സ്വര്‍ണവ്യാപാരിയില്‍ നിന്ന് 10 ലക്ഷം കവര്‍ന്ന പ്രതികള്‍ പിടിയില്‍
കോഴിക്കോട്: കെ.എസ്.ആര്.ടി.സി ബസ് സ്റ്റാന്‍ഡില്‍ തളര്‍ന്നുവീണ സ്വര്‍ണവ്യാപാരിയുടെ കൈയില്‍നിന്ന് 10 ലക്ഷം കവര്‍ന്ന കേസിലെ പ്രതികള്‍ പിടിയില്‍. കല്ലായി കണ്ണഞ്ചേരി പെട്രോള്‍പമ്പിനുസമീപം സൈന ഹൗസില്‍ അബ്ദുല്‍ റസാഖ് (40), തലക്കുളത്തൂര്‍ പറമ്പത്ത് മതിലകം ക്ഷേത്രത്തിനു സമീപം വെളുത്തേടത്ത് വീട്ടില്‍ വിഷ്ണു (26)എന്നിവരാണ് പിടിയിലായത്.
നടക്കാവ് സി.ഐ മൂസ വള്ളിക്കാടന്റെ നേതൃത്വത്തില്‍ ഇന്നലെ പുലര്‍ച്ചെയോടെയാണ് അറസ്റ്റ്. പ്രതികളെ കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി (നാല്)യില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ മെയ് 11നാണ് കേസിനാസ്പദമായ സംഭവം. പഴയ സ്വര്‍ണം ശേഖരിച്ച് തമിഴ്നാട്ടിലെത്തിച്ച് കച്ചവടം നടത്തുന്ന തമിഴ്നാട് മധുര സ്വദേശി അര്‍ജുനാണ് പക്ഷാഘാതത്തെത്തുടര്‍ന്ന് കുഴഞ്ഞുവീണത്. അര്ജുനന് മദ്യപിച്ച് കിടക്കുകയാണെന്ന് ധരിച്ച് ഷാഡോ പൊലിസ് ചമഞ്ഞ് അടുത്തെത്തിയ പ്രതികള്‍ പണമടങ്ങിയ ബാഗ് മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു. ആരും തിരിഞ്ഞുനോക്കാതെ കിടന്ന അര്‍ജുനനെ അടുത്തദിവസം രാവിലെയാണ് പൊലിസ് ആശുപത്രിയിലെത്തിച്ചത്.
അര്ജുനന് ഫുട്പാത്തില്‍ വീണുകിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട വിഷ്ണു, റസാഖിനെ വിളിച്ചുവരുത്തി സംഘം ചേര്‍ന്ന് ബാഗ് കവരുകയായിരുന്നു. റസാഖിന്റെ വീട്ടിലെത്തി പണം എണ്ണിത്തിട്ടപ്പെടുത്തിയ ശേഷം വീതിച്ചെടുത്ത് സുഹൃത്തുക്കള്‍ക്കൊപ്പം മംഗലാപുരം, ഗോവ, ബംഗളൂരു എന്നിവിടങ്ങളില്‍ കറങ്ങിനടന്ന് പണം ധൂര്‍ത്തടിക്കുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു. വിഷ്ണു ഇതിനുമുന്‍പും സമാനകേസുകളില്‍ പിടിക്കപ്പെട്ട് ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."