ചുഴലിക്കാറ്റില്‍ പരക്കെ നാശനഷ്ടം: രക്ഷാപ്രവര്‍ത്തനങ്ങളില്‍ നാടൊന്നാകെ
വടകര: മുനിസിപ്പാലിറ്റിയിലെ തീരപ്രദേശമായ അഴിത്തലയില്‍ തുടങ്ങി തിരുവള്ളൂര്‍ പഞ്ചായത്തിലെ ചെമ്മരത്തൂര്‍ വരെ വ്യാഴാഴ്ച വീശിയടിച്ച ചൂഴലി പരക്കെ നാശം വിതച്ചു.
ഇതിനിടയില്‍ കരിമ്പനപ്പാലം, പണിക്കോട്ടി, അരവിന്ദ്‌ഘോഷ്‌റോഡ്, കോട്ടപ്പള്ളി, മേമുണ്ട, മീങ്കണ്ടി, മണിയൂര്‍, മുടപ്പിലാവില്‍ എന്നിവിടങ്ങളിലെല്ലാം കാറ്റും മഴയും നാശം വിതച്ചു.
കാറ്റിനോടൊപ്പമെത്തിയ ഇടിമിന്നലും നാശത്തിന്റെ വ്യാപ്തി കൂട്ടി.വീടുകള്‍ക്കു പുറമെ വാഹനങ്ങള്‍ക്കു മീതെയും മരം വീണു. ഭാഗ്യത്തിനാണ് ആളപായം ഒഴിവായത്.
പലയിടത്തും വൈദ്യുതി ലൈനുകളിലാണ് മരങ്ങള്‍ വീണത്. നിരവധി ഇലക്ട്രിക് പോസ്റ്റുകള്‍ തകര്‍ന്നു. വടകര ടൗണില്‍ ലിങ്ക് റോഡില്‍ തെങ്ങ് വീണു ഇലക്ട്രിക് പോസ്റ്റ് നെടുകെ മുറിഞ്ഞു.കോട്ടപ്പള്ളി കപ്പള്ളിതാഴ മുതല്‍ വടകരവരെയുള്ള സ്ഥലങ്ങളില്‍ ദുരന്തത്തിന്റെ തീവ്രത വലിയതോതിലായിരുന്നു.
രാത്രിതന്നെ ഫയര്‍ഫോഴ്‌സും നാട്ടുകാരും രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തി. മരംവീണ് ഗതാഗതം തടസപ്പെട്ട ദേശീയപാത അടക്കമുള്ള സ്ഥലങ്ങളില്‍ ഫയര്‍ഫോഴ്‌സ് എത്തി തടസങ്ങള്‍ നീക്കി.
പുതിയാപ്പ്, മാക്കൂല്‍ പീടിക, കുറുമ്പൊയില്‍, മേപ്പയില്‍ റോഡ് പ്രദേശങ്ങളില്‍ വലിയ തോതിലുള്ള നാശനഷ്ടമുണ്ടായി.
മുസ്തഫ, ഇ.എം മൊയ്തീന്‍, ഇഎം ഇസ്മായില്‍, എം.പി കരീം, കല്ലുള്ളതില്‍ നാസര്‍, സി.ടി അമ്മത്, സി.ടി അബ്ദുറഹിമാന്‍, ചെബ്ലോത്ത് യൂസുഫ്, കെ.കെ യൂസുഫ്, ബാബു കുറുമ്പൊയില്‍, എം.പി സത്താര്‍, പി.പി സുബൈര്‍, വി.പി.സി സൂപ്പി ഹാജി, പാറച്ചാലില്‍ ചന്ദ്രി, നെല്ലിയുള്ള പറമ്പത്ത് കദീശ എന്നിവരുടെ വീടകള്‍ക്കാണ് മരം വീണ് നാശനഷ്ടമുണ്ടായത്.
ദുരിത ബാധിത പ്രദേശമായി പ്രഖ്യാപിക്കണം : പാറക്കല്‍ അബ്ദുല്ല എം.എല്‍.എ
വടകര : ചുഴലിക്കാറ്റ് ആഞ്ഞു വീശിയ പ്രദേശങ്ങളെ ദുരിത ബാധിത പ്രദേശങ്ങളായി പ്രഖ്യാപിക്കണമെന്ന് പാറക്കല്‍ അബ്ദുല്ല എം.എല്‍.എ.
ചുഴലി നാശം വിതച്ച വില്യാപ്പള്ളി, തിരുവള്ളൂര്‍ തുടങ്ങിയ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷമാണ് എം.എല്‍.എ ആവശ്യമുന്നയിച്ചത്. റവന്യൂ വകുപ്പ് മന്ത്രി സ്ഥലം സന്ദര്‍ശിക്കണം.
നഷ്ടപരിഹാര നടപടികള്‍ ത്വരിതപ്പെടുത്തണം എന്നീ ആവശ്യങ്ങളുന്നയിച്ച് മുഖ്യമന്ത്രിക്കും റവന്യൂ മന്ത്രിക്കും എം.എല്‍.എ ഫാക്‌സ് മുഖേന നിവേദനം നല്‍കി.
ദുരന്തത്തില്‍ നൂറുകണക്കിന് വീടുകള്‍ തകര്‍ന്നിട്ടുണ്ട്. നിരവധി വീടുകള്‍ക്ക് വലിയ തോതിലുള്ള നാശനഷ്ടമുണ്ടായി. വാഴ, തെങ്ങ്, കവുങ്ങ് ഉള്‍പ്പെടെ വലിയ തോതിലുള്ള കൃഷി നാശവുമുണ്ടായിട്ടുണ്ടെന്നും എം.എല്‍.എ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."