കേന്ദ്രസര്‍ക്കാരിനെ ജയലളിത പുറത്തു നിന്നു പിന്തുണച്ചേക്കും
ന്യൂഡല്‍ഹി: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ അണ്ണാ ഡി.എം.കെ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ സഖ്യത്തെ പുറത്തു നിന്നു പിന്തുണച്ചേക്കും. ഈ മാസം പകുതിയോടെ ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ജയലളിത കൂടിക്കാഴ്ച്ച നടത്തുന്നുണ്ട്. അതിനു ശേഷമാവും ഇക്കാര്യത്തില്‍ ധാരണയാവുക. ലോക്‌സഭയില്‍ നിലവില്‍ 39 അംഗങ്ങളാണ് അണ്ണാ ഡി.എം.കെക്ക് ഉള്ളത്. രാജ്യസഭയിലാവട്ടെ 12 അംഗങ്ങളും ഉണ്ട്. ജയലളിതയുടെ പിന്തുണ ലഭിക്കുകയാണെങ്കില്‍ ബില്ലുകള്‍ പാസാക്കാന്‍ രാജ്യസഭയില്‍ വിയര്‍ത്തുകുളിക്കുന്ന ബി.ജെ.പിക്ക് ആശ്വാസമാവും അത്. ഒപ്പം രാജ്യസഭയില്‍ സര്‍ക്കാര്‍ ന്യൂനപക്ഷമായതിനാല്‍ അവരെ വട്ടംകറക്കുന്ന കോണ്‍ഗ്രസിനു കനത്ത തിരിച്ചടിയും ആവും.
നേരത്തേ, പല ഘട്ടങ്ങിലും പാര്‍ലമെന്റിനകത്തും പുറത്തും എന്‍.ഡി.എക്ക് അനുകൂലമായി ജയലളിത നിലപാട് സ്വീകരിച്ചിരുന്നു. അതിന്റെ തുടര്‍ച്ചയാവും പുറമെനിന്നു പിന്തുണയ്ക്കാനുള്ള തീരുമാനം.
കഴിഞ്ഞതവണ ജയലളിത തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയെ ക്ഷണിച്ചിരുന്നു. എന്‍.ഡി.എ സഖ്യകക്ഷിയായിട്ടു കൂടി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാര്‍ പരസ്യമായി മോദിയോടൊപ്പം വേദി പങ്കിടാന്‍ മടിച്ചപ്പോഴായിരുന്നു ജയലളിതയുടെ മോദി സ്‌നേഹം. ഇതിനുള്ള പ്രതിഫലമായിരുന്നു ലോക്‌സഭാ ഡെപ്യൂട്ടി സ്പീക്കര്‍ പദവി ജയലളിതയുടെ വിശ്വസ്തനായ തമ്പിദുരൈക്ക് നല്‍കാന്‍ മോദിയെ പ്രേരിപ്പിച്ചത്. കഴിഞ്ഞതവണത്തേതില്‍ നിന്നു വ്യത്യസ്തമായി ഇത്തവണ തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസിന്റെ ഘടകകക്ഷിയായ ഡി.എം.കെയുടെ നേതൃത്വത്തിലുള്ള ശക്തമായ പ്രതിപക്ഷവുമുണ്ട്. ഈ സാഹര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ സഹായം അനിവാര്യമാണെന്നും ജയലളിത കരുതുന്നു.
രാജ്യസഭയില്‍ വേണ്ടത്ര ഭൂരിപക്ഷമില്ലാത്തതിനാല്‍ പല ബില്ലുകളും ലോക്‌സഭയില്‍ പാസായാലും രാജ്യസഭയില്‍ പരാജയപ്പെടാറുള്ളതിനാല്‍ ബില്ലുകള്‍ പാസാക്കുന്നതിന് സര്‍ക്കാര്‍ കോണ്‍ഗ്രസ്സടക്കമുള്ള കക്ഷികളുടെ കനിവു തേടുകയാണ് ചെയ്തുവരുന്നത്. ഈ അവസ്ഥയ്ക്ക് ജയലളിതയുടെ പിന്തുണ കിട്ടിയാല്‍ മാറ്റംവരും. ഒപ്പം ജി.എസ്.ടി പോലുള്ള സുപ്രധാന ബില്ലുകള്‍ പാസാക്കാനും കഴിയും. അതേസമയം, സഹകരണം സംബന്ധിച്ചു ഇതുവരെയും അണ്ണാ ഡി.എം.കെ വൃത്തങ്ങള്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എന്നാല്‍, പഴയസഖ്യമായ അണ്ണാ ഡി.എം.കെക്കു മുന്നില്‍ തങ്ങള്‍ വാതില്‍ തുറന്നിട്ടിരിക്കുകയാണെന്നാണ് ബി.ജെ.പിയുടെ പ്രതികരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."