നിയമസഭ വജ്രജൂബിലി ആഘോഷം 24 മുതല്‍
കോഴിക്കോട്: കേരള നിയമസഭയുടെ വജ്രജൂബിലിയോടനുബന്ധിച്ചുള്ള ആഘോഷങ്ങള്‍ 24 മുതല്‍ 27 വരെ വിവിധ പരിപാടികളോടെ ജില്ലയില്‍ നടക്കും. മണ്‍മറഞ്ഞ നിയമസഭാംഗങ്ങള്‍ക്ക് ശ്രദ്ധാഞ്ജലി, സി.എച്ച് മുഹമ്മദ് കോയ അനുസ്മരണം, മുന്‍ നിയമസഭാംഗങ്ങള്‍, സ്വാതന്ത്ര്യസമര സേനാനികള്‍ എന്നിവരെ ആദരിക്കല്‍, കലാസന്ധ്യ, സ്‌കൂള്‍-കോളജ് വിദ്യാര്‍ഥികളുടെ മാതൃകാ നിയമസഭ, സെമിനാര്‍, ചിത്ര-ചരിത്ര പ്രദര്‍ശനം എന്നിവ ആഘോഷത്തിന്റെ ഭാഗമായി ഒരുക്കുന്നുണ്ട്.
ഏപ്രില്‍ 23ന് വൈകിട്ട് നാലിന് കോഴിക്കോട് സ്റ്റേഡിയം മുതല്‍ ബീച്ച് വരെ നടക്കുന്ന ഘോഷയാത്രയോടെ വജ്രജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമാകും. നാലു ദിവസങ്ങളിലായി നടക്കുന്ന പരിപാടിയുടെ ഉദ്ഘാടനവും സി.എച്ച് അനുസ്മരണവും 24ന് വൈകിട്ട് നാലിന് ടാഗോര്‍ സെന്റിനറി ഹാളില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ നിര്‍വഹിക്കും. ചടങ്ങില്‍ മുന്‍ സാമാജികരെയും സ്വാതന്ത്ര്യസമര സേനാനികളെയും ആദരിക്കും. ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ അധ്യ
ക്ഷനാകും.
തൊഴില്‍-എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തും. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, എം.പിമാരായ മുല്ലപ്പള്ളി രാമചന്ദ്രന്‍, എം.കെ രാഘവന്‍, എം.ഐ ഷാനവാസ്, വി. മുരളീധരന്‍ എന്നിവര്‍ മുഖ്യാതിഥികളാകും. എ. പ്രദീപ് കുമാര്‍ എം.എല്‍.എ, ഡോ. എം.കെ മുനീര്‍ എം.എല്‍.എ, എം.പി വീരേന്ദ്രകുമാര്‍ എന്നിവര്‍ പങ്കെടുക്കും. തുടര്‍ന്ന് സി.എച്ച് മുഹമ്മദ്‌കോയയെ അനുസ്മരിച്ച് മുന്‍ അഡിഷണല്‍ ചീഫ് സെക്രട്ടറി ഡി. ബാബുപോ
ള്‍ പ്രഭാഷണം നടത്തും. ജില്ലയിലെ എം.എല്‍.എമാര്‍, നിയമസഭാ സെക്രട്ടറി വി.കെ ബാബുപ്രകാശ്, ജില്ലാ കലക്ടര്‍ യു.വി ജോസ് സംബന്ധിക്കും. തുടര്‍ന്ന് കലാസന്ധ്യയും അരങ്ങേറും.
25ന് മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നിയമസഭ മ്യൂസിയം വിഭാഗം സംഘടിപ്പിക്കുന്ന ചരിത്രപ്രദര്‍ശനം രാവിലെ 10ന് സി.കെ നാണു എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 2.30ന് നടക്കുന്ന മാതൃകാ നിയമസഭ മന്ത്രി ടി.പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. 26ന് രാവിലെ 10 മുതല്‍ മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നമ്മുടെ നിയമസഭ, വജ്രകേരളം എന്നീ ഹ്രസ്വചിത്രങ്ങളുടെ പ്രദര്‍ശനവും നടക്കും.
27ന് നിയമസഭാ ദിനത്തില്‍ 'സമഗ്ര ആരോഗ്യ പരിരക്ഷയ്ക്കുള്ള നിയമനിര്‍മാണങ്ങള്‍; ആശങ്കകളും പരിഹാരങ്ങളും' വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിക്കും. മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്യുന്ന സെമിനാറില്‍ സംസ്ഥാന ആസൂത്രണബോര്‍ഡ് അംഗം ഡോ. ബി. ഇക്ബാല്‍ വിഷയമവതരിപ്പിക്കും.
ഐ.എം.എ മുന്‍ സംസ്ഥാന പ്രസിഡന്റ് ഡോ. വി.ജി പ്രദീപ് കുമാര്‍, തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ. ഷേര്‍ളി വാസു, ഡോ. ജയപ്രകാശ് പങ്കെടുക്കും. വൈകിട്ട് അഞ്ചിന് നടക്കുന്ന സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ഡോ. എം.കെ മുനീര്‍ എം.എല്‍.എ അധ്യക്ഷനാകും. നിയമസഭ സെക്രട്ടേറിയറ്റിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സംയുക്താഭിമുഖ്യത്തിലാണ് ആഘോഷ പരിപാടി സംഘടിപ്പിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."