അവളറിയുന്നില്ല, ജ്യൂസ് വാങ്ങിത്തരാന്‍ ഇനി അച്ഛനൊരിക്കലും വരില്ലെന്ന്...
കൊച്ചി: ഇന്നലെ എറണാകുളത്തെ മറൈന്‍ഡ്രൈവില്‍ മുത്തച്ഛന്‍ പ്രദീപിനും അച്ഛന്റെ ജ്യേഷ്ഠ സഹോദരന്‍ രഞ്ജിത്തും ഒപ്പം രാവിലെ തന്നെ ആര്യനന്ദ എത്തിയിരുന്നു. പടുകൂറ്റന്‍ വേദിയില്‍ നിറയെ ആളുകള്‍ തിങ്ങി നിറഞ്ഞത് കണ്ടപ്പോള്‍ ആദ്യം അവള്‍ക്ക് അമ്പരപ്പായിരുന്നു. പിന്നെ തന്റെ പ്രിയപ്പെട്ട അച്ഛന്റെ പേര് ഓരോരുത്തരും മൈക്കിലൂടെ വിളിച്ചു പറഞ്ഞതു കേട്ടപ്പോള്‍ മുഖത്ത് സന്തോഷ ഭാവം. വരാപ്പുഴയില്‍ പൊലിസ് കസ്റ്റഡിയില്‍ മരിച്ച തന്റെ അച്ഛന്റെ കേസ് സി.ബി.ഐയ്ക്ക് വിടണമെന്നാവശ്യപ്പെട്ടുള്ള ഉപവാസസമരമാണ് വേദിയില്‍ നടക്കുന്നതൊന്നും തിരിച്ചറിയാന്‍ ശ്രീജിത്തിന്റെ മൂന്നരവയസുകാരിയായ മകള്‍ ആര്യ നന്ദയ്ക്ക് കഴിഞ്ഞില്ല.
കെ.വി തോമസിന്റെ വിദ്യാധനം ട്രസ്റ്റില്‍ നിന്നും പഠനത്തിനായി രണ്ടരലക്ഷം രൂപയുടെ ചെക്ക് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആര്യനന്ദയ്ക്ക് ഇന്നലത്തെ ചടങ്ങില്‍ കൈമാറി. കൈനിറയെ സമ്മാനങ്ങളുമായി ഇനി അച്ഛന്‍ വരില്ലല്ലോ എന്നൊന്നുമറിയാതെ അവള്‍ ആ ചെക്ക് ഏറ്റുവാങ്ങി. ഉപവാസപന്തലില്‍ ഷാളുമിട്ട് കുറച്ചുനേരം രമേശ് ചെന്നിത്തലയുടെ മടിയിലിരുന്നു, പിന്നീട് വി.ഡി സതീശന്റെ കൈയില്‍ അല്‍പനേരം. പിന്നെ ആരൊക്കെയോ ആര്യനന്ദയെ ചേര്‍ത്തു പിടിച്ചു കവിളില്‍ തട്ടി, സങ്കടഭാവത്തില്‍ നോക്കി നിന്നു. ഇതൊക്കെ എന്തിനെന്നറിയാതെ അവള്‍ സമരപന്തലില്‍ നിന്നും ഇറങ്ങി. പിന്നീട് വീട്ടിലെത്തിയപ്പോള്‍ തനിക്ക് ഏതോ ഒരു മാമന്‍ വേദിയില്‍ വച്ച് തന്ന പേപ്പറിനെക്കുറിച്ചുള്ള വിശേഷങ്ങള്‍ കാര്യമെന്തന്നറിയാതെ അമ്മ അഖിലയെ പറഞ്ഞു കേള്‍പ്പിച്ചു.
എന്നും ശ്രീജിത്ത് വരുന്നതിനുമുന്‍പ് അവള്‍ ഓരോന്ന് ഫോണില്‍ വിളിച്ചു പറയും, പിന്നെ വീട്ടില്‍ വന്നുകഴിഞ്ഞാല്‍ രണ്ടുപേരും കവലയില്‍ പോയി ജ്യൂസുകുടിക്കും. ഇപ്പോള്‍ ആ കുറവ് അറിയിക്കാതിരിക്കാന്‍ എല്ലാവരും അവള്‍ക്ക് ജ്യൂസ് വീട്ടിലെത്തിച്ചുകൊടുക്കുകയാണ്. പക്ഷേ എത്രനാള്‍ ഇതൊക്കെ ... വാക്കുകള്‍ മുഴുമിക്കാനാകാതെ അഖില വിതുമ്പി. വാരാപ്പുഴയില്‍ പൊലിസിന്റെ കൊടും ക്രൂരത അച്ഛനില്ലാതാക്കിയ മൂന്നരവയസുകാരി ആര്യനന്ദയ്ക്ക് ഇപ്പോഴും അറിയില്ല കവലയിലേക്ക് തന്നെ കൂട്ടിക്കൊണ്ടുപോയി ജ്യൂസ് വാങ്ങിത്തരാന്‍ ഇനിയൊരിക്കലും അച്ഛന്‍ വരില്ലെന്ന്. അവള്‍ക്ക് ശ്രീജിത്ത് നല്ലൊരു കളിക്കൂട്ടുകാരന്‍ കൂടിയായിരുന്നുവെന്നും മാതാവ് അഖില നിറകണ്ണുകളോടെ പറഞ്ഞു.
അടുത്ത അധ്യയന വര്‍ഷം മുതല്‍ എല്‍.കെ.ജിയില്‍ പോകാന്‍ തുടങ്ങുന്ന ആര്യനന്ദയ്ക്ക് ബാഗും കുടയും യൂനിഫോമുമൊക്കെ വാങ്ങാനിരിക്കെയാണ് ശ്രീജിത്തിന്റെ ദാരുണമരണം. ആസ്റ്റര്‍ മെഡിസിറ്റിയിലെ നഴ്‌സിങ് അസിസ്റ്റന്റായ അഖില ജോലി രാജിവക്കാന്‍ കത്തുനല്‍കിയിരിക്കുകയായിരുന്നു. നൈറ്റ് ഡ്യൂട്ടികാരണം സ്‌കൂളില്‍ പോകുന്ന മകളെ ശ്രദ്ധിക്കാന്‍ കഴിയില്ലല്ലോ എന്ന ആശങ്കയിലായിരുന്നു ഇത്. ഇനി എന്തായാലും രാജി പിന്‍വലിക്കുകയാണെന്ന് അഖില പറയുന്നു. തന്റെ മകളെ മികച്ച രീതിയില്‍ പഠിപ്പിക്കണമെങ്കില്‍ താന്‍ ജോലിക്കുപോയല്ലേ പറ്റൂ എന്നും അഖില ചോദിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."