അപ്രഖ്യാപിത ഹര്‍ത്താല്‍: ജില്ലയില്‍ 2,000 പേര്‍ പ്രതികള്‍
കണ്ണൂര്‍: തിങ്കളാഴ്ചത്തെ അപ്രഖ്യാപിത ഹര്‍ത്താലില്‍ ജില്ലയിലുണ്ടായ അക്രമസംഭവങ്ങളില്‍ രണ്ടായിരത്തോളം പേര്‍ക്കെതിരേ കേസ്. അന്‍പതോളം കേസുകളും രജിസ്റ്റര്‍ ചെയ്തു. കണ്ണൂര്‍ ടൗണ്‍ സ്റ്റേഷന്‍ അക്രമവുമായി ബന്ധപ്പെട്ട് 40 പേര്‍ അറസ്റ്റിലായി. ഇവരില്‍ 26 പേരെ റിമാന്‍ഡ് ചെയ്തു. കണ്ടാലറിയുന്ന 150 ആളുകള്‍ക്കെതിരേ കേസുണ്ട്. റിമാന്‍ഡിലായവരുടെ മൊബൈല്‍ ഫോണ്‍ പൊലിസ് പരിശോധിച്ചുവരികയാണ്. പൊലിസ് കാമറയില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ മുന്‍നിര്‍ത്തിയായിരുന്നു അറസ്റ്റ്. ഈ ദൃശ്യങ്ങള്‍ പൊലിസ് പരിശോധിക്കുന്നുണ്ട്. അറസ്റ്റിലായവരുടെ രാഷ്ട്രീയ ബന്ധവും അന്വേഷിക്കുന്നുണ്ട്.
തലശ്ശേരിയില്‍ 1012 പേര്‍ക്കെതിരേയാണ് കേസ്. അക്രമ സംഭവവുമായി ബന്ധപ്പെട്ട് 14 പേര്‍ റിമാന്‍ഡിലായി. ഇരിട്ടിയിലുണ്ടായ സംഘര്‍ഷത്തില്‍ 30 പേര്‍ക്കെതിരേയാണ് കേസ്. തളിപ്പറമ്പ് സ്റ്റേഷന്‍ പരിധിയില്‍ 500 പേര്‍ക്കെതിരേ പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തു. പ്രതികള്‍ക്കായി വ്യാപക റെയ്ഡ് തുടരുകയാണ്.
പഴയങ്ങാടിയില്‍ മുട്ടം കക്കാടപ്പുറം സ്വദേശികളായ കെ.പി ഷഫീഖ്(30), എം.പി മഹറൂഫ്(24), എസ്.പി.പി സൈഫുദ്ധീന്‍(21), അസദ്(23), ഫരീദ്(26) എന്നിവരെ റിമാന്‍ഡ് ചെയ്തു. ഹര്‍ത്താല്‍ ചോദ്യം ചെയ്ത മൂന്നുപേരെ മര്‍ദിച്ചതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്. കേസില്‍ ഒന്‍പത് പേരെ കൂടി പിടികൂടാനുണ്ട്. പുതിയങ്ങാടി, പഴയങ്ങാടി ഭാഗങ്ങളില്‍ സംഘര്‍ഷമുണ്ടാക്കിയതിന് മറ്റൊരു കേസില്‍ പത്ത് പേരെ കൂടി പിടികൂടാനുണ്ടെന്ന് പഴയങ്ങാടി പൊലിസ് അറിയിച്ചു.
ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും സംഘം ചേര്‍ന്ന് പൊലിസിനെ അക്രമിക്കല്‍, ക്രമവിരുദ്ധമായി സംഘംചേരല്‍, പൊതുമുതല്‍ നശിപ്പിക്കല്‍, പൊലിസിനെ അക്രമിക്കല്‍ തുടങ്ങിയവയില്‍ ജാമ്യമില്ലാ വകുപ്പു പ്രകാരമാണ് കേസ്. ഇരിട്ടിയില്‍ അറസ്റ്റിലായ പയഞ്ചരി കണിയറക്കല്‍ ഹൗസില്‍ റാഷിദ്(20), കീഴൂരിലെ ചാല പുതിയപുരയില്‍ ശിഹാബുദ്ധീന്‍(27) കീഴൂര്‍ സഫിനാസ് മന്‍സില്‍ മുഹമ്മദ് ജിഷാദ്(23) എന്നിവരെ മട്ടന്നൂര്‍ കോടതി റിമാന്‍ഡ് ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."