ബി.സി.സി.ഐയെ ആര്‍.ടി.ഐ പരിധിയില്‍ കൊണ്ടുവരണം
ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിനെ (ബി.സി.സി.ഐ) വിവരാവകാശ നിയമത്തിന്റെ (ആര്‍.ടി.ഐ) പരിധിയില്‍ കൊണ്ടുവരണമെന്ന് ശുപാര്‍ശ. നിയമ കമ്മിഷനാണ് ഇതുസംബന്ധിച്ച ശുപാര്‍ശ കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചത്. ബി.സി.സി.ഐക്ക് കീഴിലുള്ള സംസ്ഥാന ക്രിക്കറ്റ് ബോര്‍ഡുകളേയും നിയമത്തിന്റെ കീഴിലാക്കണമെന്ന് കമ്മിഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. ബി.സി.സി.ഐയെ ദേശീയ കായിക ഫെഡറേഷനായി അംഗീകരിച്ച ശേഷം നിയമം നടപ്പിലാക്കണമെന്നും ശുപാര്‍ശയില്‍ പറയുന്നു.
രാജ്യത്തെ മറ്റ് കായിക ഫെഡറഷനുകളെല്ലാം വിവരാവകാശ നിയമത്തിന്റെ പരിധിയിലുള്ളപ്പോള്‍ എന്തുകൊണ്ടാണ് ബി.സി.സി.ഐ മാത്രം ഇല്ലാത്തതെന്ന ചോദ്യവും കമ്മിഷന്‍ ഉന്നയിച്ചിട്ടുണ്ട്. നിലവില്‍ തമിഴ്‌നാട് സൊസൈറ്റീസ് റജിസ്‌ട്രേഷന്‍ നിയമ പരിധിയില്‍ ഒരു സ്വകാര്യ സംരഭമായാണ് ബി.സി.സി.ഐ പ്രവര്‍ത്തിക്കുന്നത്. നിലവിലെ സംവിധാനത്തിന് പകരമായി ആര്‍ട്ടിക്കിള്‍ 12 പ്രകാരം സ്റ്റേറ്റ് വിഭാഗത്തില്‍ ബി.സി.സി.ഐയെ ഉള്‍പ്പെടുത്തണമെന്നും നിലവില്‍ സ്റ്റേറ്റ് വിഭാഗത്തില്‍ പെടുന്ന സംഘടനകളുടെ അധികാരങ്ങള്‍ ബോര്‍ഡ് ഉപയോഗപ്പെടുത്തുന്നതായും 128 പേജുകളുള്ള റിപ്പോര്‍ട്ടില്‍ കമ്മിഷന്‍ ചൂണ്ടിക്കാട്ടുന്നു. മുന്‍ സുപ്രിം കോടതി ജഡ്ജി ജസ്റ്റിസ് ബി.എസ് ചൗഹാന്‍ തലവനായ കമ്മിഷന്‍, ശുപാര്‍ശകളടങ്ങിയ റിപ്പോര്‍ട്ട് കേന്ദ്ര നിയമ മന്ത്രി രവി ശങ്കര്‍ പ്രസാദിന് കൈമാറി.
ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് വിവരാവകാശ നിയമത്തിന്റെ കീഴിലായാല്‍ ടീം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അതൃപ്തിയുള്ള ആര്‍ക്കും കോടതിയെ സമീപിക്കാം. ദേശീയ, സംസ്ഥാന ടീമുകളുടെ തിരഞ്ഞെടുപ്പ് സംബന്ധിച്ച് പൊതുതാത്പര്യ ഹരജി സമര്‍പ്പിക്കാനുള്ള അവസരവുമുണ്ട്.ബി.സി.സി.ഐ ഇടപാടുകള്‍, കരാറുകള്‍ സംബന്ധിച്ച വിഷയങ്ങള്‍ തോടതിയില്‍ ചോദ്യം ചെയ്യാനുള്ള അവകാശവും പൊതുജനങ്ങള്‍ക്ക് ലഭിക്കും.
ബി.സി.സി.ഐയെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരുന്ന കാര്യം പരിശോധിക്കാന്‍ 2016 ജൂലൈയില്‍ സുപ്രിം കോടതിയാണ് നിയമ കമ്മിഷനോട് ആവശ്യപ്പെട്ടത്. വരുമാനത്തിന്റെ കാര്യത്തില്‍ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ കായിക സംഘടയായ ബി.സി.സി.ഐയിലെ പ്രവര്‍ത്തനങ്ങള്‍ സുതാര്യമാക്കുന്നതിന്റെ ഭാഗമായാണ് അന്ന് കോടതി ഇക്കാര്യത്തില്‍ പരിശോധന ആവശ്യപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."