നിക്കരാഗ്വയില്‍ പെന്‍ഷന്‍ പരിഷ്‌കരണത്തിനെതിരായ പ്രക്ഷോഭം രൂക്ഷം; 10 മരണം
മനാഗുവ: പെന്‍ഷന്‍ സംവിധാനത്തിലെ മാറ്റങ്ങള്‍ക്കെതിരേ നിക്കരാഗ്വയില്‍ ശക്തിപ്പെട്ട പ്രക്ഷോഭത്തില്‍ പത്തു മരണം. പൊലിസും സമരക്കാരും തമ്മില്‍ നടന്ന ഏറ്റുമുട്ടലിലാണ് ഇത്രയും പേര്‍ മരിച്ചത്.
തങ്ങളുടെ രാഷ്ട്രീയതാല്‍പര്യങ്ങളെ ശക്തിപ്പെടുത്താനായി അവസരം കാത്തിരിക്കുന്ന രക്തദാഹികളാണ് രാജ്യത്ത് ആക്രമണം അഴിച്ചുവിട്ടിരിക്കുന്നതെന്ന് വൈസ് പ്രസിഡന്റ് റൊസാരിയോ മ്യുറിലോ ആക്ഷേപിച്ചു. സമരക്കാരുമായി ചര്‍ച്ചയ്ക്കു സന്നദ്ധമാണെന്നും അവര്‍ അറിയിച്ചു. 2007ല്‍ ഡാനിയല്‍ ഒര്‍ട്ടേഗ നിക്കരാഗ്വയില്‍ അധികാരത്തിലേറിയ ശേഷം നടക്കുന്ന ഏറ്റവും വലിയ ജനകീയ പ്രക്ഷോഭമാണ് ഇപ്പോള്‍ നടക്കുന്നത്.
തൊഴിലാളികള്‍ക്കും വിവിധ കമ്പനി ജീവനക്കാര്‍ക്കുമുള്ള പെന്‍ഷന്‍ വിഹിതം വര്‍ധിപ്പിക്കുകയും മൊത്തത്തിലുള്ള ഗുണം വെട്ടിച്ചുരുക്കുകയും ചെയ്ത നടപടിയാണ് രാജ്യത്ത് വന്‍ പ്രക്ഷോഭത്തിലേക്കു നയിച്ചിരിക്കുന്നത്. ബുധനാഴ്ചയാണ് പ്രക്ഷോഭത്തിനു തുടക്കമായത്. തലസ്ഥാനമായ മനാഗുവയില്‍ ആരംഭിച്ച പ്രക്ഷോഭം തുടര്‍ദിവസങ്ങളില്‍ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും പടരുകയായിരുന്നു. തൊഴിലാളികള്‍ക്കു പുറമെ ആയിരക്കണക്കിനു വിദ്യാര്‍ഥികളും ഭാഗമായതോടെയാണു പ്രക്ഷോഭം ശക്തിപ്രാപിച്ചത്.
കൊല്ലപ്പെട്ടവരില്‍ സമരക്കാര്‍ക്കു പുറമെ ഒരു പൊലിസ് ഉദ്യോഗസ്ഥനും ഉള്‍പ്പെടും. പൊലിസും പ്രക്ഷോഭകാരികളും തമ്മിലുണ്ടായ സംഘട്ടനത്തില്‍ നൂറിലേറെ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
പൊതുകെട്ടിടങ്ങള്‍ വ്യാപകമായി നശിപ്പിക്കപ്പെട്ടിട്ടുണ്ട്. തലസ്ഥാനത്തെ പോളിടെക്‌നിക്ക് സര്‍വകലാശാലയും നാഷനല്‍ യൂനിവേഴ്‌സിറ്റി ഓഫ് എന്‍ജിനീയറിങ്ങും വിദ്യാര്‍ഥികള്‍ ഉപരോധിച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."