തൃശൂര്‍ പൂരത്തിന് കൊടി ഉയര്‍ന്നു
തൃശൂര്‍: പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരത്തിന് കൊടിയേറി. പ്രധാന പങ്കാളികളായ പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രങ്ങളിലാണ് കൊടിയേറ്റ ചടങ്ങുകള്‍ നടന്നത്. മാവിലകൊണ്ടു പൂക്കളും ആലിലകൊണ്ടും അലങ്കരിച്ച കവുങ്ങിന്‍ കൊടിമരമാണ് ഇരു ക്ഷേത്രങ്ങളിലും ഉയര്‍ത്തിയത്. രാവിലെ 11.30നു ഭൂമിപൂജക്കു ശേഷമാണ് തിരുവമ്പാടിയില്‍ കൊടിമരത്തില്‍ കൊടിക്കൂറ കെട്ടിയത്.
പൂജകള്‍ക്കു ശേഷം മേല്‍ശാന്തി മൂത്തേടത്ത് സുകുമാരന്‍ നമ്പൂതിരി ദീപം തെളിയിച്ചതോടെ തിരുവമ്പാടി ക്ഷേത്രത്തിലെ പൂരം കൊടിയേറ്റത്തിന് തുടക്കമായി. പിന്നീട് കൊടിമരം ദേശക്കാരും ക്ഷേത്രഭാരവാഹികളും ചേര്‍ന്ന് ഉയര്‍ത്തി. താന്ത്രിക ചടങ്ങുകളുണ്ടായിരുന്നില്ല. പാരമ്പര്യ അവകാശികളില്‍പെട്ട താഴത്തുപുരയ്ക്കല്‍ സുന്ദരന്‍ ആശാരിയാണ് കൊടിമരം തയാറാക്കിയത്. വൈകീട്ട് മൂന്നിന് എഴുന്നള്ളിപ്പോടെ പുറത്തേക്കുവന്ന് നായ്ക്കനാലിലും നടുവിലാലിലും പൂരക്കൊടികള്‍ ഉയര്‍ത്തി. തുടര്‍ന്ന് എഴുന്നള്ളിപ്പ് വടക്കുന്നാഥ ക്ഷേത്രത്തിന്റെ ശ്രീമൂലസ്ഥാനം വഴി നടുവില്‍ മഠത്തിലെത്തി. വൈകീട്ട് നാലിനു പടിഞ്ഞാറെ ചിറയില്‍ ആറാട്ട് നടന്നു.
സമാന രീതിയിലാണ് 12.15ന് പാറമേക്കാവ് ക്ഷേത്രത്തിലും കൊടിയേറ്റ ചടങ്ങുകള്‍ നടന്നത്. ചെമ്പില്‍ കുട്ടനാശാരിയാണ് കൊടിമരം ഒരുക്കിയത്. അഞ്ച് ആനകളും മേളവുമായി എഴുന്നള്ളിപ്പോടെ എത്തി മണികണ്ഠനാലിലും കൊടി ഉയര്‍ത്തി. വടക്കുന്നാഥ ക്ഷേത്രത്തിലെ കൊക്കര്‍ണിയില്‍ ആറാട്ടും നടത്തി.
കൊടിയേറ്റ ചടങ്ങിനു ശേഷം പാറമേക്കാവ് ഭഗവതിയുടെ കോലമേന്തിയ ഗജവീരന്‍ പുറത്തേക്കെഴുന്നെള്ളിയതോടെ ആറാട്ടെഴുന്നെള്ളിപ്പിന് തുടക്കമായി. കൊടിയേറ്റ ചടങ്ങുകളില്‍ പങ്കാളികളാകാനും വീക്ഷിക്കാനുമായി നിരവധി പൂരപ്രേമികളാണ് ഇരു ക്ഷേത്രങ്ങളിലേക്കുമെത്തിയത്.
ലാലൂര്‍ കാര്‍ത്യായനി ക്ഷേത്രം, കണിമംഗലം ശാസ്താ ക്ഷേത്രം, അയ്യന്തോള്‍ കാര്‍ത്യായനി ക്ഷേത്രം, ചെമ്പൂക്കാവ് ഭഗവതി ക്ഷേത്രം, പനമുക്കുംപിള്ളി ശാസ്താ ക്ഷേത്രം, പൂക്കാട്ടിക്കര കാരമുക്ക് ഭഗവതി ക്ഷേത്രം, ചൂരക്കാട്ടുകര ഭഗവതി ക്ഷേത്രം, കുറ്റൂര്‍ നെയ്തലക്കാവ് ഭഗവതി ക്ഷേത്രം എന്നീ പൂരം ഘടക ക്ഷേത്രങ്ങളിലും കൊടിയേറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."