ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് വൈകിപ്പിക്കുന്നതിനെതിരേ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി
ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം അനിശ്ചിതമായി വൈകിപ്പിക്കുന്നതിനെതിരേ എല്‍.ഡി.എഫ് നിയോജകമണ്ഡലം തെരഞ്ഞെടുപ്പ ്കമ്മിറ്റി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി. കമ്മിഷന് മുന്‍പാകെ പരാതിയില്‍ ഉന്നയിച്ച കാര്യങ്ങള്‍ എല്‍.ഡി.എഫ് നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി അഡ്വ.പി. വിശ്വംഭരപ്പണിക്കര്‍, കണ്‍വീനര്‍ എം.എച്ച് റഷീദ്, സി.പി.ഐ മണ്ഡലം സെക്രട്ടറി പി.എം തോമസ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു.
കാലവര്‍ഷം ആരംഭിച്ചശേഷം തെരഞ്ഞെടുപ്പ് നടത്തിയാല്‍ പോളിങ് സുഗമമാകില്ല. പോളിങ് സ്‌റ്റേഷനുകളിലുള്‍പ്പെടെ വെള്ളംകയറുന്ന പ്രദേശങ്ങള്‍ ചെങ്ങന്നൂരിലുണ്ടെന്നും വോട്ടര്‍മാര്‍ക്ക് പ്രയാസമുണ്ടാക്കുന്നത് പോളിങ് ശതമാനത്തെ ബാധിക്കുമെന്നും പരാതിയില്‍ പറയുന്നു.
ജൂണില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കും. വിദ്യാലയങ്ങളില്‍ പോളിങ് സ്‌റ്റേഷനുകള്‍ സജ്ജീകരിക്കുന്നതിനും ബുദ്ധിമുട്ടുണ്ടാകും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പോളിങ് സ്‌റ്റേഷനുകളായി മാറുന്നത് അധ്യയന ദിനങ്ങളെയും ബാധിക്കും.
തെരഞ്ഞെടുപ്പ് അനിശ്ചിതമായി നീണ്ടുപോകുന്നതുമൂലം വോട്ടര്‍മാരെ അവിഹിതമായി സ്വാധീനിക്കുന്നതിനുള്ള ശ്രമം കൂടുതല്‍ നടക്കും. ബി.ജെ.പി പ്രവര്‍ത്തകര്‍ പണം നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കുകയാണ്. പണം നല്‍കിയ ബി.ജെ.പി പ്രവര്‍ത്തകരില്‍ ഒരാളായ എ.കെ പിള്ള എന്ന അരവിന്ദാക്ഷന്‍പിള്ളയെ നാട്ടുകാര്‍ കൈയോടെ പിടികൂടിയിട്ടുണ്ട്. ഇയാള്‍ക്കെതിരേ പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുമുണ്ട്.
മണ്ഡലത്തിലാകെ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ബി.ജെ.പി പണംഒഴുക്കല്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നത് ജനഹിതം അനുസരിച്ചുള്ള തെരഞ്ഞെടുപ്പ് അസാധ്യമാക്കുമെന്നും എല്‍.ഡി.എഫ് പരാതിയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."