മെഡിക്കല്‍ കോളജില്‍ അര്‍ബുധ രോഗികള്‍ക്ക് ദുരിതപര്‍വം: കീമോ ഡേകെയര്‍ സെന്റര്‍ നോക്കുകുത്തി
വടക്കാഞ്ചേരി : മുളങ്കുന്നത്ത് കാവ് മെഡിക്കല്‍ കോളജ് അര്‍ബുധ രോഗവിഭാഗത്തില്‍ നിര്‍ധന രോഗികള്‍ക്കു കൂട്ട് ദുരിതം മാത്രം. ഒരു കോടിയോളം രൂപ മുടക്കി പണിതീര്‍ത്ത കീമോതെറാപ്പി രോഗികള്‍ക്കു വിശ്രമിക്കുന്നതിനായി പണിതീര്‍ത്ത കേന്ദ്രം നോക്കുകുത്തിയായി കിടക്കാന്‍ തുടങ്ങിയിട്ടു നാളുകളേറെയായിട്ടും ഇതു തുറന്നു കൊടുക്കുന്നതിന് പോലും നടപടിയില്ല. അത്യാധുനിക രീതിയില്‍ നിര്‍മിച്ചിട്ടുള്ള ഈ കേന്ദ്രം കഴിഞ്ഞ മാസം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുമെന്നു മെഡിക്കല്‍ കോളജ് അധികൃതര്‍ വാര്‍ത്താ സമ്മേളനം വിളിച്ചു കൂട്ടി പ്രഖ്യാപിച്ചിരുന്നതാണെങ്കിലും ജില്ലയില്‍ വിവിധ കേന്ദ്രങ്ങളില്‍ പരിപാടികളില്‍ പങ്കെടുത്ത മുഖ്യമന്ത്രി പാവങ്ങളുടെ ഈ കേന്ദ്രത്തിലേക്കു തിരിഞ്ഞു നോക്കിയില്ല. കെട്ടിട നിര്‍മാണത്തിനു വേണ്ടി ഏറെ പരിശ്രമിക്കുകയും പ്രാദേശിക വികസന ഫണ്ടില്‍ നിന്നും ഒരു കോടി രൂപ അനുവദിക്കുകയും ചെയ്ത ഡോ: പി.കെ ബിജു എം.പി യും തികഞ്ഞ മൗനത്തിലാണ്. ഇതു വലിയ പ്രതിഷേധം ക്ഷണിച്ച് വരുത്തകയാണ്. വേദനയില്‍ കഴിയുന്ന അര്‍ബുധ രോഗികള്‍ക്കു ഏറെ ആശ്വാസം പകരുന്ന പദ്ധതിയെന്ന നിലയില്‍ കീമോ ഡെ കെയര്‍ സെന്ററിനെ ഏറെ പ്രതീക്ഷയോടെയാണു രോഗികളും ബന്ധുക്കളും നോക്കി കണ്ടിരുന്നത്. അതിനിടെ മറ്റൊരു സംഭവ വികാസത്തില്‍ അര്‍ബുധ രോഗികള്‍ക്കു മരുന്നു കിട്ടാതെ ആശുപത്രിയിലെത്തുന്നവര്‍ വലയുകയാണ്. ആശുപത്രി അധികൃതരുടെ നിലപാടു മൂലമാണു രോഗികള്‍ ദുരിതമനുഭവിക്കുന്നത്. സൗജന്യ മരുന്നിനു വേണ്ടി രോഗികള്‍ നെട്ടോട്ടമോടേണ്ട സ്ഥിതിയാണ്. കീമോതെറാപ്പിക്കു വിധേയരാകുന്നവര്‍ക്കു ആര്‍.എസ്.ബി.വൈ പദ്ധതി പ്രകാരമാണു മരുന്നുകള്‍ വിതരണം ചെയ്യുന്നത്. ഈ മരുന്നുകള്‍ക്കു 5000 രൂപ മുതല്‍ പതിനായിരം രൂപ വരെ ഒറ്റത്തവണ ചിലവ് വരും. എന്നാല്‍ ഇന്‍ഷുറന്‍സ് പരിരക്ഷയുള്ളവര്‍ക്കു മരുന്നുകള്‍ ആശുപത്രി വഴി സൗജന്യമായാണു നല്‍കുന്നത്.
വില കൂടിയ മരുന്നുകള്‍ക്കു പകരം ഗുണനിലവാരമില്ലാത്ത മരുന്നുകളാണു വിതരണം ചെയ്യുന്നതെന്ന ആരോപണം ശക്തമായതോടെ അഴിമതി ആരോപണവും ശക്തമായി. ഇപ്പോള്‍ കാരുണ്യ ഫാര്‍മസി വഴിയാണു മരുന്നു വിതരണം. രാവിലെ ഒ.പി യില്‍ എത്തുന്നവര്‍ക്കു ഡോക്ടര്‍മാര്‍ മരുന്നിനു കുറിച്ച് നല്‍കിയാല്‍ ആദ്യം ആര്‍.എസ്.ബി.വൈ കൗണ്ടറിലെത്തി രജിസ്റ്റര്‍ ചെയ്യണം. ഈ കുറിപ്പുമായി ആശുപത്രി ഫാര്‍മസിയിലെത്തി ടോക്കണ്‍ എടുത്തു രണ്ടു മണിക്കൂറോളം കാത്തു നില്‍ക്കണം. ഇതു കഴിഞ്ഞാല്‍ ആശുപത്രി കോമ്പൗണ്ടിനു പുറത്തുള്ള കാരുണ്യ ഫാര്‍മസിയില്‍ എത്തുകയും മരുന്നു വാങ്ങുകയും വേണം. ഇത്തരത്തില്‍ നാലു മണിക്കൂര്‍ നേരം വരെ നിര്‍ധന രോഗികള്‍ നെട്ടോട്ടമോടേണ്ട സ്ഥിതിയാണ്. ഇതിനു പരിഹാരം കാണണമെന്ന ആവശ്യവും അധികൃതര്‍ ചെവികൊള്ളുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."