മണ്ണെടുപ്പും വയല്‍ നികത്തലും: നിയമം ലംഘിക്കരുതെന്ന് സബ് കലക്ടര്‍
പുനലൂര്‍: അറുപത്തിയെട്ടു കോടി രൂപ മുടക്കി താലൂക്ക് ആശുപത്രി കെട്ടിട നിര്‍മാണം നടത്തുന്ന കരാറുകാരന് യന്ത്രസമാഗ്രികള്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കാന്‍ സ്ഥലം നല്‍കിയത് ആശുപത്രി വികസന സമിതിയുടെയും റവന്യൂ അധികൃതരുടെയും അനുമതിയില്ലാതെ.
പതിനഞ്ചു സെന്റ് നിലമാണ് നല്‍കിയത്. തറയൊരുക്കുന്നതിനാണ് ആശുപത്രി കെട്ടിടം പണിയുന്നയിടത്തു നിന്നുള്ള മണ്ണ് നീക്കം ചെയ്തത്.
ഈ സാഹചര്യത്തിലാണ് നിലത്തോടു ചേര്‍ന്നുള്ള ഒരേക്കര്‍ നിലം മണ്ണിട്ടുനികത്തിയത്. ഈ ഇടപാടില്‍ തന്നെ കോടികളുടെ അഴിമതി നടന്നതായി ജനകീയ മുന്നേറ്റ സമിതി ആരോപിക്കുന്നു.
ദിവസങ്ങള്‍ക്കു മുന്‍പാണ് അനധികൃത നിലത്ത് മണ്ണിറക്കിക്കൊണ്ടിരുന്ന ലോറിയും ഡ്രൈവറേയും തഹസീല്‍ദാരുടെ നിര്‍ദ്ദേശ പ്രകാരം വില്ലേജ് ഓഫിസര്‍ കസ്റ്റഡിയിലെടുത്ത് പൊലിസിനെ ഏല്‍പിച്ചത്. എന്നാല്‍ നിമിഷങ്ങള്‍ക്കകം ആര്‍.ഡി.ഒ ഇടപെട്ട് വണ്ടി നിരുപാധികം വിട്ടു കൊടുത്ത് കേസൊതുക്കുകയായിരുന്നു.
ആശുപത്രി വികസന കാര്യസമിതിയെ നോക്കുകുത്തിയാക്കി സാങ്കേതിക പരിജ്ഞാനമില്ലാത്ത കോണ്‍ട്രാക്ടിങ് കമ്പനികളെ നിര്‍മാണച്ചുമതല ഏല്ലിച്ചതാണ് ഇപ്പോള്‍ ആശുപത്രി നിര്‍മാണങ്ങള്‍ക്കു തടസമായത്. ആശുപത്രി നിര്‍മാണത്തിന്റെ പേരില്‍ കൊടിയ അഴിമതിയാണ് നടക്കുന്നതെന്നും സംസ്ഥാന ചീഫ് സെക്രട്ടറി നേരിട്ടന്വേഷിച്ചു സത്വര നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ടും മുന്നേറ്റ സമിതി ചീഫ് സെക്രട്ടറിക്കു പരാതി നല്‍കിയിട്ടുണ്ട്.
ഇതിനെ തുടര്‍ന്ന് പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന്റേയും പരിസ്ഥിതി വകുപ്പിന്റേയും അനുമതി ഇല്ലാതെ മണ്ണുനീക്കലും മണ്ണെടുപ്പും നടത്തരുതെന്ന് നിര്‍ദ്ദേശിച്ച് സബ് കലക്ടര്‍ ആശുപത്രി സൂപ്രണ്ടിന് കത്തു നല്‍കിയതായി തഹസീല്‍ദാര്‍ അറിയിച്ചു.
നിയമങ്ങളെല്ലാം കാറ്റില്‍ പറത്തിയാണ് ആശുപത്രി കെട്ടിട നിര്‍മാണം നടക്കുന്നതെന്നും ഇത്തരം അഴിമതികള്‍ക്കെതിരേ വരുന്ന മുപ്പതിന് പ്രതിഷേധ മാര്‍ച്ച്് സംഘടിപ്പിക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങളുമായി നിരവധി സംസ്‌കാരിക സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."