സഊദിയിലെ സൈനിക പരിശീലനത്തില്‍ ഖത്തര്‍ പങ്കെടുത്തു
ജിദ്ദ: ഖത്തര്‍ സൈന്യം സഊദിയില്‍ നടന്ന സംയുക്ത സൈനികാഭ്യാസത്തില്‍ പങ്കെടുത്തു. 'ജോയിന്റ് ഗള്‍ഫ് ഷീല്‍ഡ്1' എന്ന പേരില്‍ നടന്ന സൈനികാഭ്യാസ പ്രകടനത്തിലാണ് ഖത്തര്‍ സൈന്യം പങ്കാളികളായത്.
പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ച് ഖത്തര്‍ ന്യൂസ് ഏജന്‍സിയാണ് വാര്‍ത്ത പുറത്തുവിട്ടത്. സഊദി സൈനിക മേധാവിയുടെ ക്ഷണം സ്വീകരിച്ചാണ് ഖത്തര്‍ സൈന്യം റാസല്‍ ഖൈറിലേക്ക് പുറപ്പെട്ടത്. സഊദി സൈനിക മേധാവി ലഫ്. ജനറല്‍ ഫയ്യാദ് ബിന്‍ ഹമീദ് അല്‍ റുവൈലിയാണ് ഖത്തറിനെ ക്ഷണിച്ചത്.
സഊദിയിലെ ജുബൈല്‍ നഗരത്തിനു സമീപമുള്ള റാസല്‍ ഖൈറില്‍ വച്ചാണ് പരിശീലനം നടന്നത്. മാര്‍ച്ച് 21ന് ആരംഭിച്ച പരിശീലനം ഏപ്രില്‍ 16നാണ് സമാപിച്ചത്. സൈനിക പ്രകടനത്തില്‍ 25 ഇസ്‌ലാമിക രാജ്യങ്ങളില്‍ നിന്നുള്ള സൈനികര്‍ പങ്കെടുത്തു. ഖത്തര്‍ സൈന്യത്തിന്റെ വ്യോമ, നാവിക, കരസേനകളില്‍പ്പെട്ട വിദഗ്ധര്‍ പങ്കെടുത്തു. ബ്രിഗേഡിയര്‍ ജനറല്‍ ഖമീസ് മുഹമ്മദ് ദബ്ലാനാണ് ഖത്തര്‍ സൈന്യത്തിന് നേതൃത്വം നല്‍കിയത്. പങ്കെടുത്ത എല്ലാ രാജ്യങ്ങളും തങ്ങളുടെ സൈനിക ശേഷി പ്രദര്‍ശിപ്പിക്കുകയും പരസ്പരം ആശയങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്തു.
അറബ് ഇസ്‌ലാമിക രാജ്യങ്ങളുടെ ഐക്യമാണ് സൈനിക അഭ്യാസ പ്രകടനത്തിലൂടെ ലക്ഷ്യമിടുന്നത്. മേഖലയില്‍ അപ്രതീക്ഷിക ആക്രമണങ്ങളുണ്ടായാല്‍ എങ്ങനെ പ്രതിരോധിക്കാമെന്നതായിരുന്നു അഭ്യാസ പ്രകടനത്തിന്റെ പ്രധാന ലക്ഷ്യം. എല്ലാ രാജ്യങ്ങളും അവരുടെ തന്ത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു. ഖത്തറും സഊദിയുമുള്‍പ്പെടെയുള്ള രാജ്യങ്ങളിലെ സൈനികരും പ്രകടനത്തില്‍ സജീവ പങ്കാളിത്തം വഹിച്ചു.
ഖത്തറിനെതിരെ സഊദി അടക്കമുള്ള ഗള്‍ഫ് രാഷ്ട്രങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തിയതിനു ശേഷം ഇതാദ്യമായാണ് സഊദിയുമായി സൈനിക പരിശീലനം നടത്തുന്നതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. 2017 ജൂണ്‍ അഞ്ചിനാണ് സഊദിയടക്കമുള്ള നാലു ജി.സി.സി രാജ്യങ്ങള്‍ ഖത്തറിനെതിരെ ഉപരോധം ഏര്‍പ്പെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."