ജാര്‍ഖണ്ഡ് സര്‍ക്കാരിനെതിരേ ലോങ് മാര്‍ച്ചിനൊരുങ്ങി ആദിവാസികളും കര്‍ഷകരും
റാഞ്ചി: മുബൈ മോഡല്‍ ലോങ് മാര്‍ച്ചിനൊരുങ്ങി ജാര്‍ഖണ്ഡിലെ ആദിവാസികളും കര്‍ഷകരും . കാര്‍ഷിക വിളകള്‍ക്ക് മിനിമം താങ്ങുവില, വനാവകാശനിയമത്തിന്റെ ഫലപ്രദമായ നടത്തിപ്പ് തുടങ്ങി വിവിധങ്ങളായ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ജാര്‍ഖണ്ഡുകാര്‍ മാര്‍ച്ചിനൊരുങ്ങുന്നത്.
അഞ്ചു ജില്ലയില്‍നിന്ന് 25ന് ആരംഭിച്ച് മെയ് ഒന്നിന് തലസ്ഥാനമായ റാഞ്ചിയില്‍ സമാപിക്കും വിധമാണ് മാര്‍ച്ച് ക്രമീകരിച്ചിരിക്കുന്നതെന്ന് അഖിലേന്ത്യ കിസാന്‍സഭയുടെയും ആദിവാസി അധികാര്‍ മഞ്ചിന്റെയും നേതാവായ പ്രഫുല്‍ ലിന്‍ഡ പറഞ്ഞു. മെയ് ഒന്നിനും രണ്ടിനും റാഞ്ചിയില്‍ കര്‍ഷകരുടെയും ആദിവാസികളുടെയും മഹാധര്‍ണ നടത്തും. ലത്തേഹാര്‍, ഗുംല, ലോഹര്‍ദാഗ, ഖുന്തി, ഛത്ര എന്നീ ജില്ലകളിലുള്ളവരാണ് ബി.ജെ.പി സര്‍ക്കാരിനെതിരെയുള്ള ലോങ് മാര്‍ച്ച് നടത്തുക. എല്ലാ ഗ്രാമങ്ങളിലും മാര്‍ച്ചിന്റെ പ്രചാരണത്തിനായി യോഗം ചേര്‍ന്നു.
മാര്‍ച്ച് വിജയിപ്പിക്കാന്‍വേണ്ട എല്ലാ ഒരുക്കവും പൂര്‍ത്തിയായി. അഞ്ചു ജില്ലയുടെ സമീപപ്രദേശങ്ങളില്‍നിന്നുള്ളവരും പങ്കെടുക്കുമെന്ന് പ്രഫുല്‍ ലിന്‍ഡ പറഞ്ഞു. വനാവകാശനിയമം പാസായി 12 വര്‍ഷം പിന്നിട്ടിട്ടും അപേക്ഷ നല്‍കിയ 2.3 ലക്ഷംപേരില്‍ 66,000 പേര്‍ക്കുമാത്രമാണ് ഇതിന്റെ പ്രയോജനം ലഭിച്ചിട്ടുള്ളത്. 10 ഏക്കര്‍ ഭൂമി ലഭിക്കേണ്ട സ്ഥാനത്ത് അരയേക്കര്‍പോലും ലഭിച്ചിട്ടില്ല.
കാര്‍ഷികമേഖലയിലെ ദുരിതം രൂക്ഷമാണ്. ആദിവാസിമേഖലകളിലും ഗ്രാമങ്ങളിലും കുട്ടികള്‍ പട്ടിണികിടന്ന് മരിക്കുന്നത് വ്യാപകമാകുന്നു. ജീവിതം പൊറുതിമുട്ടിയ തങ്ങള്‍ക്ക് മറ്റൊരു പോംവഴിയുമില്ലെന്ന് ജാര്‍ഖണ്ഡിലെ ജനങ്ങള്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."