പുനരധിവാസം ഉറപ്പാക്കും: മന്ത്രി ഇ. ചന്ദ്രശേഖരന്‍
തിരുവനന്തപുരം: റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ തിരുവനന്തപുരം ജില്ലയിലെ കടലാക്രമണ ഭീഷണി നേരിടുന്ന പ്രദേശങ്ങളും ദുരിതാശ്വാസ ക്യാംപുകളും സന്ദര്‍ശിച്ചു. തീരദേശ മേഖലയിലെ ജനങ്ങളെ പുനരധിവസിപ്പിക്കുന്നതിന് ബൃഹത്തായ പദ്ധതി നടപ്പാക്കുന്നതിനായി സര്‍ക്കാര്‍ 2000 കോടി രൂപ ബജറ്റില്‍ നീക്കിവച്ചിട്ടുള്ളതായി അഞ്ചുതെങ്ങ് സെന്റ് ജോസഫ്‌സ് എച്ച്.എസ്.എസിലെ ദുരിതാശ്വാസ ക്യാംപിലെത്തിയ മന്ത്രി പറഞ്ഞു.
തീരദേശവാസികളുടെ പ്രശ്‌നങ്ങളെ സര്‍ക്കാര്‍ അത്യന്തം ഗൗരവത്തോടെയാണ് കാണുന്നതെന്നും വീട് നഷ്ടപ്പെട്ടവരുടെ പുനരധിവാസം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ഇതിനുള്ള പദ്ധതികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുകയാണെന്നും അദ്ദേഹം പറഞ്ഞു. അഞ്ചുതെങ്ങ് അടക്കമുള്ള പ്രദേശങ്ങളിലെ തീരം സംരക്ഷിക്കുന്നതിന് കടല്‍ഭിത്തി, പുലിമുട്ട് എന്നിവ നിര്‍മിക്കുന്നതിനു യുദ്ധകാലാടിസ്ഥാനത്തിലുള്ള നടപടികള്‍ വേണമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി ആവശ്യപ്പെട്ടു. ജില്ലാ കലക്ടര്‍ ഡോ.എസ്. കാര്‍ത്തികേയന്‍, പഞ്ചായത്ത് പ്രസിഡന്റ് ക്രിസ്റ്റി സൈമണ്‍, ഫാ. പ്രദീപ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. നാട്ടുകാര്‍ വിവിധ പ്രശ്‌നങ്ങള്‍ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. വലിയതുറ സെന്റ് ആന്റണീസ് സ്‌കൂള്‍, ബഡ്‌സ് സ്‌കൂള്‍ എന്നിവിടങ്ങളിലെ ദുരിതാശ്വാസ ക്യാംപുകള്‍ മന്ത്രി സന്ദര്‍ശിച്ചു.
ക്യാംപില്‍ കഴിയുന്നവരുമായി സംവദിച്ചു. സൗകര്യങ്ങള്‍ വിലയിരുത്തി. കടലാക്രമണത്തില്‍ സര്‍ട്ടിഫിക്കറ്റുകളും മറ്റും നഷ്ടപ്പെട്ടവര്‍ക്ക് അവ വേഗത്തില്‍ ലഭ്യമാക്കാന്‍ വിവിധ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കുമെന്ന് മന്ത്രി പറഞ്ഞു. ജില്ലയിലെ നഷ്ടം സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ കലക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി സൂചിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."