക്കാര്യത്തില്‍ മറുപടി പറയണം. വിചാരണ പുറത്തുനടക്കട്ടേയെന്ന നിലപാടായിരിക്കും മെഹ്ബൂബ എടുക്കുകയെന്നും സൂചനയുണ്ട്. ഇതും ബി.ജെ.പിക്ക് കനത്ത തിരിച്ചടിയാണ്. ജമ്മു കശ്മീരില്‍ ബാര്‍ അസോസിയേഷന്റേതടക്കം വലിയ പിന്തുണ ബി.ജെ.പിക്കുണ്ട്. അഭിഭാഷകര്‍ കൂട്ടത്തോടെ പ്രതികള്‍ക്ക് പിന്തുണയുമായി രംഗത്തെത്തിയപ്പോള്‍ ദീപിക സിങ് രജാവത്താണ് ഭീഷണികള്‍ വകവയ്ക്കാതെ ഇരയ്ക്കു വേണ്ടി പ്രവര്‍ത്തിച്ചത്.
മന്ത്രിമാരെല്ലാം രാജിവയ്ക്കുമെന്ന തീരുമാനം മെഹ്ബൂബ മുഫ്തിക്കു മേലുള്ള അവസാന സമ്മര്‍ദമാണ്. മന്ത്രിമാര്‍ രാജിവച്ചാലും സഖ്യം തുടരുമെന്നാണ് ഇപ്പോള്‍ നേതൃത്വം പറയുന്നത്. കേസ് ജമ്മു കശ്മീരില്‍ തന്നെ നടത്താനാവുമോയെന്നും സി.ബി.ഐയെക്കൊണ്ട് അന്വേഷിപ്പിക്കാനാവുമോയെന്നുമാണ് ഇപ്പോള്‍ ബി.ജെ.പി നോക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."