കാട്ടാനയെ തളക്കാന്‍ വനംവകുപ്പ് തയാറാകുന്നില്ല: ആക്രമണം ഒഴിവാക്കാന്‍ നാട്ടുകാരുടെ കാവല്‍
നിലമ്പൂര്‍: മലയോര മേഖലയില്‍ കാട്ടാനശല്യം രൂക്ഷം. രാത്രി പകലാക്കി മാറ്റി നാട്ടുകാര്‍ കാവല്‍ നില്‍ക്കുന്നു. ആന ഭയത്താല്‍ ജനജീവിതം ദുസ്സഹമായിട്ടും നടപടിയെടുക്കാന്‍ വനം വകുപ്പ് തയാറാകുന്നില്ല.
നിലമ്പൂര്‍ നഗരസഭ, ചാലിയാര്‍ പഞ്ചായത്ത് വനാതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളിലാണ് ആനകളുടെ ആക്രമണം തുടര്‍ക്കഥയാകുന്നത്. സന്ധ്യയാകുന്നതോടെ കാടിറങ്ങുന്ന ആനകളെ പേടിച്ചാണ് മലയോര വാസികള്‍ രാത്രി തള്ളി നീക്കിയിരുന്നതെങ്കില്‍ ഇപ്പോള്‍ പകലും ജനവാസ കേന്ദ്രത്തിലേക്ക് ആനകളെത്തുന്നുണ്ട്. വനത്തിനുള്ളിലെ വെള്ളവും ഭക്ഷ്യ വസ്തുക്കളും ലഭിക്കാതായതോടെയാണ് ചക്കയും വെള്ളവും തേടിയാണ് ഇവ നാട്ടിന്‍പുറത്തെത്തുന്നത്.
പകല്‍സമയങ്ങളില്‍ പോലും നാട്ടിലിറങ്ങുന്ന ആനയുടെ ആക്രമണത്തില്‍നിന്നും പലരും ഭാഗ്യം കൊണ്ടു മാത്രമാണ് രക്ഷപ്പെട്ടത്. മൊടവണ്ണ, എളഞ്ചീരി ഭാഗങ്ങളില്‍ പകലിറങ്ങിയ ആനയുടെ ആക്രമണത്തില്‍ ബൈക്ക് തകര്‍ക്കപ്പെട്ടു. മദ്‌റസാ വിദ്യാര്‍ഥികളും ടാപ്പിങ് തൊഴിലാളികള്‍ക്കുമാണ് ഇവ ഏറയും ഭീഷണിയായിരിക്കുന്നത്. ഒരു മാസത്തിലേറെയായി കാട്ടാനകള്‍ ജനവാസ കേന്ദ്രത്തിലേക്ക് ഇറങ്ങിവരികയാണ്.
നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയപ്പോള്‍ കര്‍ശന നടപടിക്ക് ശുപാര്‍ശ ചെയ്യുമെന്ന് നിലമ്പൂര്‍ ഡി.എഫ്.ഒ അറിയിച്ചിരുന്നു. ആനയെ മയക്ക് വെടി വെക്കുന്നതിനും സ്ഥലം മാറ്റുന്നതിനുമുള്ള നടപടികള്‍ സാങ്കേതിക പ്രശ്‌നങ്ങളാല്‍ കുരുങ്ങുകയാണ്. ആനകളുടെ ആക്രമണം വര്‍ധിച്ചതോടെ കാര്‍ഷിക മേഖലയില്‍ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.
പ്രധാന ഹ്രസ്വ വിളയായ വാഴയും തെങ്ങ്, കവുങ്ങ്, കൊക്കോ എന്നിവയും, ചക്കയും പരക്കെ കാട്ടാന നശിപ്പിച്ചിട്ടുണ്ട്. ടാപ്പിങ്ങ് തൊഴിലാളികളെ ലഭിക്കാത്തത് തോട്ടം മേഖലയേയും പ്രതിസന്ധിയിലാക്കി. ഏഴിന് ശേഷം ടാപ്പിങ്ങ് നടത്തേണ്ട ദുരവസ്ഥയിലാണ് തൊഴിലാളികളും ഉടമകളും. ജനവാസ കേന്ദ്രങ്ങളുടെയും കൃഷിയിടങ്ങളുടെയും സംരക്ഷണത്തിനായി നിര്‍മിച്ചിട്ടുള്ള ട്രഞ്ച്, സോളാര്‍ വേലികള്‍ എന്നിവയും പുതിയ പരീക്ഷണങ്ങളായ ജൈവ വേലി, മുളക് വേലി എന്നിവയും പരാജപ്പെട്ടതോടെ വനം വനംവകുപ്പും നാട്ടുകാരും ചേര്‍ന്നുള്ള കാവല്‍ സംഘങ്ങള്‍ രൂപീകരിച്ചിരിക്കുകയാണ്. ആക്രമങ്ങള്‍ക്കെതിരെ ജനകീയ പ്രതിഷേധം ശക്തമാണെങ്കിലും നടപടി സ്വീകരിക്കാന്‍ അധികൃതര്‍ തയാറാകുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."