അവധിക്കാല ക്ലാസുകള്‍ തഥൈവ ഡി.പി.ഐ സര്‍ക്കുലറിന് പുല്ലുവില
തിരുവനന്തപുരം: ബാലാവകാശ കമ്മിഷന്റെയും പൊതുവിദ്യാഭ്യാസ ഡയറക്ടറുടെയും നിര്‍ദേശങ്ങള്‍ക്ക് പുല്ലുവില നല്‍കി സംസ്ഥാനത്തെ സ്‌കൂളുകളില്‍ അവധിക്കാല ക്ലാസുകള്‍ സജീവം. അവധിക്കാല ക്ലാസുകള്‍ നടത്താന്‍ സി.ബി.എസ്.ഇ സ്‌കൂളുകള്‍ക്ക് ഹൈക്കോടതി ഉപാധികളോടെ അനുമതി നല്‍കിയതിനെ തുടര്‍ന്നാണ് ഇതര സ്‌കൂളുകളിലും അവധിക്കാല ക്ലാസുകള്‍ തകര്‍ക്കുന്നത്.
മധ്യവേനലവധിക്കാലത്ത് സ്‌കൂളുകളില്‍ പഠനപ്രവര്‍ത്തനങ്ങള്‍ പാടില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. സി.ബി.ഇ.എസ്.ഇ, സി.ഐ.എസ്.സി.ഇ സ്‌കൂളുകള്‍ക്കും ഉത്തരവ് ബാധകമാക്കിയിരുന്നു. ബാലാവകാശ കമ്മിഷനും അവധിക്കാല ക്ലാസുകള്‍ നിരോധിച്ചിരുന്നു. എന്നാല്‍ ഇതിനെതിരേ സി.ബി.എസ്.ഇ സ്‌കൂളുകള്‍ ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി സമ്പാദിച്ചു.
സി.ബി.എസ്.ഇ റീജ്യയനല്‍ ഡയറക്ടറുടെ മുന്‍കൂര്‍ അനുമതിയോടെ 20 ദിവസം വരെ ക്ലാസുകള്‍ നടത്താമെന്നായിരുന്നു ഹൈക്കോടതിയുടെ അനുമതി. ഇതിനായി പ്രിന്‍സിപ്പലിന്റെ അംഗീകാരത്തോടെ മാനേജ്‌മെന്റുകള്‍ അപേക്ഷ നല്‍കണം. ഒന്‍പത് മുതല്‍ 12 വരെ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കായി അവധിക്കാലത്ത് ക്ലാസുകള്‍ നടത്തുന്നതിനാണ് അനുമതി.
ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സി.ബി.എസ്.ഇ സ്‌കൂളുകള്‍ അവധിക്കാലത്തും സജീവമായി. ഇതിന്റെ ചുവടുപിടിച്ചാണ് പല എയിഡഡ് സ്‌കൂളുകളും അവധിക്കാല ക്ലാസുകളുമായി മുന്നോട്ടുപോകുന്നത്. സംസ്ഥാനത്തെ മിക്ക സ്‌കൂളുകളിലും ഇത്തരത്തില്‍ ചട്ടവിരുദ്ധമായി അവധിക്കാല ക്ലാസുകള്‍ നടക്കുന്നതായി പരാതിയുണ്ട്.
അതേസമയം അവധിക്കാല ക്ലാസ് പാടില്ലെന്ന ബാലാവകാശ കമ്മിഷന്റെയും പൊതുവിദ്യാഭ്യാസ ഡയറക്ടറുടെയും ഉത്തരവുകള്‍ കോടതി സ്റ്റേ ചെയ്തതിനെതിരേ സര്‍ക്കാര്‍ കോടതിയെ സമീപിച്ചിട്ടില്ല. മധ്യവേനലവധിക്കാലത്ത് ചില സ്‌കൂളുകള്‍ ചട്ടവിരുദ്ധമായി ക്ലാസുകള്‍ നടത്തുന്നതായി ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് അവ നിരോധിച്ചുകൊണ്ട് കഴിഞ്ഞവര്‍ഷവും ഡി.പി.ഐ സമാന നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ അതും പാലിക്കപ്പെട്ടിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."