ചുഴലിക്കാറ്റ്; കണ്ണീര്‍തോരാതെ മലയോര കര്‍ഷകര്‍
കുറ്റ്യാടി: തിങ്കളാഴ്ച അര്‍ധരാത്രി വ്യാപക നാശംവിതച്ച് ആഞ്ഞുവീശിയ ചുഴലിക്കാറ്റില്‍ കണ്ണീര്‍തോരാതെ മലയോര കര്‍ഷകര്‍. തങ്ങളുടെ ഏക പ്രതീക്ഷയായിരുന്ന ഹെക്ടര്‍ കണക്കിന് ഭൂമിയിലെ കാര്‍ഷിക വിളകള്‍ നൊടിയിടെ വീശിയെത്തിയ കാറ്റ് കവര്‍ന്നെടുത്തതില്‍ ഹൃദവേദനയോടെ കഴിയുകയാണിവര്‍. ബാങ്കുകള്‍, കുടുംബശ്രീ കൂട്ടായ്മ, മറ്റു സ്വകാര്യധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്ന് കടമെടുത്ത് ചെയ്ത കൃഷികളാണ് നിലംപൊത്തിയത്.
കാവിലുംപാറയിലെ പൊയിലോംചാല്‍ പ്രദേശത്തെ മാവുള്ളപറമ്പത്ത് ലാല്‍ജിത്ത്, വില്‍സണ്‍ ചെത്തിമറ്റം എന്നീ യുവകര്‍ഷകുടെ കൂട്ടുകൃഷിയാണ് വിളവെടുപ്പ് നടത്താന്‍ രണ്ട് മാസങ്ങള്‍ ബാക്കി നില്‍ക്കെ നശിച്ചത്. അഞ്ച് ഏക്കര്‍ ഭൂമിയില്‍ 5,000 നേന്ത്രവാഴകള്‍ കൃഷിചെയ്തതില്‍ 2,000ത്തിലേറെയും കാറ്റിലകപ്പെട്ടു. നേന്ത്രവാഴകളുടെ കൂട്ടത്തില്‍ ഏറ്റവും മുന്തിയ ഇനമായ സ്വര്‍ണമുഖിയാണ് നശിച്ചത്. അതേസമയം ഇത്രയും വലിയൊരു കൃഷി ഇന്‍ഷൂര്‍ ചെയ്യാനാവാത്തതും ഇവരുടെ ദുരിതം ഇരട്ടിപ്പിക്കുന്നുണ്ട്.
കായക്കൊടി പഞ്ചായത്തിലെ കാരേകുന്നുമ്മല്‍ നാണുവിന്റെ കൃഷിയിടത്തിലെ രണ്ടായിരം നാടന്‍ നേന്ത്രവാഴകളില്‍ ആയിരത്തിനടുത്ത വാഴകള്‍ നശിച്ചു. കൃഷിയിറക്കാനായി ഏകദേശം രണ്ടര ലക്ഷം രൂപ വായ്പ എടുത്തു. പരിചരണവും കൂലിയിനത്തിലുമായി ഏഴ് ലക്ഷത്തോളം രൂപ ചെലവാവുകയും ചെയ്തു.
കഴിഞ്ഞ ദിവസം അര്‍ധരാത്രിയില്‍ മലയോര മേഖലയില്‍ ആഞ്ഞടിച്ച ചുഴലിക്കാറ്റില്‍ പോളിഹൗസ് തകര്‍ന്നു. പുതംപാറ കട്ടക്കയത്തില്‍ തോമസിന്റെ പോളിഹൗസാണ് കാറ്റില്‍ പൂര്‍ണമായും തകര്‍ന്നത്. പത്ത് സെന്റ് ഭൂമിയില്‍ കൃഷിവകുപ്പിന്റെ സഹകരണത്തോടെയാണ് സ്ഥാപിച്ചിരുന്നത്. നിലവില്‍ പോളിഹൗസ് നവീകരിക്കാതെ കൃഷി ചെയ്യാന്‍ കഴിയാത്ത സാഹചര്യമാണ്. അഞ്ച് ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. കൃഷി വകുപ്പ് ഉദ്യാഗസ്ഥര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.
തിങ്കളാഴ്ച രാത്രി 12ന് തുടങ്ങിയ കാറ്റ് ഏകദേശം ഒരു മണിക്കൂറിലേറെ സമയംവരെ തുടര്‍ന്നിരുന്നു. കാറ്റില്‍ ഹെക്ടര്‍ കണക്കിന് കൃഷിയിടങ്ങളിലെ വിളകള്‍ നശിച്ചതിന് പുറമെ നിരവധി ഫലവൃക്ഷങ്ങളും നിലംപൊത്തി. മലയോര മേഖലയിലെ നിരവധി വീടുകളും കാറ്റില്‍ തകര്‍ന്നു.
വന്യമൃഗശല്യവും, ജലക്ഷാമവും തീര്‍ക്കുന്ന ദുരിതം പേറി കഴിയവെ വന്നെത്തിയ കാറ്റ് മേഖലയിലെ കര്‍ഷകരുടെ ദുരിതം ഇരട്ടിപ്പിച്ചിരിക്കുകയാണ്. ബന്ധപെട്ട അധികാരികളുടെ കൈതാങ്ങിനായി കാത്തിരിക്കുകയാണ് മലയോര ജനത. 50 ലക്ഷംരൂപയുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."