വഴിച്ചേരിയില്‍ കുടിവെള്ളം എത്തിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍: കുടിവെള്ളം നിഷേധിക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമെന്ന്
ആലപ്പുഴ: നഗരമധ്യത്തിലുള്ള വഴിച്ചേരി വാര്‍ഡിലെ ഏകദേശം 250 കുടുംബങ്ങളിലെ ആയിരത്തോളമാളുകള്‍ കുടിവെള്ളം കിട്ടാതെ ബുദ്ധിമുട്ട് അനുഭവിക്കുന്ന പശ്ചാത്തലത്തില്‍ പുതിയ പൈപ്പ് സ്ഥാപിച്ച് അടിയന്തിരമായി കുടിവെള്ളമെത്തിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍.
ജലഅതോറിറ്റി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അടിയന്തിര നടപടികള്‍ സ്വീകരിച്ച ശേഷം മെയ് 30ന് മുമ്പ് റിപ്പോര്‍ട്ട് നല്‍കണമെന്നും കമ്മിഷന്‍ ആക്റ്റിങ് അധ്യക്ഷന്‍ പി. മോഹനദാസ് ആവശ്യപ്പെട്ടു.
അരനൂറ്റാണ്ടിലേറെ പഴക്കമുള്ള മണ്‍പൈപ്പിലൂടെയാണ് വഴിച്ചേരിയിലേക്ക് വെള്ളം വിതരണം ചെയ്യുന്നത്.
പൈപ്പുകള്‍ പൊട്ടി കക്കൂസ് മാലിന്യങ്ങള്‍ വരെ കുടിവെള്ളത്തില്‍ കലരുന്നതായി അഡ്വ. പി.ജെ മാത്യൂ സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു. 1940, 1980, 1996 വര്‍ഷങ്ങളില്‍ സ്ഥാപിച്ച കുടിവെള്ള വിതരണ ശൃംഖലയ്ക്ക് കാലപഴക്കത്താല്‍ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
പുതിയ വിതരണ ശൃംഖല സ്ഥാപിക്കാന്‍ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.
വഴിച്ചേരിയില്‍ പി.വി.സി പൈപ്പ് മാറ്റി സ്ഥാപിക്കാന്‍ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ടെന്നും 2017 ലെ കാലവര്‍ഷത്തിനുശേഷം പദ്ധതി പൂര്‍ത്തിയാക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്. കുടിവെള്ളം നിഷേധിക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണ്.
പരാതി പരിഗണിച്ചപ്പോള്‍ ജലഅതോറിറ്റി ഉദ്യോഗസ്ഥര്‍ ഹാജരാകാതിരുന്നതിനെയും കമ്മിഷന്‍ വിമര്‍ശിച്ചു. 2017 ലെ വരള്‍ച്ചാ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി പണികള്‍ അടിയന്തിരമായി ചെയ്തു തീര്‍ക്കണമെന്ന് കമ്മിഷന്‍ ഉത്തരവില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."