ജീവദായനി പ്രകൃതി
പ്രകൃതിയും മനുഷ്യനും ഒന്നാണെന്ന് ഓര്‍മ്മപ്പെടുത്തിക്കൊണ്ടാണ് ഇത്തവണയും പരിസ്ഥിതിദിനമെത്തുന്നത്. ജീവന്‍ നിലനിര്‍ത്താന്‍ പ്രകൃതിയെ കാക്കൂ എന്ന സന്ദേശമുയര്‍ത്തിയാണ് ഇത്തവണത്തെ പരിസ്ഥിതി ദിനം നമ്മള്‍ ആചരിക്കുന്നത്. ഐക്യരാഷ്ട്ര പരിസ്ഥിതി പരിപാടിയുടെ ഭാഗമായി 1972 മുതല്‍ എല്ലാ വര്‍ഷവും ജൂണ്‍ 5 ന് ലോക പരിസ്ഥിതി ദിനമായി ആചരിച്ചു പോരുന്നു. ജൈവ വൈവിധ്യം തകര്‍ക്കുന്ന വനവിഭവ ചൂഷണത്തിനെതിരെ പോരാടാനാണ് ഇത്തവണത്തെ ഐക്യരാഷ്ട്രസഭയുടെ പരിസ്ഥിതിദിന സന്ദേശം. വൃക്ഷങ്ങള്‍ ഇല്ലാതാകുന്നതും പുഴകളും തോടുകളും വറ്റുന്നതും കുടിവെള്ളം ലഭ്യത കുറയുന്നതും മനുഷ്യന്റെ കടന്നുകയറ്റങ്ങള്‍ കൊണ്ടാണെന്നത് ഒരിക്കല്‍ക്കൂടി ലോകത്തെ ഓര്‍മ്മപ്പെടുത്തുകയാണ് ഇന്ന്.
ആശങ്കയുയര്‍ത്തുന്ന രീതിയിലാണ് പ്രകൃതിയില്‍ മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുന്നത്. കാലം തെറ്റുന്ന കാലാവസ്ഥ, ഉയരുന്ന താപനില എന്നിവയെല്ലാം വലിയൊരു ആപത്തിന്റെ സൂചനയാണ് നമുക്ക് നല്‍കുന്നത്. ഓരോ പരിസ്ഥിതി ദിനം കഴിയുമ്പോഴും ആശങ്കയുടെ അളവ് കൂടുന്നതല്ലാതെ കുറയുന്നില്ല. കാലാവസ്ഥാ വ്യതിയാനം ചെറുക്കാനുള്ള ആഹ്വാനമാണ് ഇത്തവണത്തെ പരിസ്ഥിതി ദിനത്തിന്റെ സന്ദേശം.
പരിസ്ഥിതി പ്രശ്‌നങ്ങളെക്കുറിച്ചുള്ള അവബോധം വളര്‍ത്താനും പ്രകൃതിയെ സംരക്ഷിക്കാനുള്ള കര്‍മ പദ്ധതികള്‍ ആസൂത്രണം ചെയ്യാനുമായിട്ടാണ് നാം പരിസ്ഥിതിദിനം ആചരിക്കുന്നത്. ആ ഒരു ദിവസം കൊണ്ട് തന്നെ പ്രകൃതി സ്‌നേഹം മിക്കവാറും പേരിലും അവസാനിക്കുന്നു. ചുരുക്കം ചിലര്‍ കാനന പ്രേമികള്‍ അത് ഹൃദയത്തിലേറ്റി അതിനായി പ്രയത്‌നിക്കുന്നു.
പ്രകൃതി സംരക്ഷണത്തിന്റെ പ്രധാന്യം മനസിലാക്കുന്നവരുടെ എണ്ണം കൂടിവരുന്നുണ്ടെന്നുള്ളത് ആശ്വാസം നല്‍കുന്നുണ്ട്. ഭൂമിയെ നാം പരമാവധി കാര്‍ന്നു തിന്നു കഴിഞ്ഞു. ശേഷിച്ചവയെങ്കിലും സംരക്ഷിച്ചില്ലെങ്കില്‍ എന്താവും ഗതിയെന്നുള്ളത് ആര്‍ക്കും പറഞ്ഞ്‌കൊടുക്കാതെ തന്നെ മനസിലാക്കാന്‍ കഴിയുന്നതാണ്.
വികസനത്തിന്റെ സൂചികള്‍ അങ്ങ് ആകാശം മുട്ടിയിട്ടുണ്ട്. ഫാക്ടറികളും അണക്കെട്ടുകളും മാനം മുട്ടുന്ന കെടിടങ്ങള്‍ നിറഞ്ഞ നഗരങ്ങളുമാണ് നമ്മുടെ വികസന കാഴ്ച്ചപ്പാടുകള്‍. എന്നാല്‍ ശ്വസിക്കാന്‍ ശുദ്ധവായുവും ജലവും, കഴിക്കാന്‍ വിഷമുക്തമായ ആഹാരവും രോഗവിമുക്തമായ സമൂഹവും ശുചിത്വപൂര്‍ണമായ പരിസരവുമാണ് നമുക്ക് വേണ്ടതെന്ന് എന്നാണ് ലോകം തിരിച്ചറിയാന്‍ പോകുന്നത്.
പ്രകൃതിയും പ്രകൃതിസംരക്ഷണവും പാഠപുസ്തകത്തില്‍ മാത്രമായി ഒതുങ്ങാതെ കുട്ടികളെ പ്രകൃതിയെന്താണെന്നും അതിന്റെ സംരക്ഷണമെങ്ങനെ വേണമെന്നും കാട്ടിക്കൊടുക്കുകയും അതിനെക്കുറിച്ചുള്ള തിരിച്ചറിവുകള്‍ ഉയര്‍ത്താനും നമുക്ക് കഴിയണം. ഇവയെല്ലാം കേവലം പരിസ്ഥിതിദിനത്തിന്റെ മാത്രം ഭാഗമാക്കുകയല്ലാതെ നാളെ നമുക്ക് ജീവിക്കണമെങ്കില്‍ പ്രകൃതി വേണമെന്നുള്ള ബോധത്തോടെ നമ്മളെപ്പോലെതന്നെ അല്ലെങ്കില്‍ നമ്മുടെ കുട്ടികളെപോലെ തന്നെ പ്രകൃതിയേയും സ്‌നേഹിക്കാനും സംരക്ഷിക്കാനും നമുക്ക് സാധിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."