മഞ്ഞപ്പിത്തം: പ്രതിരോധ പ്രവര്‍ത്തനവുമായി ആരോഗ്യ വകുപ്പ്
കാക്കനാട്: മഞ്ഞപ്പിത്തം പടര്‍ന്നുപിടിക്കുന്നത് തടയാന്‍ തൃക്കാക്കര നഗരസഭയിലെ 36, 38 ഡിവിഷനുകളിലെ ഇളവക്കാട്ടു നഗര്‍, കുടിലിമുക്ക് മേഖലയില്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സുമാരുടെ നേതൃത്വത്തില്‍ സര്‍വെ നടത്തി. മഞ്ഞപ്പിത്തം റിപ്പോര്‍ട്ട് ചെയ്ത വീടുകളിലും സമീപ പ്രദേശങ്ങളിലെ വീടുകളിലുമായിരുന്നു സര്‍വെ.
രോഗം വ്യാപിച്ചതോടെ ആശാവര്‍ക്കറും വാര്‍ഡ് കൗണ്‍സിലറുമായ നിഷാബീവിയുടെ നേതൃത്വത്തില്‍ കുടിവെള്ള സ്രോതസുകളില്‍ ക്ലോറിനേഷന്‍ പ്രവര്‍ത്തികളും, ഭവന സന്ദര്‍ശനവും നടത്തിയിരുന്നു.
രോഗം മറ്റ് വാര്‍ഡുകളിലെ ആളുകളിലേയ്ക്കും പടരുന്നത് ആശങ്കയുണ്ടാക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യവകുപ്പ് കൂടുതല്‍ ജാഗ്രതയോടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. മലിനജലത്തിലൂടെയും ആഹാരത്തിലൂടെയും പകരുന്ന ഹെപ്പറ്റെറ്റിസ്എ വിഭാഗത്തില്‍പ്പെട്ട മഞ്ഞപ്പിത്തത്തിനെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് നഗരസഭ ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷ ഷബന മെഹര്‍അലി നിര്‍ദ്ദേശിച്ചു.
വിശപ്പില്ലായ്മ, മനംപുരട്ടല്‍, ക്ഷീണം, ഛര്‍ദ്ദി, പനി, തലവേദന എന്നിവയും കണ്ണിനും ത്വക്കിനും മഞ്ഞനിറം ഉണ്ടാകുന്നതുമാണ് രോഗലക്ഷണങ്ങള്‍. ലബോറട്ടറി പരിശോധനയിലൂടെ രോഗം സ്ഥിരീകരിക്കാം.
അംഗീകൃതമല്ലാത്ത ചികിത്സാരീതികള്‍ അപകടം ക്ഷണിച്ചുവരുത്തും. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. കിണറുകളിലും മറ്റ് കുടിവെള്ള സ്രോതസുകളിലും സൂപ്പര്‍ ക്ലോറിനേഷന്‍ നടത്തുക, വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിക്കുക, ഭക്ഷണ സാധനങ്ങള്‍ മൂടിവയ്ക്കുക, തുറസായ സ്ഥലത്ത് മലമൂത്ര വിസര്‍ജനം നടത്താതിരിക്കുക തുടങ്ങിയ പ്രതിരോധ മാര്‍ഗങ്ങള്‍ എല്ലാവരും ശീലിക്കണം.
രോഗം സംശയിക്കുന്ന ആളുകള്‍ ആരോഗ്യ കേന്ദ്രങ്ങളിലെത്തി ശരിയായ ചികിത്സ സ്വീകരിക്കണമെന്നും അധ്യക്ഷ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."