ഗാനരചയിതാവ് പ്രേമദാസിന് മാവൂരിന്റെ ആദരം
മാവൂര്‍: ഗാനഗന്ധര്‍വന്‍ യേശുദാസിന് 2017ലെ മികച്ച ഗായകനുള്ള ദേശീയ പുരസ്‌കാരം നേടിക്കൊടുത്ത ഗാനത്തിന്റെ രചയിതാവ് പ്രേമദാസ് ഗുരുവായൂരിന് മാവൂരിലെ പൗരാവലിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. പി.ടി കുഞ്ഞുമുഹമ്മദിന്റെ സിനിമയിലൂടെ ദേശീയ പുരസ്‌കാരം നേടിയ ഗാനം ഉള്‍പ്പെടെ ആയിരത്തിലധികം ഗാനങ്ങള്‍ പ്രേമദാസ് രചിച്ചിട്ടുണ്ട്. വിദ്യാഭ്യാസകാലം ഉള്‍പ്പെടെ 35 വര്‍ഷം മാവൂരിലെ താമസക്കാരന്‍ ആയിരുന്നു പ്രേമദാസ്. തന്റെ കലാരംഗത്തുള്ള വളര്‍ച്ചയുടെ അടിത്തറ മാവൂരില്‍നിന്നാണെന്ന് അദ്ദേഹം അനുസ്മരിച്ചു. ഗുരുവായൂരില്‍ പൂന്തോട്ട കാവല്‍ക്കാരനായി ജോലി ചെയ്യുന്ന പ്രേമദാസ് ഗാനരചന രംഗത്ത് കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുമെന്നും കലകള്‍ വൈകൃതങ്ങള്‍ ആകുന്ന ഇന്നത്തെ നിലയില്‍ ഖേദം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. പുരുഷന്‍ കടലുണ്ടി എം.എല്‍.എ പൊന്നാട അണിയിച്ചു.
മാവൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സി. മുനീറത്ത് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വളപ്പില്‍ റസാഖ്് മൊമെന്റോ സമ്മാനിച്ചു. ധര്‍മ്മജന്‍ അവാര്‍ഡ് നല്‍കി. കെ.പി വിജയന്‍ അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."