വരാപ്പുഴ കസ്റ്റഡി മരണം: മെഡി. ബോര്‍ഡ് രൂപീകരണത്തിനെതിരേ ഫോറന്‍സിക് വിദഗ്ധര്‍
കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാനുള്ള പൊലിസ് നീക്കത്തിനെതിരേ ഫോറന്‍സിക് സര്ജന്മാരുടെ സംഘടന.
പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടര്‍ മരണകാരണം കണ്ടെത്തിയതിനുശേഷം മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കുന്നത് ശരിയല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഫോറന്‍സിക് സര്ജന്മാരുടെ സംഘടനയായ കേരള മെഡിക്കോ ലീഗല്‍ സൊസൈറ്റി രംഗത്തുവന്നിരിക്കുന്നത്.
വയറിനേറ്റ ആഘാതമാണ് മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കെ ആരാണ് വയറ്റില്‍ ചവിട്ടിയതെന്ന് കണ്ടെത്തേണ്ടത് പൊലിസാണെന്നും അത് ഡോക്ടര്‍മാരുടെ പണിയല്ലെന്നുമാണ് സംഘടനയുടെ നിലപാട്. ഏതെങ്കിലും രോഗിയുടെ ചികില്‍സയില്‍ പിഴവുണ്ടോയെന്ന് കണ്ടെത്താന്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാറുണ്ട്. എന്നാല്‍, കൊലപാതക കേസില്‍ മരണകാരണം കണ്ടെത്താനെന്ന പേരില്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കുന്നതില്‍ അപകാതയുണ്ടെന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്.
പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടര്‍ മരണകാരണം രേഖപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹം ഇപ്പോഴും സര്‍വിസിലുണ്ട്. ആലപ്പുഴ മെഡിക്കല്‍ കോളജിലെ സീനിയര്‍ ഫോറന്‍സിക് പ്രൊഫസറുടെ മേല്‍നോട്ടത്തില്‍ മൂന്നുപേരടങ്ങുന്ന ഡോക്ടര്‍മാരുടെ സംഘമാണ് ശ്രീജിത്തിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്ത് റിപ്പോര്‍ട്ട് തയാറാക്കിയത്. ഈ റിപ്പോര്‍ട്ടിന് കോടതിയിലുള്ള പ്രാധാന്യം ഇല്ലാതാക്കുന്ന നടപടിയാണ് മെഡിക്കല്‍ ബോര്‍ഡ് രൂപീകരണമെന്നും സംഘടന വ്യക്തമാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."