പ്രതിയെ തുറന്നുവിട്ട സംഭവം: രണ്ട് പൊലിസുകാരെ സ്ഥലംമാറ്റി നടപടി സ്ഥലംമാറ്റത്തില്‍ ഒതുക്കാന്‍ നീക്കമെന്ന് ആരോപണം
അരീക്കോട് (മലപ്പുറം): വിദ്യാര്‍ഥികള്‍ക്ക് ലഹരി ഗുളികകള്‍ വിതരണം ചെയ്ത കേസില്‍ പിടിയിലായ പ്രതിയെ അരീക്കോട് പൊലിസ് സ്റ്റേഷനിലെ ലോക്കപ്പില്‍ നിന്ന് തുറന്നുവിട്ട സംഭവത്തില്‍ രണ്ട് പൊലിസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം മാറ്റം. സിവില്‍ പൊലിസ് ഓഫീസര്‍മാരായ അഷ്‌റഫ്, മായാദേവി എന്നിവര്‍ക്കെതിരേയാണ് മലപ്പുറം ജില്ലാ പൊലിസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്‌റ നടപടി സ്വീകരിച്ചത്.
ഡിസംബര്‍ 17 ന്് പ്രത്യേക അന്വേഷണ സംഘം പിടികൂടിയ കൊല്‍ക്കത്ത സ്വദേശിയായ മുഹമ്മദ് റസലി (20)നെ പൊലിസ് പണം വാങ്ങി ലോക്കപ്പില്‍ നിന്ന് തുറന്നുവിട്ടതാണെന്ന വിവരം സുപ്രഭാതം വാര്‍ത്തയാക്കിയിരുന്നു. പിന്നീട് സ്പഷല്‍ ബ്രാഞ്ച് നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ്‌സംഭവം നടന്ന ഡിസംബര്‍ 18 ന് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന രണ്ട് പൊലിസുകാരെ അരീക്കോട് സ്റ്റേഷനില്‍ നിന്നും മലപ്പുറം എ.ആര്‍ ക്യാംപിലേക്ക് മാറ്റിയത്. സംഭവവുമായി ബന്ധപ്പെട്ട് ഉന്നതതല അന്വേഷണം നടക്കുന്നതായാണ് വിവരം. എന്നാല്‍ ആഭ്യന്തര വകുപ്പിന് നാണക്കേടുണ്ടാക്കുന്ന തരത്തില്‍ ഗുരുതരമായ കൃത്യവിലോപം നടന്നിട്ടും കര്‍ശനമായ നടപടികള്‍ സ്വീകരിക്കാതെ സ്ഥലം മാറ്റത്തില്‍ ഒതുക്കി പ്രശ്‌നം പരിഹരിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന ആരോപണം ശക്തമായിട്ടുണ്ട്.
ഡിസംബര്‍ 31 ന് ന്യൂ ഇയര്‍ ആഘോഷിക്കാന്‍ ഗുണ്ടല്‍പേട്ടയിലെ ഒരു വീട്ടിലെത്തിയ രണ്ട് പൊലിസുകാരില്‍ നിന്നാണ് പ്രതിയെ തുറന്നുവിട്ടതാണെന്ന തരത്തിലുള്ള വിവരങ്ങള്‍ സുപ്രഭാതത്തിന് ലഭിച്ചത്. ലഹരി മാഫിയയുമായി ബന്ധമുള്ള ആളുകളോടൊപ്പമാണ് പൊലിസുകാര്‍ ന്യൂ ഇയര്‍ ആഘോഷത്തിന് ഗുണ്ടല്‍പേട്ടയില്‍ എത്തിയത്. ആഘോഷ പരിപാടികള്‍ക്കിടെയാണ് ആഭ്യന്തര വകുപ്പിന് നാണക്കേടുണ്ടാക്കുന്ന തരത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ ഇവരില്‍ നിന്നും പുറത്തായത്. ഒരു ലക്ഷം രൂപ വാങ്ങി പ്രതിയെ തുറന്നുവിടുകയായിരുന്നുവെന്നാണ് വെളിപ്പെടുത്തല്‍.
ലഹരി മാഫിയയുമായി ബന്ധമുള്ള അരീക്കോട്ടെ പ്രബലരായ വ്യക്തികളും ലഹരി വസ്തുക്കള്‍ എത്തിച്ച് കൊടുക്കുന്ന ഒരാളും ചേര്‍ന്നാണ് പ്രതിയെ ലോക്കപ്പില്‍ നിന്ന് തുറന്നുവിടാന്‍ രണ്ട് പൊലീസുകാര്‍ക്ക് ഒരു ലക്ഷം രൂപ നല്‍കിയത്. കൊല്‍ക്കത്ത സ്വദേശിയായ പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്താല്‍ തങ്ങള്‍ പിടിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും മുന്നില്‍ക്കണ്ടാണ് പണം നല്‍കി രക്ഷപ്പെടുത്താനുള്ള തീരുമാനം എടുത്തത്. എന്നാല്‍ തന്നെ രക്ഷപ്പെടുത്താനുള്ള തീരുമാനത്തിലെത്തിയും ഇതിനായി പണം കൊടുക്കുന്നതും ലോക്കപ്പിലുള്ള മുഹമ്മദ് റസല്‍ അറിഞ്ഞിരുന്നില്ല.
വാഹനവുമായി പുറത്ത് കാത്തുനില്‍ക്കുമെന്നും ലോക്കപ്പില്‍ നിന്ന് തുറന്നുവിട്ടാല്‍ ഉടന്‍ തന്നെ പൊലിസിന് പിടികിട്ടാത്ത തരത്തില്‍ പ്രതിയെ രക്ഷപ്പെടുത്താമെന്നുമായിരുന്നു പണം കൊടുത്തവര്‍ പൊലിസുകാരോട് പറഞ്ഞിരുന്നത്. ഇതു പ്രകാരം പ്രതിയെ തുറന്നുവിട്ടെങ്കിലും ഈ സമയം പണം നല്‍കിയവര്‍ വാഹനവുമായി എത്തിയില്ല. ഇതോടെ പ്രതി മുഹമ്മദ് റസല്‍ ഓടി രക്ഷപ്പെടുകയായിരുന്നു.
മുഹമ്മദ് റസലിനെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയ ഡിസംബര്‍ 17ന് ലഹരി വസ്തുക്കളുടെ വില്‍പ്പനയുമായി അരീക്കോടുണ്ടായിരുന്ന ഇതര സംസ്ഥാനക്കാരനായ മറ്റൊരാളെ ലഹരി മാഫിയ ഇടപെട്ട് നാട്ടിലേക്ക് പറഞ്ഞയച്ചതായും വിവരമുണ്ട്.
വിദ്യാര്‍ത്ഥികള്‍ക്കു ലഹരി ഗുളികകള്‍ വിതരണം ചെയ്തുവന്ന സംഘത്തിലെ പ്രധാനിയാണ് പ്രതി മുഹമ്മദ് റസല്‍. മലപ്പുറം ജില്ലാ പൊലിസ് മേധാവി ദേബേഷ് കുമാര്‍ ബഹ്‌റയ്ക്കു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഡിവൈ.എസ്.പി ജലീല്‍ തോട്ടത്തിലിന്റെ നിര്‍ദ്ദേശ പ്രകാരം പ്രതിയെ പിടികൂടിയിരുന്നത്. കോയമ്പത്തൂരില്‍ ജോലി ചെയ്തിരുന്ന പ്രതി അവിടേക്ക് തന്നെ തിരിക്കാന്‍ സാധ്യതയുണ്ടെന്ന നിഗമനത്തില്‍ മഞ്ചേരി സി.ഐ ഷൈജുവിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘം കോയമ്പത്തൂരിലും മറ്റൊരു പൊലിസ് സംഘം ബംഗാളിലും തിരച്ചില്‍ നടത്തിയിരുന്നെങ്കിലും പ്രതിയെ പിന്നീട് കണ്ടെത്താനായിരുന്നില്ല.
ലോക്കപ്പില്‍ നിന്ന് പ്രതി രക്ഷപ്പെട്ട സംഭവത്തിന് കാരണമായത് ഡ്യൂട്ടിയിലുള്ള പൊലിസുകാരുടെ കുറ്റകരമായ അനാസ്ഥയാണെന്ന് നേരത്തെ ആക്ഷേപമുയര്‍ന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."