മാള കുളത്തിനു സമീപത്തെ കാന അപകട ഭീഷണിയാകുന്നു
മാള: കുളം ജലാശയത്തിനു സമീപം റോഡില്‍ വളവിനോടു ചേര്‍ന്നു നിര്‍മ്മിച്ച കാന കാല്‍നടയാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും അപകട ഭീഷണിയാവുന്നു. കൊടകര കൊടുങ്ങല്ലൂര്‍ സംസ്ഥാന പാതയില്‍ നിന്നും മാള സ്വകാര്യ ബസ് സ്റ്റാന്‍ഡിലേക്കു വാഹനങ്ങള്‍ എളുപ്പത്തില്‍ കടന്നു പോകുന്ന കിഴക്കേ അങ്ങാടി റോഡിന്റെ പ്രവേശന കവാടത്തിലാണു കാന നിര്‍മിച്ചിരിക്കുന്നത്.
വളവിനോടു ചേര്‍ന്നു നില്ക്കുന്ന കാന സ്ലാബിട്ടു മൂടണമെന്നു ആവശ്യപ്പെട്ടിട്ടും നടപടി ഉണ്ടായിട്ടില്ല. വാഹനങ്ങള്‍ വളവു തിരിഞ്ഞു വരുമ്പോള്‍ കാല്‍നടയാത്രക്കാര്‍ക്കു മാറി നില്ക്കുവാന് ഇടമില്ല. വടക്കുനിന്നു വരുന്ന വാഹനങ്ങള്‍ക്കു ഈ ഭാഗത്തെ കാല്‍നടയാത്രക്കാരെ മുന്‍കൂട്ടി കാണാനും കഴിയില്ല. കഴിഞ്ഞ ദിവസം സൈക്കിള്‍ യാത്രക്കാരന് കാനയില്‍ വീണെങ്കിലും അത്ഭുതകരമായി രക്ഷപ്പെട്ടു.
ജില്ലാ പഞ്ചായത്തിന്റെ ചുമതലയിലുള്ള ഈ റോഡിനു കട്ട വിരിച്ചു മോടി പിടിപ്പിക്കാനും കാന നിര്‍മാണത്തിനുമായി 14 ലക്ഷം രൂപയാണു അനുവദിച്ചിരുന്നത്. റോഡിന്റെ ആരംഭ ഭാഗത്തു കട്ട വിരിച്ചു അശാസ്ത്രീയമായി നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും പരാതിയെ തുടര്‍ന്നു പൊളിച്ചു പണിതെങ്കിലും കട്ട വിരിച്ച റോഡിന്റെ തെക്കുഭാഗത്തു മഴവെള്ളം കെട്ടി നില്ക്കുന്നതായുള്ള പരാതിക്കു ഇതുവരെയും പരിഹാരം കണ്ടെത്തിയിട്ടില്ല.
അടിയന്തിരമായി അപകട സാധ്യതയുള്ള ഈ കാനയുടെ മുകളില്‍ കോണ്‍ഗ്രിറ്റ് സ്ലാബുകളിട്ടു മൂടണമെന്നു മാള പ്രതികരണവേദി പ്രസിഡന്റ് സലാം ചൊവ്വര ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."