കൊണ്ടോട്ടി താലൂക്ക് ആശുപത്രി ഡോക്ടര്‍മാര്‍ 13, പരിശോധന ഉച്ചവരെ മാത്രം
കൊണ്ടോട്ടി: മൂന്ന് ഡോക്ടര്‍മാരുള്ള ആശുപത്രിയില്‍ വരെ സായാഹ്ന ഒ.പികള്‍ പ്രവര്‍ത്തിക്കണമെന്ന് ആരോഗ്യമന്ത്രി പറയുമ്പോള്‍ കൊണ്ടോട്ടി താലൂക്ക് ആശുപത്രിയില്‍ 13 ഡോക്ടര്‍മാരുണ്ടായിട്ടും പരിശോധന ഉച്ചവരെ മാത്രം. നാലുമാസം മുന്‍പാണ് കൊണ്ടോട്ടി കമ്മ്യൂനിറ്റി ഹെല്‍ത്ത് സെന്റര്‍ താലൂക്ക് ആശുപത്രിയായി ഉയര്‍ത്തിയത്. രണ്ട് മാസം മുന്‍പ് ആര്‍ദ്രം പദ്ധതി തുടങ്ങുകയും തസ്തികകള്‍ കൂട്ടുകയും ചെയ്തു. കരിപ്പൂര്‍ വിമാനത്താവളത്തിന്റെ റഫറന്‍സ് ആശുപത്രികൂടിയായ കൊണ്ടോട്ടി താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ പരിശോധന ഉച്ചക്ക് ഒരുമണിവരെ മാത്രമാണ്.
മൂന്ന് സിവില്‍ സര്‍ജന്‍, മൂന്ന് അസി.സര്‍ജന്‍, ഒരു സീനിയര്‍ കണ്‍സള്‍ട്ടന്റ്,നാല് കാഷ്വാലിറ്റി മെഡിക്കല്‍ ഓഫിസര്‍മാര്‍ എന്നിവര്‍ക്ക് പുറമെ ദേശീയ ആരോഗ്യ ദൗത്യ(എന്‍.എച്ച്.എം)ത്തില്‍ രണ്ട് ഡോക്ടര്‍മാര്‍ ഉള്‍പ്പടെ 13 ഡോക്ടര്‍മാര്‍ ആശുപത്രിയിലുണ്ട്. ഡോക്ടര്‍മാരുടേയും അനുബന്ധ സ്റ്റാഫിന്റെയും ബലമുണ്ടായിട്ടും രാവിലെ ഒന്‍പതിന് ആരംഭിക്കുന്ന പരിശോധന ഉച്ചക്ക് ഒരുമണിയോടെ നിലക്കുകയാണ്. ഉച്ചക്ക് ശേഷം സ്വകാര്യ ആശുപത്രിയെ സമീപിക്കേണ്ട ഗതികേടാണ് നാട്ടുകാര്‍ക്കുള്ളത്. ദിനേന ആയിരത്തിലേറെ രോഗികള്‍ ചികിത്സ തേടിയെത്തുന്ന ആശുപത്രിയില്‍ മഴക്കാലത്ത് രോഗികളുടെ എണ്ണം രണ്ടായിരത്തോളമെത്തും.ഡോക്ടര്‍മാര്‍ ഉണ്ടായിട്ടും ഉച്ചക്ക് ശേഷമുളള പരിശോധന ആരംഭിക്കാത്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. 13 ഡോക്ടര്‍മാരുള്ളതിനാല്‍ ഷിഫ്റ്റ് രീതിയില്‍ ആശുപത്രി പ്രവര്‍ത്തിച്ചാല്‍ രോഗികള്‍ക്ക് ഏറെ ആശ്വാസം ലഭിക്കും. എന്നാല്‍ സ്വകാര്യ ആശുപത്രികളെ സഹായിക്കുന്ന പ്രവണതയാണ് കൊണ്ടോട്ടിയില്‍ ഡോക്ടര്‍മാര്‍ സ്വീകരിക്കുന്നതെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
ആശുപത്രിയില്‍ ലാബ് പ്രവര്‍ത്തനങ്ങള്‍ക്കും ജീവനക്കാരുണ്ടെങ്കിലും ഉച്ചയോടെ ഇവരും സ്ഥലം വിടുന്ന കാഴ്ചയാണ്. പുളിക്കലിലേക്ക് ആര്‍ദ്രം പദ്ധതിവഴി നിയമിച്ച ജീവനക്കാരെ വരെ കൊണ്ടോട്ടി സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചിട്ടും ഉച്ചകഴിഞ്ഞാല്‍ പരിശോധനകളില്ലാതെ രോഗികള്‍ മാത്രമായി ആശുപത്രി മാറുകയാണ്. സ്വകാര്യ ആശുപത്രികളിലാവട്ടെ ഉച്ചക്ക് ശേഷം കനത്ത തിരക്കുമാണുള്ളത്. ആശുപത്രിയില്‍ മതിയായ സൗകര്യങ്ങളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഡോക്ടര്‍മാര്‍ ഉച്ചക്ക് ശേഷമുള്ള ഒ.പിക്ക് തടസവാദം ഉന്നയിക്കുന്നതെന്നാണ് ആക്ഷേപം. നിലവില്‍ ആശുപത്രിയില്‍ രണ്ട് ഡോക്ടര്‍മാര്‍ക്ക് പരിശോധിക്കാനുളള സ്ഥലത്താണ് ആറ് ഡോക്ടര്‍മാര്‍ പരിശോധിക്കുന്നത്. രോഗികള്‍ കൂട്ടം കൂടിനില്‍ക്കുന്നതോടെ രോഗങ്ങള്‍ പറയാനുള്ള സ്വകാര്യതയും നഷ്ടടമാകുന്നു. നഗരസഭ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യം ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."