പിണറായിയിലെ ദുരൂഹ മരണങ്ങള്: അയല്‍വാസികളുടെ മൊഴിയെടുത്തു
തലശ്ശേരി: പിണറായി പടന്നക്കരയിലെ ഒരു കുടുംബത്തിലെ നാലുപേര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ അയല്‍വാസികളുള്‍പ്പെടെ നിരവധിപേരുടെ മൊഴി പൊലിസ് രേഖപ്പെടുത്തി.
അയല്‍വാസികളുടെ മൊഴികളില്‍ നിന്ന് വിലപ്പെട്ട വിവരങ്ങള്‍ പൊലിസിന് ലഭിച്ചതായാണ് വിവരം. അതിനിടെ ഈ കുടുംബത്തിലെ അവശേഷിക്കുന്ന ഏക അംഗമായ യുവതിയുടെ മൊഴിയും രേഖപ്പെടുത്താനുള്ള തയാറെടുപ്പിലാണ് പൊലിസ്. പിണറായി പടന്നക്കരയിലെ കല്ലട്ടി വണ്ണത്താന്‍കണ്ടി വീട്ടില്‍ കുഞ്ഞിക്കണ്ണന്(78), ഭാര്യ കമല(65), പേരക്കുട്ടികളായ ഐശ്വര്യ(8), കീര്‍ത്തന(ഒന്നര) എന്നിവരാണ് ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടിരുന്നത്. ആന്തരികാവയവങ്ങളില്‍ പശ രൂപത്തിലുള്ള വസ്തു കാണപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. കേസന്വേഷണം നടത്തുന്ന തലശ്ശേരി സി.ഐ കെ.ഇ പ്രേമചന്ദ്രന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം പരിയാരം മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് സര്ജന് ഡോ. ഗോപാലകൃഷ്ണ പിള്ളയുമായി റിപ്പോര്‍ട്ടിനെക്കുറിച്ച് ചോദിച്ചറിഞ്ഞു. തലശ്ശേരി സഹകരണ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സൗമ്യ(28) സുഖംപ്രാപിച്ചു വരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."