തിരുവനന്തപുരം വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പിന്റെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു
നെടുമ്പാശ്ശേരി: തിരുവനന്തപുരം വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പിന്റെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തതായി കസ്റ്റംസ് കമ്മിഷണര്‍ സുമിത് കുമാര്‍ അറിയിച്ചു. നികുതി വെട്ടിപ്പ് നടത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഇതുവരെ നടത്തിയ അന്വേഷണത്തില്‍ ആറുകോടി രൂപയുടെ വെട്ടിപ്പ് കണ്ടെത്തിയതായി കമ്മിഷണര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നാലാഴ്ചയ്ക്കകം അന്വേഷണം പൂര്‍ത്തിയാകും. അതിനുശേഷം ആവശ്യമെങ്കില്‍ ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പെടെയുള്ള കടുത്ത നടപടികള്‍ സ്വീകരിക്കുമെന്നും കമ്മിഷണര്‍ പറഞ്ഞു.
കഴിഞ്ഞ സെപ്റ്റംബര്‍ മുതലാണ് ഡ്യൂട്ടി ഫ്രീ ഷോപ്പ് പുതിയ ഏജന്‍സി ഏറ്റെടുത്തത്. ഇതിനുശേഷം വന്‍ നികുതി വെട്ടിപ്പ് നടക്കുന്നതായി ഡിസംബറില്‍ രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഡ്യൂട്ടി ഫ്രീ ഷോപ്പിന്റെ പ്രവര്‍ത്തനം നിരീക്ഷിച്ചുവരികയായിരുന്നു.
പ്രതിമാസമുളള ആദായ നികുതി സംബന്ധിച്ച കണക്കുകള്‍പോലും ഏജന്‍സി സമര്‍പ്പിച്ചിരുന്നില്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായി കസ്റ്റംസ് കമ്മിഷണര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."