കൂത്താളി ബാങ്ക് തെരഞ്ഞെടുപ്പ്; യു.ഡി.എഫ് സ്ഥാനാര്‍ഥി തര്‍ക്കം പരിഹരിച്ചു
പേരാമ്പ്ര : കൂത്താളി സര്‍വിസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനുള്ള യു.ഡി.എഫ് സ്ഥാനാര്‍ഥി പാനല്‍ തര്‍ക്കം ജില്ലാ നേതൃത്വം ഇടപെട്ട് പരിഹരിച്ചു. ഡി.സി.സി ജന. സെക്രട്ടറിമാരായ സത്യന്‍ കടിയങ്ങാട്, ഇ. അശോകന്‍, ഇ.വി രാമചന്ദ്രന്‍, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് രാജന്‍ മരുതേരി എന്നിവര്‍ മണ്ഡലത്തിലെ കോണ്‍ഗ്രസ് നേതാക്കളുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് പ്രശ്‌നത്തിന് പരിഹാരമായത്.
ബാങ്ക് ഭരണസമിതിയിലേക്ക് മെയ് ഒന്നിന് നടക്കുന്ന തെരഞ്ഞെടുപ്പിലേക്ക് യു.ഡി.എഫിന്റെ ഭാഗത്തു നിന്ന് സ്ഥാനാര്‍ത്ഥികളുടെ പാനല്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല. കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി തയാറാക്കിയ 11 അംഗ യു.ഡി.എഫ് പാനലിനു പുറമേ കോണ്‍ഗ്രസ് നേതാക്കളായ അഞ്ച് പേര്‍ കൂടി രംഗത്തെത്തിയതാണ് വിഷയം വഷളാക്കിയത്.
പ്രാദേശിക നേതൃത്വം നടത്തിയ ചര്‍ച്ചകള്‍ പരിഹാരം കാണാതായതോടെ പതിനാറ് സ്ഥാനാര്‍ഥികള്‍ യു.ഡി.എഫ് ഭാഗത്തു നിന്നുണ്ടായി. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന സമയം കഴിഞ്ഞിട്ടും സ്ഥാനാര്‍ഥികള്‍ പിന്മാറാതായതോടെ മുഴുവന്‍ പേരും ബാലറ്റ് പേപ്പറില്‍ സ്ഥാനം പിടിക്കുകയും ചെയ്തു. ഇതോടെ യു.ഡി.എഫ് ഭാഗത്തു നിന്നും പതിനാറും എല്‍.ഡി.എഫ് പാനലില്‍ പത്തുപേരും മത്സര രംഗത്തുള്ള അവസ്ഥ ഉടലെടുക്കുകയായിരുന്നു. യു.ഡി.എഫിന് മൃഗീയ ഭൂരിപക്ഷമുള്ള ബാങ്കിന്റെ ഭരണം കൈപ്പിടിയില്‍ ഒതുക്കാനുള്ള സുവര്‍ണാവസരമായി കണ്ട് എല്‍.ഡി.എഫ് പ്രവര്‍ത്തനമാരംഭിച്ചിരുന്നു. ഇതിനിടയിലാണ് ജില്ലാ നേതൃത്വം വിഷയത്തില്‍ ഇടപെട്ട് കോണ്‍ഗ്രസിലെ പ്രശ്‌നത്തിന് പരിഹാരം കണ്ടെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."